
കാലിഫോര്‍ണിയ: ഉപയോക്താക്കളുടെ വിവരങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ നിന്ന് ചോര്‍ന്നതായുള്ള വാര്‍ത്തകള്‍ തള്ളി ഇന്‍സ്റ്റഗ്രാം. 1.75 കോടി ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ എത്തിയെന്നായിരുന്നു സൂചനകള്‍. ഹാക്കര്‍മാര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ യൂസര്‍നെയിം, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം, മറ്റ് വ്യക്തി വിവരങ്ങള്‍ എന്നിവ ചോര്‍ത്തിയതായി സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്‌സാണ് ആദ്യം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ ഡാറ്റാ ലീക്ക് ആരോപണങ്ങള്‍ പൂര്‍ണമായും തള്ളിയിരിക്കുകയാണ് മാതൃ കമ്പനിയായ മെറ്റ.
സൈബര്‍ സുരക്ഷാ കമ്പനിയായ മാല്‍വെയര്‍ബൈറ്റ്‌സിന്‍റെ ഒരു റിപ്പോര്‍ട്ടോടെയാണ് ഇന്‍സ്റ്റഗ്രാമിലെ സുരക്ഷയെ കുറിച്ച് ലോകവ്യാപകമായി ആശങ്കകകള്‍ പടര്‍ന്നത്. 17.5 ദശലക്ഷം ഇന്‍സ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായും ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്‌ക്കെത്തിയതായും മാല്‍വെയര്‍ബൈറ്റ്‌സിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹാക്കര്‍മാര്‍ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലേക്ക് ഈ വിവരങ്ങള്‍ ഉപയോഗിച്ച് കടന്നുകയറുമോ, ചോര്‍ത്തിയെടുത്ത വിവരങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്നീ ആശങ്കകള്‍ ഇതിന് പിന്നാലെയുണ്ടായി. ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ ഫിഷിംഗ് ആക്രമണങ്ങള്‍ക്കും, സോഷ്യല്‍ എഞ്ചിനീയറിംഗിനും ഉപയോഗിക്കുമോ എന്നായിരുന്നു പ്രധാന സംശയം. മെറ്റ സ്ഥിരീകരിച്ചതല്ലെങ്കിലും 2024ലുണ്ടായ ഇന്‍സ്റ്റഗ്രാം എപിഐ എക്‌സ്‌പോഷറിന്‍റെ ഭാഗമായുണ്ടായ ഡാറ്റാ ലീക്കാണ് ഇതെന്ന സംശയവും ഉയര്‍ന്നു.
ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളുടെ സുരക്ഷയെ കുറിച്ച് വലിയ ചോദ്യമുയര്‍ത്തുന്ന മറ്റൊരു സംഭവവും തുടര്‍ന്നുണ്ടായി. ഇന്‍സ്റ്റഗ്രാമില്‍ നിന്ന് പാസ്‌വേഡ് റീസെറ്റിംഗ് ഇമെയിലുകള്‍ നിരവധി യൂസര്‍മാര്‍ക്ക് പലതവണ ലഭിച്ച സംഭവമായിരുന്നു ഇത്. പാസ്‌വേഡ് റീസെറ്റ് ചെയ്യാന്‍ ഇന്‍സ്റ്റ അക്കൗണ്ട് ഉടമകള്‍ ആവശ്യപ്പെടാതെ തന്നെയായിരുന്നു ഈ ഇമെയിലുകളെല്ലാം വന്നത്. അതോടെ ഇന്‍സ്റ്റഗ്രാമില്‍ വലിയ തോതില്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റം നടക്കുന്നതായി ആശങ്ക സൃഷ്‌ടിച്ചു.
എന്നാല്‍ ഇന്‍സ്റ്റഗ്രാമിലെ വിവര ചോര്‍ച്ച നിഷേധിച്ച മെറ്റ വിശദീകരണത്തില്‍ പറയുന്നത് ഇങ്ങനെ…'ഇന്‍സ്റ്റഗ്രാമിന് പുറത്തുള്ളവര്‍ക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലെ പാസ്‌വേഡുകള്‍ റീസെറ്റ് ചെയ്യാന്‍ ഇമെയിലുകള്‍ അയക്കാന്‍ അനുവദിക്കുന്ന പിഴവ് കണ്ടെത്തി പരിഹരിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലേക്കോ ആന്തരിക സിസ്റ്റങ്ങളിലേക്കോ അനധികൃത ആക്‌സസ് ഇതിൽ ഉൾപ്പെടുന്നില്ല. ഞങ്ങളുടെ സംവിധാനത്തില്‍ ഡാറ്റാ ചോര്‍ച്ചയുണ്ടായിട്ടില്ല, നിങ്ങളുടെയെല്ലാം ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ സുരക്ഷിതമാണ്. പാസ്‌വേഡ് റീസെറ്റിംഗ് ഇമെയിലുകള്‍ നിങ്ങള്‍ തള്ളിക്കളയുക. ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പങ്ങളുണ്ടായതില്‍ ക്ഷമ ചോദിക്കുന്നു'- എന്നുമാണ് ഇന്‍സ്റ്റഗ്രാം അധികൃതരുടെ എക്‌സ് പോസ്റ്റ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam