ബിസിനസ് അക്കൗണ്ടുകള്‍ക്ക് മാത്രമല്ല, സാധാരണ പ്രൊഫൈലുകള്‍ക്കും ഇനി വാട്‌സ്ആപ്പില്‍ കവര്‍ ചിത്രം ചേര്‍ക്കാം

Published : Jan 12, 2026, 01:31 PM IST
WhatsApp logo

Synopsis

വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനില്‍ വ്യക്തിഗത അക്കൗണ്ടുകളിലും കവര്‍ ഫോട്ടോ ചേര്‍ക്കാനുള്ള ഫീച്ചര്‍ വരുന്നു. പേര്‍സണല്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകള്‍ക്ക് നാളിതുവരെ ലഭ്യമാകാതിരുന്ന സവിശേഷതയാണിത്. 

കാലിഫോര്‍ണിയ: അടിമുടി അപ്‌ഡേറ്റായിക്കൊണ്ടിരിക്കുന്ന വാട്‌സ്ആപ്പില്‍ മറ്റൊരു ഫീച്ചര്‍ കൂടി ഉടനെത്തും. ഫേസ്ബുക്കിന് സമാനമായി കവര്‍ ചിത്രം ചേര്‍ക്കാനുള്ള സൗകര്യം വാട്‌സ്ആപ്പിന്‍റെ ഐഒഎസ് വേര്‍ഷനിലേക്ക് വരുന്നതായാണ് റിപ്പോര്‍ട്ട്. അതായത്, ഐഫോണ്‍ ഉപയോക്താക്കളുടെ വാട്‌സ്ആപ്പിലാണ് കവര്‍ ഫോട്ടോ ഫീച്ചര്‍ ആദ്യം പ്രത്യക്ഷപ്പെടുക. ആന്‍ഡ്രോയ്‌ഡ് പതിപ്പുകളില്‍ ഇതിന് ശേഷമായിരിക്കും ഫീച്ചര്‍ വരിക. വാട്‌സ്ആപ്പിന്‍റെ പുത്തന്‍ ഐഒഎസ് 26.1.10.71 ബീറ്റ വേര്‍ഷനിലാണ് കവര്‍ ഫോട്ടോ സവിശേഷത കണ്ടെത്തിയതെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്‌തു. വാട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ കൃത്യമായി അറിയിക്കുന്ന പ്ലാറ്റ്‌ഫോമാണ് വാബീറ്റ ഇന്‍ഫോ.

പുത്തന്‍ വാട്‌സ്ആപ്പ് ഫീച്ചര്‍

വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ പ്രൊഫൈല്‍ കസ്റ്റമൈസേഷന്‍ വിശാലമാക്കുകയാണ് മെറ്റ. ഡിപിക്ക് പുറമെ കവര്‍ ഫോട്ടോ കൂടി വരുന്നതോടെ വാട്‌സ്ആപ്പ് അക്കൗണ്ടുകളുടെ പ്രൊഫൈല്‍ മനോഹരമാകും. നിലവില്‍ ഫേസ്ബുക്കിലും എക്‌സിലുമെല്ലാം ഇത്തരം കവര്‍ ചിത്ര ഓപ്ഷനുകളുണ്ട്. ഇപ്പോള്‍ വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ക്ക് മാത്രമാണ് മുന്‍ഗണനയുള്ളത്. കവര്‍ ചിത്രങ്ങള്‍ കൂടി വരുന്നതോടെ പ്രൊഫൈലുകള്‍ കൂടുതല്‍ ആകര്‍ഷകമാകും.

പ്രൊഫൈല്‍ ഇന്‍റര്‍ഫേസില്‍ കവര്‍ ചിത്രത്തിനായി പ്രത്യേക സെക്ഷന്‍ വാട്‌സ്ആപ്പ് സൃഷ്‌ടിക്കും. പ്രൊഫൈലിന്‍റെ ഏറ്റവും മുകളില്‍, അതായത് ഡിപി, പേര്, ബയോ എന്നിവയ്‌ക്ക് മുകളിലായാണ് ഈ കവര്‍ ചിത്രം പ്രത്യക്ഷപ്പെടുക എന്നാണ് സൂചന. ഇത്രയും വിവരങ്ങള്‍ ചേരുന്ന പ്രൊഫൈല്‍ ഇന്‍റര്‍ഫേസിന്‍റെ ഡിസൈന്‍ വാട്‌സ്ആപ്പ് ലളിതമായാണ് അവതരിപ്പിക്കുക എന്ന് ബീറ്റ പതിപ്പ് സൂചിപ്പിക്കുന്നു. പ്രൊഫൈല്‍ സ്‌ക്രീനിനെ ബാധിക്കാത്ത തരത്തിലായിരിക്കും ഇത്. നിലവില്‍ പ്രൊഫൈല്‍ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യുകയോ മാറ്റുകയോ ചെയ്യുന്നതുപോലെ തന്നെ, വാട്‌സ്ആപ്പിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് തന്നെയാവും പ്രൊഫൈല്‍ ഇന്‍റര്‍ഫേസ് ആക്‌സസ് ചെയ്യേണ്ടത്. ഇതിന് ശേഷം ക്യാമറയില്‍ നിന്ന് നേരിട്ടോ ഫോട്ടോ ലൈബ്രറിയില്‍ നിന്നോ ചിത്രം തെരഞ്ഞെടുക്കുക. ഈ ഫോട്ടോ പൊസിഷന്‍ ക്രമീകരിച്ച് സെറ്റ് ചെയ്യാനുമാകും.

മുമ്പ് ബിസിനസ് അക്കൗണ്ടുകളില്‍ മാത്രം

വാട്‌സ്ആപ്പ് കവര്‍ ഫോട്ടോ എന്നത് അത്ര പുതുമയൊന്നും അല്ല വാട്‌സ്ആപ്പില്‍. വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളില്‍ നിലവിലുള്ള ഫീച്ചര്‍ ആണിത്. ബ്രാന്‍ഡിംഗും ലോഗോയും മറ്റ് സുപ്രധാന വിവരങ്ങളും ഹൈലൈറ്റ് ചെയ്യാനാണ് വാട്‌സ്ആപ്പ് ബിസിനസില്‍ കവര്‍ ഇമേജ് ഫീച്ചര്‍ ആളുകള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ വ്യക്തിഗത വാട്‌സ്ആപ്പ് അക്കൗണ്ടുകളില്‍ കവര്‍ ചിത്രം ഉള്‍പ്പെടുത്തുന്ന ഫീച്ചര്‍ പുതുമയാണ്. ഫേസ്ബുക്കില്‍ പ്രൊഫൈലിന് ഏറ്റവും മുകളിലായി കവര്‍ ഫോട്ടോ വരുന്ന അതേ മാതൃകയില്‍ തന്നെയാണ് വാട്‌സ്ആപ്പിലെ കവര്‍ ഫോട്ടോയും വരിക. വാട്‌സ്ആപ്പ് കവര്‍ ഫോട്ടോ അക്കൗണ്ട് ഉടമകള്‍ക്കും, അവരുടെ പ്രൊഫൈല്‍ സന്ദര്‍ശിക്കുന്ന മറ്റാളുകള്‍ക്കും കാണാന്‍ കഴിയും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സോഴ്‌സ് കോഡ് ആവശ്യപ്പെട്ട് കേന്ദ്രം; എതിര്‍ക്കുന്ന സ്‍മാർട്ട്‌ഫോൺ കമ്പനികളുടെ വാദങ്ങള്‍ ഇങ്ങനെ
തുടര്‍ തിരിച്ചടി ചരിത്രത്തിലാദ്യം; പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വീണ്ടും നിരാശ