എഐ ഡിസൈന്‍ ചെയ്‌ത മരുന്നുകളുടെ പരീക്ഷണം മനുഷ്യനില്‍ ഉടന്‍; വിപ്ലവം സൃഷ്‌ടിക്കാന്‍ ഗൂഗിളിന്‍റെ ഐസോമോർഫിക് ലാബ്‌സ്

Published : Jul 18, 2025, 05:15 PM ISTUpdated : Jul 18, 2025, 05:20 PM IST
medicine box

Synopsis

കാന്‍സര്‍ ചികിത്സാരംഗത്ത് പുത്തന്‍ അധ്യായത്തിന് തുടക്കമിടാന്‍ ഗൂഗിള്‍ ഡീപ്‌മൈന്‍ഡ്, എഐ വികസിപ്പിക്കുന്ന മരുന്നുകളുടെ ക്ലിനിക്കല്‍ ട്രയല്‍ ഉടന്‍

ലണ്ടന്‍: ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ എഐ അധിഷ്‌ഠിത മരുന്ന് ഗവേഷണ വിഭാഗമായ Isomorphic Labs വികസിപ്പിക്കുന്ന മരുന്നുകളുടെ ഹ്യൂമണ്‍ ട്രയല്‍ ഉടനുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. മരുന്നുകള്‍ വേഗത്തിലും കൂടുതല്‍ കൃത്യതയിലും തയ്യാറാക്കാന്‍ ഏറ്റവും അത്യാധുനികമായ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുകയാണ് ഗൂഗിള്‍ ഡീപ്‌മൈന്‍ഡിന്‍റെ ലക്ഷ്യം. ഈ മരുന്നുകള്‍ മനുഷ്യനില്‍ പരീക്ഷിക്കാനൊരുങ്ങുന്നതായി ഐസോമോർഫിക് ലാബ്‌സിന്‍റെ പ്രസിഡന്‍റും ഗൂഗിള്‍ ഡീപ്‌മൈന്‍ഡ് ചീഫ് ബിസിനസ് ഓഫീസറുമായ കോളിന്‍ മര്‍ഡോക് ഫോര്‍ച്യൂണിനോട് സ്ഥിരീകരിച്ചു.

'ലണ്ടനിലെ കിംഗ്സ് ക്രോസിലുള്ള ഓഫീസില്‍ എഐ ഉപയോഗിച്ച് കാന്‍സറിനുള്ള മരുന്നുകള്‍ തയ്യാറാക്കാന്‍ ഞങ്ങളുടെ ആളുകള്‍ പരിശ്രമത്തിലാണ്. ക്ലിനിക്കല്‍ ട്രയലാണ് അടുത്ത നിര്‍ണായക ഘട്ടം. മനുഷ്യനില്‍ ഈ മരുന്നുകള്‍ എങ്ങനെയാണ് ഫലപ്രദമാവുക എന്ന് പരിശോധിക്കണം. ആ പരീക്ഷണം വളരെ അടുത്തിരിക്കുകയാണ്. എഐ അധിഷ്ഠിത മരുന്ന് ഗവേഷണത്തില്‍ ഏറെ ദൂരം മുന്നോട്ടുപോകാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടുണ്ട്. എന്തെങ്കിലുമൊരു രോഗം കണ്ടെത്തിയാല്‍ ഒരു ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അതിനുള്ള മരുന്ന് ഡിസൈന്‍ ചെയ്യപ്പെടുന്ന കാലം വരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ'- കോളിന്‍ മര്‍ഡോക് പറഞ്ഞു.

പ്രോട്ടീൻ ഘടനകൾ വളരെ കൃത്യതയോടെ പ്രവചിക്കുന്ന ഗൂഗിള്‍ ഡീപ്‌മൈൻഡിന്‍റെ വിപ്ലവകരമായ ആൽഫാഫോൾഡ് എഐ സംവിധാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഐസോമോർഫിക് ലാബ്‌സ് പിറന്നത്. ആൽഫാഫോൾഡിന്‍റെ സ്രഷ്ടാക്കളായ ഡീപ്‌മൈന്‍ഡില്‍ നിന്നുള്ള ഡെമിസ് ഹസാബിസും ജോൺ ജമ്പറും ഈ കണ്ടെത്തലിന് 2024-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം വാഷിംഗ്‌ടണ്‍ സർവകലാശാലയിലെ ഡേവിഡ് ബേക്കര്‍ക്കൊപ്പം പങ്കിട്ടിരുന്നു. 'ആൽഫാഫോൾഡ് എഐ സംവിധാനം ഐസോമോർഫിക് ലാബ്‌സിന് പ്രചോദനകരമായതായും മരുന്ന് ഗവേഷണ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന് കാര്യമായ സംഭാവനകള്‍ ചെയ്യാനാകുമെന്ന് ഇത് സൂചിപ്പിക്കുന്നതായും' കോളിന്‍ മര്‍ഡോക് കൂട്ടിച്ചേര്‍ത്തു.

ഐസോമോർഫിക് ലാബ്‌സ്

2021ലാണ് ഐസോമോർഫിക് ലാബ്‌സിന് തുടക്കമായത്. ലോകത്തെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുമായി സഹകരിച്ച് ഐസോമോർഫിക് ലാബ്‌സ് പ്രവര്‍ത്തിക്കുന്നു. എഐ ഉപയോഗിച്ചുള്ള മരുന്ന് ഗവേഷണത്തിനും നിര്‍മ്മാണത്തിനുമായി ഈ ലാബിന് 600 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ ഫണ്ടിംഗ് 2025ല്‍ ലഭിച്ചു. കാന്‍സര്‍ ചികിത്സാ രംഗത്തും പ്രതിരോധ മരുന്നുകള്‍ വികസിപ്പിക്കുന്നതിലുമാണ് ഐസോമോർഫിക് ലാബ്‌സ് കൂടുതല്‍ ശ്രദ്ധപതിപ്പിക്കുന്നത്. നിലവില്‍ മരുന്നുകമ്പനികള്‍ ദശലക്ഷക്കണക്കിന് രൂപ ചിലവിട്ട് വര്‍ഷങ്ങളെടുത്താണ് മരുന്നുകള്‍ വികസിപ്പിക്കുന്നതെങ്കില്‍ എഐ സഹായത്താല്‍ അതിവേഗവും കൂടുതല്‍ കൃത്യതയുള്ളതുമായ മരുന്നുകള്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് ഐസോമോർഫിക് ലാബ്‌സിന്‍റെ പ്രതീക്ഷ. ചിലവും കാലതാമസം കുറയ്ക്കലും മാത്രമല്ല, മരുന്നുകളുടെ വികസനത്തിന് ആവശ്യമായ മാനവവിഭവശേഷി കുറയ്ക്കാനും കമ്പനി ലക്ഷ്യമിടുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

രാജ്യത്തെ ആദ്യ തദ്ദേശീയ 64-ബിറ്റ് ഡ്യുവൽ കോർ മൈക്രോപ്രൊസസർ വികസിപ്പിച്ച് ഇന്ത്യ
എന്നാലൊരു പവര്‍ബാങ്കായി പ്രഖ്യാപിച്ചൂടേ; 10000 എംഎഎച്ച് ബാറ്ററിയുമായി റെഡ്‍മി കെ90 അൾട്ര വരുന്നു