കൊറിയർ കമ്പനിയുടെ പേരില്‍ വരുന്ന ആ മെസേജ് കരുതിയിരിക്കുക; കോൾ ഫോർവേഡിങ് തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

Published : Jan 15, 2026, 11:54 AM IST
call forwarding scam

Synopsis

കൊറിയർ കമ്പനികളുടെ പേരിൽ മാത്രമല്ല, ബാങ്ക് പ്രതിനിധി എന്ന വ്യാജേന, നിങ്ങളുടെ സിം കാര്‍ഡിലെ പ്രശ്‌നം പരിഹരിക്കാനുള്ള ആളെന്ന വ്യാജേന, എന്തെങ്കിലും ഓഫര്‍ ആക്‌ടീവാക്കാന്‍ എന്ന വ്യാജേന ഒക്കെ കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ് സംഘങ്ങള്‍ നിങ്ങളെ തേടിയെത്താം

തിരുവനന്തപുരം: കൊറിയർ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ എസ്എംഎസുകളിലൂടെ നടക്കുന്ന കോൾ ഫോർവേഡിങ് തട്ടിപ്പിനെ (Call Forwarding Scam) കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കൊറിയര്‍ വിവരങ്ങള്‍ക്കായി എന്തെങ്കിലും കോഡ് അമര്‍ത്താന്‍ ഈ എസ്എംഎസില്‍ ആവശ്യപ്പെടുന്നുണ്ടാകും. എന്നാല്‍ കോഡുകള്‍ ഡയല്‍ ചെയ്യുന്നതോടെ നിങ്ങളുടെ കോളുകളും മെസേജുകളും ഒടിപി സഹിതം സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ പക്കലേക്ക് എത്തുന്ന വിധത്തിലാണ് കോള്‍ ഫോള്‍വേഡിംഗ് തട്ടിപ്പ് നടക്കുന്നതെന്ന് കേരള പൊലീസ് മീഡിയ സെന്‍റര്‍ വിശദീകരിക്കുന്നു. വാട്‌സ്ആപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്കെല്ലാം സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ നുഴഞ്ഞുകയറുന്ന കോള്‍ ഫോര്‍വേഡിംഗ് തട്ടിപ്പിനെ ഏറെ അപകടംപിടിച്ച സൈബര്‍ കുറ്റകൃത്യങ്ങളിലൊന്നായാണ് പൊതുവില്‍ കണക്കാക്കുന്നത്. കോൾ ഫോർവേഡിങ് തട്ടിപ്പ് കെണിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിശദമായി നോക്കാം.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ

കോൾ ഫോർവേഡിങ് തട്ടിപ്പ്: ജാഗ്രത!

ബ്ലൂ ഡാർട്ട് പോലുള്ള കൊറിയർ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ SMS-കളിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്.

കൊറിയർ വിവരങ്ങൾക്കായി *21* <മൊബൈൽ നമ്പർ> # എന്ന കോഡ് ഡയൽ ചെയ്യാൻ ഇവർ നിങ്ങളോട് ആവശ്യപ്പെടും.

ഓർക്കുക ഈ കോഡ് ഡയൽ ചെയ്‌താൽ നിങ്ങളുടെ കോളുകളും മെസേജുകളും (OTP ഉൾപ്പെടെ) തട്ടിപ്പുകാരുടെ നമ്പറിലേക്ക് ഫോർവേഡ് ചെയ്യപ്പെടും. ഇത് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്യാനും ബാങ്ക് വിവരങ്ങൾ ചോർത്താനും ഇടയാക്കും.

അനാവശ്യ ലിങ്കുകളിലോ കോഡുകളിലോ ക്ലിക്ക് ചെയ്യരുത്.

ഫോർവേഡിങ് ഒഴിവാക്കാൻ ഉടൻ ##002# ഡയൽ ചെയ്യുക.

തട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന നമ്പറിലോ cybercrime.gov.in വഴിയോ പരാതിപ്പെടുക.

കോൾ ഫോർവേഡിങ് തട്ടിപ്പ്: ഇക്കാര്യങ്ങളും ശ്രദ്ധിക്കുക

കൊറിയർ കമ്പനികളുടെ പേരിൽ മാത്രമല്ല, ബാങ്കില്‍ നിന്നുള്ള ആളാണെന്ന വ്യാജേന, നിങ്ങളുടെ സിം കാര്‍ഡിലെ പ്രശ്‌നം പരിഹരിക്കാനുള്ള ആളെന്ന വ്യാജേന, എന്തെങ്കിലും ഓഫര്‍ ആക്‌ടീവാക്കാന്‍ എന്ന വ്യാജേന ഒക്കെ കോള്‍ ഫോര്‍വേഡിങ് തട്ടിപ്പ് സംഘങ്ങളുടെ വിളിയോ എസ്എംഎസോ നിങ്ങളെ തേടിയെത്താം. ഇവര്‍ നിങ്ങളോട് എന്തെങ്കിലും കോഡ് ഫോണില്‍ ഡയല്‍ ചെയ്യാന്‍/അമര്‍ത്താന്‍ ആവശ്യപ്പെടുന്നതിലാണ് ഈ തട്ടിപ്പിന്‍റെ തുടക്കം. എന്നാല്‍ ഇത്തരത്തില്‍ ആളുകള്‍ ഡയല്‍ ചെയ്യുന്നതോടെ ഫോണ്‍ കോളുകള്‍ തട്ടിപ്പ് സംഘത്തിന്‍റെ മൊബൈല്‍ ഫോണിലേക്ക് ഫോര്‍വേഡ് ചെയ്യപ്പെടും. പിന്നാലെ, തട്ടിപ്പ് സംഘം കോളുകളിലേക്ക് കടന്നുകയറുകയും ഒടിപികള്‍ സ്വന്തമാക്കുകയും ബാങ്ക് അക്കൗണ്ട് ആക്‌സസ് നേടുക പോലും ചെയ്യാം. അതിനാല്‍, അപരിചിതരായ ആളുകള്‍ എസ്എംഎസിലൂടെയോ കോള്‍ വിളിച്ചോ കോഡുകള്‍ ഡയല്‍ ചെയ്യാന്‍ നിങ്ങളോട് ആവശ്യപ്പെട്ടാല്‍ ഒരിക്കലും നിങ്ങള്‍ അതിന് മുതിരരുത്.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മൊബൈല്‍ സ്‌ക്രീനില്‍ നോക്കുമ്പോള്‍ കണ്ണുകള്‍ മങ്ങുന്നോ? പേടിക്കണം ഡിജിറ്റൽ ഐ സ്ട്രെയിനിനെ
വെറുതെ വലിച്ചെറിയേണ്ട; ബ്ലൂടൂത്ത് ഹെഡ്‌ഫോൺ തകരാർ ഈ മാര്‍ഗങ്ങളിലൂടെ എളുപ്പം പരിഹരിക്കാം