പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ, എക്‌സ് ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങൾ കർശനമാക്കി. സംഘർഷങ്ങളുമായി ബന്ധപ്പെട്ട എഐ നിർമ്മിത വീഡിയോകളിൽ മുന്നറിയിപ്പ് നൽകാത്ത ഉപയോക്താക്കൾക്ക് 90 ദിവസത്തെ വരുമാന വിലക്ക് നേരിടേണ്ടിവരും.
പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷമാകുന്നതിനിടെ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സ് ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങളിൽ കർശന മാറ്റങ്ങൾ പ്രഖ്യാപിച്ചു. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച് സൃഷ്‍ടിച്ച വീഡിയോകളില്‍ വ്യക്തമായ മുന്നറിയിപ്പ് നല്‍കാതിരിക്കുന്ന ഉപയോക്താക്കള്‍ 90 ദിവസത്തെ വരുമാന വിലക്ക് നേരിടേണ്ടിവരുമെന്ന് എക്സിന്‍റെ ഉൽപ്പന്ന വിഭാഗം മേധാവി നിക്കിറ്റ ബിയർ അറിയിച്ചു. എക്‌സ് ഉപയോക്താക്കളുടെ ടൈംലൈൻ ഉള്ളടക്കത്തിന്‍റെ വിശ്വാസ്യത ഉറപ്പാക്കാനാണ് ഈ നടപടിയെന്നും അദേഹം വ്യക്തമാക്കി.
“ടൈംലൈൻ ഉള്ളടക്കത്തിന്‍റെ ആധികാരികത നിലനിർത്താനും എഐ പ്രോഗ്രാമിന്‍റെ ദുരുപയോഗം തടയാനുമായി ഞങ്ങൾ ക്രിയേറ്റർ റവന്യൂ ഷെയറിംഗ് നയങ്ങൾ പരിഷ്‌കരിക്കുന്നു,” എന്നാണ് നിക്കിറ്റ ബിയർ ഒരു പോസ്റ്റിൽ കുറിച്ചത്.
എഐ ഉള്ളടക്കങ്ങളില്‍ AI എന്ന് രേഖപ്പെടുത്തണം
അമേരിക്കയും ഇസ്രയേലും ഇറാനെതിരേ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മധ്യപൂർവേഷ്യയിൽ യുദ്ധ പ്രതിസന്ധി ശക്തമായ സാഹചര്യത്തിലാണ് എക്സ് അധികൃതരുടെ ഈ തീരുമാനം. സംഘർഷവുമായി ബന്ധപ്പെട്ട വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ എഐ സൃഷ്ടിച്ച ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. യുദ്ധകാലത്ത് വസ്‌തുതാപരമായ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടെന്നും എഐ ഉപയോഗിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ എളുപ്പത്തില്‍ സൃഷ്‌ടിക്കാന്‍ സാധിക്കുമെന്നും നിക്കിറ്റ ബിയർ വ്യക്തമാക്കി.
എഐ ഉള്ളടക്കം എക്‌സ് എങ്ങനെ നിയന്ത്രിക്കുന്നു?
പോസ്റ്റുകളോട് അനുബന്ധിച്ചുള്ള ‘കമ്മ്യൂണിറ്റി നോട്ട്‌സ്’, മെറ്റാഡേറ്റ തുടങ്ങിയവ ഉൾപ്പെടെയുള്ള സാങ്കേതിക സൂചനകളുടെ അടിസ്ഥാനത്തിലാണ് എഐ ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയെന്ന് നിക്കിറ്റ ബിയർ പറയുന്നു. എക്‌സ് പ്ലാറ്റ്ഫോം വിശ്വസനീയമാക്കാൻ നയങ്ങളും സവിശേഷതകളും തുടർച്ചയായി പുതുക്കുമെന്ന് നിക്കിറ്റ ബിയർ കൂട്ടിച്ചേർത്തു. എഐ വീഡിയോ തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ എന്തുചെയ്യും എന്ന ചോദ്യത്തിന്, പോസ്റ്റ് മെനുവിലെ ‘ആഡ് കണ്ടന്‍റ് ഡിസ്‍ക്ലോസേഴ്‌സ്’ തിരഞ്ഞെടുത്ത് മെയിഡ് വിത്ത് എഐ ലേബൽ ചേർക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ നീക്കം എഐ അടിസ്ഥാനമാക്കിയ തെറ്റായ വിവരങ്ങൾക്കെതിരായ എക്‌സിന്‍റെ വ്യാപകമായ നടപടികളുടെ ഭാഗമാണ്. അടുത്തിടെ നിരവധി ഡീപ്‌ഫേക്ക് വീഡിയോകൾ പ്രചരിച്ചതോടെ, വ്യാജ ദൃശ്യങ്ങൾ യാഥാർഥ്യമെന്നുപോലെ തോന്നിക്കുന്ന സാഹചര്യം രൂപപ്പെട്ടിരുന്നു. നിരവധി പോസ്റ്റുകൾ മാറ്റം വരുത്തിയവയോ പൂർണമായും കെട്ടിച്ചമച്ചതോ ആണെന്ന് ഫാക്ട് ചെക്കർമാർ തെളിയിച്ചിട്ടുണ്ട്.



