
നോയിഡ: വണ്ണം കുറയ്ക്കാനായി ജിമ്മിൽ പോകുന്നവർക്കും ഡയറ്റ് എടുക്കുന്നവർക്കും മുന്നിൽ വില്ലനായി എത്താറുള്ളത് ഫാസ്റ്റ് ഫുഡ് അടക്കമുള്ള ഭക്ഷണങ്ങള്‍ തന്നെയാണ്. നല്ല ചിക്കൻ ഫ്രൈയും, ബീഫ് വരട്ടിയതും, പൊറോട്ടയും, എണ്ണക്കടികളുമൊക്കെ കണ്ടാൽ ആർക്കും ഒന്ന് മനസ്സ് പതറും. എന്നാൽ ആ കഴിക്കുന്ന ഭക്ഷണത്തിന്‍റെയെല്ലാം കാലറി അറിഞ്ഞാൽ ലേശം ഒന്ന് മനസ്സ് പിന്നോട്ട് വലിയും. ഇത്രയേറെ കലോറി കഴിച്ചിട്ട്, ഇനി ഇത് നമ്മൾ തന്നെ കഷ്‌ടപ്പെട്ട് കുറക്കേണ്ടിവരുമല്ലോ എന്നോർക്കുമ്പോൾ ക്രെവിങ്‌സ് ഒരു പരിധി വരെ നമുക്ക് നിയന്ത്രിക്കാനാവും.
നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിലും എത്ര കാലറിയും പ്രോട്ടീനും അടങ്ങിയിട്ടുണ്ടെന്ന് കണക്കുകൂട്ടുക എന്നത് വലിയൊരു തലവേദനയാണ്. ഭൂരിഭാഗം പേരും മൊബൈൽഫോണിൽ ഫുഡ് ട്രാക്കിങ് ആപ്പുകൾ ഉപയോഗിച്ചാണ് കഴിക്കുന്ന ഭക്ഷണത്തിന്‍റെ കാലറി അളക്കാറുള്ളത്. എന്നാൽ ഇനി മൊബൈൽ ഫോണോ, ഫുഡ് ട്രാക്കിങ് ആപ്പുകളോ ഒന്നും വേണ്ട, ഒരു കണ്ണട മതി. കണ്ണട നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്‍റെ കലോറി ഒറ്റ സെക്കൻഡിൽ പറഞ്ഞുതരും. ഇങ്ങനെയാണെന്ന് വിശദമായി അറിയാം.
കഴിക്കുന്ന ഭക്ഷണത്തിന്‍റെ കാലറി അളക്കാൻ കഴിയുന്ന കണ്ണട വന്നുകഴിഞ്ഞു. ഫോണിൽ ഫോട്ടോ എടുക്കുകയോ ആപ്പുകളിൽ തിരയുകയോ ചെയ്യാതെ, കണ്ണടയിലെ ക്യാമറയിലൂടെ നോക്കുമ്പോള്‍ തന്നെ ഭക്ഷണത്തെ വിശകലനം ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഇതിലെ പുതുമ. ലെൻസ്‌കാർട്ട് സിഇഒ പീയൂഷ് ബൻസാലിന്‍റെ ഐഡിയ ആണിത്. ഇൻസ്റ്റഗ്രാമിൽ ഇപ്പോൾ പീയൂഷ് പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോ ഭക്ഷണപ്രേമികൾക്കിടയിലും ടെക് ലോകത്തും ഒരുപോലെ ചർച്ചയായിരിക്കുകയാണ്.
ലെൻസ്‌കാർട്ടിന്‍റെ പുതിയ 'B' സീരീസ് സ്‌മാർട്ട്‌ഗ്ലാസുകൾ പരീക്ഷിക്കുന്നതിന്‍റെ ഭാഗമായാണ് പീയൂഷ് ബൻസാൽ രസകരമായ വീഡിയോ പങ്കുവെച്ചത്. രാത്രിഭക്ഷണത്തിനായി തയാറാക്കിയ ഒരു സാൻഡ്‌വിച്ചിന് മുന്നിലിരുന്നാണ് അദേഹം ഈ പരീക്ഷണം നടത്തിയത്. താൻ ധരിച്ചിരുന്ന സ്മാർട്ട്‌ഗ്ലാസിനോട് മുന്നിലിരിക്കുന്ന സാൻഡ്‌വിച്ചിലെ കാലറിയും പ്രോട്ടീനും എത്രയാണെന്ന് അദേഹം ചോദിക്കുന്നു. ഒട്ടും സമയം കളയാതെ തന്നെ സ്‌മാർട്ട്‌ഗ്ലാസിലെ എഐ സാങ്കേതികവിദ്യ കൃത്യമായ മറുപടി നൽകുന്നതാണ് വീഡിയോയിലുള്ളത്. ഏകദേശം 369 കാലറിയും 20.3 ഗ്രാം പ്രോട്ടീനും ആ സാൻഡ്‌വിച്ചിൽ അടങ്ങിയിട്ടുണ്ടെന്ന് ഗ്ലാസ് കണ്ടെത്തി. വെറുതെ അങ്ങോട്ട് കണക്കുകൾ പറയുക മാത്രമല്ല, ഒരു ന്യൂട്രീഷനിസ്റ്റിനെപ്പോലെ അഭിപ്രായം പറയാനും ഈ എഐ ഗ്ലാസിന് സാധിക്കുന്നുണ്ട്.
രാത്രി വൈകിയുള്ള ഭക്ഷണത്തിന് ഈ കാലറി അല്‍പം കൂടുതലാണെന്നുള്ള രസകരമായ മറുപടിയാണ് എഐ നൽകിയത്. കൂട്ടത്തിൽ സ്പൈസ്ഡ് പരിപ്പ് സൂപ്പോ ക്വിനോവ വെജിറ്റബിള്‍ ബൗളോ കഴിക്കാനും നിര്‍ദ്ദേശിക്കുന്നുണ്ട്. ഇതോടെ തന്‍റെ ഡിന്നർ പ്ലാൻ കാൻസൽ ആയെന്നും സാൻഡ്‌വിച്ച് മാറ്റി വെക്കേണ്ടി വന്നെന്നും പീയൂഷ് ബൻസാൽ തമാശരൂപേണ പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. കാലറി പറയും കണ്ണടയുടെ വീഡിയോയ്ക്ക് നിരവധി പേരാണ് കമന്‍റ് ചെയ്‌തിട്ടുള്ളത്. എന്തായാലും സംഭവം ഇപ്പോൾ സോഷ്യൽമീഡിയയിൽ ട്രെൻഡിങ് ആണ്.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam