
ദില്ലി: യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) പുതിയ ആധാർ ആപ്പ് പരീക്ഷിക്കുന്നു. ഈ പുതിയ ആധാർ ആപ്പിലൂടെ ഫേസ് ഐഡി, ക്യുആർ സ്‍കാനിംഗ് എന്നിവ വഴി ഡിജിറ്റൽ പരിശോധന നടത്താനാകും. ഈ പുതിയ ആപ്പിന്‍റെ സഹായത്തോടെ ഡിജിറ്റൽ പരിശോധന നടത്തുന്നത് എളുപ്പവും സുരക്ഷിതവുമാകും. ഒറിജിനൽ ആധാർ കാർഡോ, ഫോട്ടോകോപ്പിയോ നൽകാതെ തന്നെ ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ആധാർ പരിശോധന എളുപ്പത്തിലും വേഗത്തിലും സുരക്ഷിതവുമാക്കുന്നതിനാണ് ഈ പുതിയ നടപടി സ്വീകരിച്ചതെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഈ ആപ്പിലൂടെ ആധാർ സ്ഥിരീകരണ പ്രക്രിയ യുപിഐ പേയ്‌മെന്‍റ് പോലെ എളുപ്പമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യുആർ കോഡ് ഉപയോഗിച്ച് ആധാർ ഡിജിറ്റൽ ആയി പരിശോധിക്കാൻ കഴിയും. പുതിയ ആധാർ ആപ്പ് പൂർണ്ണമായും സുരക്ഷിതമായിരിക്കും, ഇത് ആധാറുമായി ബന്ധപ്പെട്ട ഡാറ്റ എവിടെയും ചോരില്ലെന്ന് ഉറപ്പാക്കുന്നതായും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു. നിലവിലുള്ള എംആധാർ ആപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ പുതിയ ആപ്പിന് പുതുക്കിയ രൂപകൽപ്പനയുണ്ട്.
യുപിഐ പേയ്‌മെന്‍റുകൾ പോലെ തന്നെ ഈ ആപ്പ് വഴി ഒരു ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് ആധാർ പരിശോധന ഇപ്പോൾ നടത്താനാകും. അതായത് ഉപയോക്താക്കൾക്ക് ഇപ്പോൾ അവരുടെ സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് അവരുടെ ആധാർ വിശദാംശങ്ങൾ ഡിജിറ്റലായി പരിശോധിക്കാനും പങ്കിടാനും സാധിക്കും. ഹോട്ടലുകൾ, വിമാനത്താവളങ്ങൾ ഉൾപ്പെടെ തിരിച്ചറിയൽ രേഖയായി ആധാർ ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ആധാർ കാർഡോ അതിന്‍റെ ഫോട്ടോകോപ്പിയോ നല്‍കുന്നത് ഒഴിവാക്കാൻ ഈ ആപ്പ് ഉപയോക്താക്കളെ അനുവദിക്കും. പകരം ഉപയോക്താക്കൾക്ക് ഒരു ക്യുആർ കോഡ് സ്കാൻ ചെയ്യാനും സ്വന്തം ഫോൺ ഉപയോഗിച്ച് മുഖം സ്‍കാൻ ചെയ്ത് അവരുടെ ഐഡന്‍റിറ്റി അവര്‍ക്ക് മുന്നില്‍ തെളിയിക്കാനും സാധിക്കും.
ശക്തമായ സ്വകാര്യതാ സുരക്ഷാ മുൻകരുതലുകളോടെയാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നിലവിൽ ഈ ആപ്പ് ബീറ്റ പരീക്ഷണ ഘട്ടത്തിലാണ്. പരീക്ഷണത്തിന് ശേഷം ഇത് രാജ്യ വ്യാപകമായി പുറത്തിറക്കും എന്നാണ് റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം