399 രൂപയുടെ 'ചാറ്റ്‌ജിപിടി ഗോ' പ്ലാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് ഓപ്പണ്‍എഐ; എങ്ങനെ സബ്‌സ്‌ക്രിപ്ഷന്‍ സ്വന്തമാക്കാം?

Published : Aug 19, 2025, 02:09 PM IST
ChatGPT logo

Synopsis

ഇന്ത്യന്‍ രൂപയില്‍ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് കാണാമെന്നതും യുപിഐ സൗകര്യം വഴി പേയ്‌മെന്‍റ് സാധ്യമാണെന്നതും ചാറ്റ്‌ജിപിടി പുതുതായി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന സവിശേഷതകളില്‍ ഉള്‍പ്പെടുന്നു

ദില്ലി: ഓപ്പണ്‍എഐ ഇന്ത്യയില്‍ ചാറ്റ്‌ജിപിടിക്ക് പുത്തന്‍ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ അവതരിപ്പിച്ചു. 'ചാറ്റ്‌ജിപിടി ഗോ' എന്നാണ് 399 രൂപ പ്രതിമാസ നിരക്കുള്ള പുത്തന്‍ പ്ലാനിന്‍റെ പേര്. ഇന്ത്യന്‍ രൂപയില്‍ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് കാണാമെന്നതും യുപിഐ സൗകര്യം വഴി പേയ്‌മെന്‍റ് സാധ്യമാണെന്നതും ചാറ്റ്‌ജിപിടി പുതുതായി ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്ന പ്രത്യേകതകളാണ്. ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ച ചാറ്റ്‌ജിപിടി ഗോ പ്ലാന്‍ മറ്റ് രാജ്യങ്ങളിലേക്ക് വൈകാതെ വ്യാപിപ്പിക്കാനും ഓപ്പണ്‍എഐയ്ക്ക് പദ്ധതിയുണ്ട്.

മാറ്റങ്ങള്‍ അവതരിപ്പിച്ച് ചാറ്റ്‌ജിപിടി

കുറഞ്ഞ നിരക്കില്‍ ഉയര്‍ന്ന മൂല്യവും, പ്രാദേശികമായ പേയ്‌മെന്‍റ് സംവിധാനവും വേണമെന്ന എന്ന ഇന്ത്യന്‍ ഉപഭോക്താക്കളുടെ അഭ്യര്‍ഥന പരിഗണിച്ചാണ് ചാറ്റ്ജിപിടി ഗോ ഇന്ത്യയില്‍ ഓപ്പണ്‍എഐ അവതരിപ്പിച്ചിരിക്കുന്നതെന്ന് ചാറ്റ്‌ജിപിടി വൈസ് പ്രസിഡന്‍റ് നിക്ക് ടര്‍ലി വ്യക്തമാക്കി. ഇന്ത്യന്‍ രൂപയിലായിരിക്കും ചാറ്റ്‌ജിപിടിയിലെ എല്ലാ പ്ലാനുകളും ഇനി മുതല്‍ ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് കാണാനാവുക. മുമ്പ് ഡോളറിലായിരുന്നു ചാറ്റ്‌ജിപിടിയില്‍ നിരക്കുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതാദ്യമായി യുപിഐ വഴി ഓപ്പണ്‍എഐ പേയ്‌മെന്‍റ് സൗകര്യം അവതരിപ്പിച്ചു എന്ന പ്രത്യേകതയുമുണ്ട്. ഇന്ത്യയില്‍ വ്യാപകമായി ഉപയോഗിക്കുന്ന ഡിജിറ്റല്‍ പേയ്‌മെന്‍റ് സംവിധാനമാണ് യുപിഐ.

ചാറ്റ്‌ജിപിടിയുടെ വിവിധ ഇന്ത്യന്‍ പ്ലാനുകള്‍

നാല് പ്ലാനുകളാണ് ഓപ്പണ്‍എഐയുടെ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്‌ജിപിടിക്ക് ഇന്ത്യയിലുള്ളത്. പരിമിതമായ ഫീച്ചറുകളോടെയുള്ള ഫ്രീ പ്ലാനാണ് ഇതിലൊന്ന്. 399 രൂപയുടെ പുതിയ ചാറ്റ്‌ജിപിടി ഗോ പ്ലാനും 1,999 രൂപയുടെ പ്ലസ് പ്ലാനും 19,999 രൂപയുടെ പ്രോ പ്ലാനുമാണ് മറ്റുള്ളവ. ചാറ്റ്‌ജിപിടിയുടെ സൗജന്യ പ്ലാനും പ്ലസ് പ്ലാനും തമ്മിലുള്ള വിടവ് നികത്താല്‍ ഗോ സ്‌കീമിലൂടെ ഓപ്പണ്‍എഐ ലക്ഷ്യമിടുന്നു. 399 രൂപയുടെ ഗോ പ്ലാന്‍ എത്തിയതോടെ കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ചാറ്റ്‌ജിപിടി സേവനങ്ങള്‍ ഉപയോഗിക്കാന്‍ ഉപഭോക്താക്കള്‍ക്കാകും.

ചാറ്റ്‌ജിപിടി ഗോ ഫീച്ചറുകള്‍

പുത്തന്‍ ചാറ്റ്‌ജിപിടി ഗോ സബ്‌സ്‌ക്രിപ്ഷന്‍റെ വരവ് ജനറേറ്റീവ് എഐ ടൂളുകള്‍ എക്‌സ്‌ക്ലുസ്ലീവ് ഉപയോക്താക്കള്‍ക്കപ്പുറം വിദ്യാര്‍ഥികള്‍ക്കും സാധാരണക്കാര്‍ക്കും കൂടുതല്‍ ഉപകരപ്രദമാകും. സൗജന്യ പ്ലാനില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ചിത്രങ്ങള്‍ നിര്‍മ്മിക്കാനും ഫയലുകള്‍ അപ്‌ലോഡ് ചെയ്യാനും വിശകലനം ചെയ്യാനും സംഗ്രഹിക്കാനുമെല്ലാം ഗോ പ്ലാന്‍ വഴി ചാറ്റ്‌ജിപിടി ഉപയോക്താക്കള്‍ക്കാകും. സൗജന്യ പ്ലാനിലുണ്ടായിരുന്ന എല്ലാ ഫീച്ചറുകള്‍ക്കും പുറമെ ജിപിടി-5 ആക്സസ്, ഇമേജ് ജനറേഷന്‍ വിപുലീകരണം, ഫയല്‍ അപ്‌ലോഡിംഗിലെ വര്‍ധനവ്, കസ്റ്റം ജിപിടികളിലേക്കുള്ള ആക്സസ് തുടങ്ങി അനേകം സവിശേഷതകള്‍ 399 രൂപ പ്രതിമാന നിരക്ക് വരുന്ന ചാറ്റ്‌ജിപിടി ഗോയിലുണ്ട്.

ചാറ്റ്‌ജിപിടി ഗോയില്‍ എങ്ങനെ സൈന്‍ അപ് ചെയ്യാം? 

ചാറ്റ്‌ജിപിടിയുടെ ഗോ പ്ലാന്‍ ഉപയോഗിക്കാനായി ചാറ്റ്‌ജിപിടി അക്കൗണ്ടില്‍ പ്രവേശിച്ച്, പ്രൊഫൈല്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. അതിന് ശേഷം ‘അപ്‌ഗ്രേഡ് പ്ലാന്‍’ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ‘ട്രൈ ഗോ’ എന്നതില്‍ ക്ലിക്ക് ചെയ്യുക. ക്രഡിറ്റ് കാര്‍ഡോ യുപിഐയോ വഴി പേയ്‌മെന്‍റുകള്‍ നടത്താം. വിവിധ പ്ലാനുകള്‍ എപ്പോള്‍ വേണമെങ്കിലും ക്യാന്‍സല്‍ ചെയ്യാനുള്ള അവസരവുമുണ്ടാകും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പൊലീസിനൊപ്പം കേസ് അന്വേഷിക്കാൻ എഐയും, മിന്നൽ സ്പീഡിൽ അന്വേഷണം നടക്കാനുള്ള ക്രമീകരണവുമായി മൈക്രോസോഫ്റ്റ്
യൂട്യൂബ് സിഇഒ നീൽ മോഹന്റെ വീട്ടിലെ 'നോ-സ്ക്രീൻ' രഹസ്യം പുറത്ത്! 'തന്റെ 3 കുട്ടികൾക്കും സ്ക്രീൻ സമയം അനുവദിക്കുന്നതിന് നിയമങ്ങളുണ്ട്'