കൊച്ചിയിലും തിരുവനന്തപുരത്തും വി 5ജി, ഉപഭോക്താക്കള്‍ക്ക് അണ്‍ലിമിറ്റഡ് 5ജി ആസ്വദിക്കാം

Published : Aug 19, 2025, 10:40 AM IST
Vi 5G

Synopsis

കേരളത്തില്‍ അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ വോഡാഫോണ്‍ ഐഡിയ ആരംഭിച്ചിരുന്നു, ഇനി വിയുടെ 5ജി കൊച്ചിയിലും തിരുവനന്തപുരത്തും ലഭ്യമാകും

കൊച്ചി: പ്രമുഖ ടെലികോം സേവനദാതാക്കളായ വി (വോഡാഫോണ്‍ ഐഡിയ) കൊച്ചിയില്‍ 5ജി സേവനം ആരംഭിച്ചു. ഓഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും വിയുടെ 5ജി ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളില്‍ 5ജി സേവനങ്ങള്‍ വോഡാഫോണ്‍ ഐഡിയ ആരംഭിച്ചിരുന്നു. രാജ്യത്തെ ടെലികോം മേഖലയില്‍ വി 5ജി സ്‌പെക്‌ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന സേവന വിപുലീകരണത്തിന്‍റെ ഭാഗമായാണ് കേരളത്തിലും കമ്പനിയുടെ അഞ്ചാം തലമുറ കണക്റ്റിവിറ്റി നവീകരണം പുരോഗമിക്കുന്നത്.

രാജ്യത്ത് ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്‍റെ ഭാഗമായി മുംബൈ, ദില്ലി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്‌പൂര്‍, ചണ്ഡീഗഡ്, പട്‌ന, ജയ്‌പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളില്‍ ഇതിനകം വോഡാഫോണ്‍ ഐഡിയ 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ഉറപ്പാക്കി വി

കേരളത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക് വോഡാഫോണ്‍ ഐഡിയയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും. സേവനം തുടങ്ങുന്നതിന്‍റെ ഭാഗമായി 299 രൂപ മുതലുള്ള പ്ലാനുകളില്‍ വി അണ്‍ലിമിറ്റഡ് 5ജി ഡാറ്റ ലഭ്യമാക്കിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഹൈ ഡെഫിനിഷന്‍ സ്ട്രീമിംഗ്, ഗെയിമിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ്, അതിവേഗ ഡൗണ്‍ലോഡുകള്‍, റിയല്‍ടൈം ക്ലൗഡ് ആക്സസ് എന്നിവയും ആസ്വദിക്കാം.

'കൊച്ചിയിലും തിരുവനന്തപുരത്തും കൂടി വോഡാഫോണ്‍ ഐഡിയ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ, കേരളത്തിലെ നാല് പ്രധാന നഗരങ്ങളിലേക്ക് കണക്റ്റിവിറ്റി എത്തിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. കരുത്തുറ്റ 4ജി സേവനങ്ങള്‍ക്കൊപ്പം തങ്ങളുടെ നെക്സ്റ്റ്-ജെന്‍ 5ജി സേവനങ്ങളും ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സാധ്യതകളും മെച്ചപ്പെട്ട അനുഭവവും നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യം. വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കും 5ജി ഹാന്‍ഡ്‌സെറ്റ് ഉപയോഗം വര്‍ധിക്കുന്നതും അനുസരിച്ച് കേരളത്തിലുടനീളം 5ജി സേവനം വിപുലീകരിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും'- വോഡഫോണ്‍ ഐഡിയയുടെ കേരള ബിസിനസ് ഹെഡ് ജോര്‍ജ്ജ് മാത്യു വി പറഞ്ഞു.

കേരളത്തിലെ 4ജി നെറ്റ്‌വര്‍ക്കിലും നവീകരണം

എറിക്‌സണുമായി സഹകരിച്ചാണ് വി 5ജി കണക്റ്റിവിറ്റിക്കായുള്ള അത്യാധുനികവും ഊര്‍ജ്ജക്ഷമതയുള്ളതുമായ സാങ്കേതികവിദ്യ വിന്യസിക്കുന്നത്. നെറ്റ്‌വര്‍ക്ക് പ്രകടനം സ്വയം മെച്ചപ്പെടുത്തുന്നതിനായി എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെല്‍ഫ്-ഓര്‍ഗനൈസിംഗ് നെറ്റ്‌വര്‍ക്കുകളും (എസ്ഒഎന്‍) വി നടപ്പിലാക്കിയിട്ടുണ്ട്. 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിനൊപ്പം മെച്ചപ്പെട്ട കവറേജും വേഗതയേറിയ ഡാറ്റാ സ്‌പീഡും മികച്ച ഉപയോക്തൃ അനുഭവവും ലഭ്യമാക്കുന്നതിനായി വി കേരളത്തിലെ 4ജി നെറ്റ്‌വര്‍ക്ക് ഗണ്യമായി നവീകരിച്ചതായി വി അധികൃതര്‍ പറയുന്നു. കഴിഞ്ഞ നവംബറില്‍ ലക്ഷദ്വീപ് ദ്വീപുകളിലും വി 4ജി സേവനങ്ങള്‍ ആരംഭിച്ചു.

2024 മാര്‍ച്ച് മുതല്‍ ഇന്‍ഡോര്‍ കവറേജ് ശക്തിപ്പെടുത്തുന്നതിനായി 1400-ലധികം സൈറ്റുകളില്‍ 900 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രം വിജയകരമായി വിന്യസിച്ചു. കൂടാതെ, 4300 സൈറ്റുകളില്‍ 2100 മെഗാഹെര്‍ട്‌സ് സ്‌പെക്‌ട്രം വിന്യസിക്കുകയും ലെയര്‍ അഡീഷനിലൂടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തു. സ്‌പെക്‌ട്രം ബാന്‍ഡ്‌വിഡ്‌ത് വിപുലീകരിക്കുന്നതിലൂടെ ഡാറ്റാ ട്രാഫിക് കൈകാര്യം ചെയ്യാനുള്ള ശേഷിയും മെച്ചപ്പെടുത്തി. 2024 ഏപ്രില്‍ മുതല്‍ 2025 ജൂണ്‍ വരെയുള്ള 15 മാസത്തിനിടെ നടപ്പിലാക്കിയ ഈ അപ്ഗ്രേഡുകളിലൂടെ കേരളത്തിലെ മൊത്തം നെറ്റ്‌വര്‍ക്ക് ശേഷിയില്‍ 22 ശതമാനം വര്‍ധനവുണ്ടായതായും വോഡാഫോണ്‍ ഐഡിയ അധികൃതര്‍ പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഐഫോണ്‍ എയര്‍ നാണിച്ച് തലതാഴ്‌ത്തും; 35000 രൂപ വിലയില്‍ അള്‍ട്രാ-തിന്‍ മോട്ടോറോള എഡ്‌ജ് 70 ഡിസംബര്‍ 15ന് പുറത്തിറങ്ങും
കാലഹരണപ്പെട്ട വിൻഡോസ് ഒഎസില്‍ പ്രവര്‍ത്തിക്കുന്നത് 50 കോടി കമ്പ്യൂട്ടറുകള്‍: ഡെൽ