അടുത്ത പത്ത് വര്‍ഷത്തില്‍ വെള്ളപ്പൊക്കത്തില്‍ 16,000 ജീവനുകള്‍ക്ക് ഭീഷണി

By Web TeamFirst Published Aug 20, 2018, 6:36 PM IST
Highlights

കേരളം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തന്നെ ഇത്തരത്തിലൊരു സര്‍വെ നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്

ദില്ലി: അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ പ്രളയത്തിനെ തുടര്‍ന്ന് 16,000 ത്തോളം പേരുടെ ജീവന് ഭീഷണിയും 47,000 കോടി രൂപയുടെ എങ്കിലും നാശനഷ്ടത്തിനും സാധ്യതയുണ്ടെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ സര്‍വെ. കേരളം നൂറ്റാണ്ടിലെ തന്നെ ഏറ്റവും വലിയ പ്രളയം ഉണ്ടായതിന് പിന്നാലെയാണ് ഇപ്പോള്‍ ദേശീയ ദുരന്ത നിവാരണ അതോറിറ്റി തന്നെ ഇത്തരത്തിലൊരു സര്‍വെ നടത്തിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രതീക്ഷിക്കുന്ന വാര്‍ഷിക ശരാശരി കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ ഏജന്‍സി എത്തിച്ചേര്‍ന്നിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അതോറിറ്റിയുടെ റിസ്‌ക് അസസ്‌മെന്റ് സര്‍വേയിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. 

കനത്ത മഴയെ തുടര്‍ന്ന് ഉണ്ടായ ഭീകരപ്രളയത്തെ കേരളം അതിജീവിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് എന്‍.ഡി.എം.എയുടെ മുന്നറിയിപ്പിന് സമാനമായ റിപ്പോര്‍ട്ട്. രാജ്യത്ത് ഉടനീളമുള്ള 640 ജില്ലകളിലാണ് സര്‍വേ നടത്തിയത്. ഹിമാചല്‍ പ്രദേശ് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ ഒന്നും തന്നെ പ്രാദേശികമായ പാരിസ്ഥിക ആഘാതങ്ങള്‍ പരിഗണിച്ചല്ല പദ്ധതികള്‍ നടപ്പിലാക്കുന്നത്. 

ദുരന്തങ്ങളെ കാലേകൂട്ടി അറിയാന്‍ ആധുനികമായ സാറ്റലൈറ്റുകളും മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ടെങ്കിലും ഇവയൊന്നും തന്നെ രാജ്യം പ്രയോജനപ്പെടുത്തുന്നില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട നയരൂപീകരണങ്ങളൊന്നും സര്‍ക്കാരുകള്‍ നടത്തിയിട്ടില്ലെന്നും സര്‍വെ പറയുന്നു.

click me!