ലോഞ്ച് ചെയ്‌തിട്ട് മൂന്ന് മാസം; സാംസങ് ഗാലക്‌സി ഇസഡ‍് ട്രൈഫോള്‍ഡ് കമ്പനി നിര്‍ത്തുന്നു! കാരണമെന്ത്?

Published : Mar 18, 2026, 02:20 PM IST
Galaxy Z TriFold

Synopsis

പുറത്തിറങ്ങി മൂന്ന് മാസം മാത്രം പിന്നിട്ടപ്പോള്‍ സാംസങ് അവരുടെ ആദ്യ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണായ ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ വില്‍പന അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. നിര്‍മ്മാണത്തിലെ സങ്കീർണ്ണതയാണ് ഇതിന് കാരണമെന്ന് സൂചനയുണ്ട്, ഇതോടെ ഫോണിന്‍റെയും ട്രിപ്പിള്‍ ഫോള്‍ഡബിള്‍ വിപണിയുടെയും ഭാവി അനിശ്ചിതത്വത്തിലായി.

സോള്‍: സാംസങ് അവരുടെ ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണായ ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ വില്‍പന അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പുറത്തിറങ്ങി വെറും മൂന്ന് മാസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ വിപണനം സാംസങ് നിര്‍ത്തുന്നത്. ആദ്യം ദക്ഷിണ കൊറിയയിലാവും ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡ് ലഭ്യമല്ലാതാവുകയെന്നും രാജ്യാന്തര മാധ്യമമായ ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്‌തു.

സാംസങ് ഗാലക്‌സി ഇസഡ‍് ട്രൈഫോള്‍ഡ് നിര്‍ത്തുന്നു?

സാംസങിന്‍റെ ചരിത്രത്തിലെ ആദ്യ ട്രൈഫോള്‍ഡ് സ്‌മാര്‍ട്ട്‌ഫോണാണ് ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡ്. 2025 ഡിസംബര്‍ 12-നായിരുന്നു ഈ സ്‌മാര്‍ട്ട്‌ഫോണ്‍ ദക്ഷിണ കൊറിയയില്‍ ലോഞ്ച് ചെയ്‌തത്. 2026 ജനുവരി അവസാനത്തോടെ യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണിയിലേക്കും സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡ് എത്തി. ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ സ്റ്റോക്കുകളെ കുറിച്ചുള്ള വിവരങ്ങള്‍ സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമല്ലാതായതോടെ തന്നെ ഈ ഫോണിന്‍റെ ഭാവിയെ ചൊല്ലിയുള്ള സൂചനകള്‍ പുറത്തുവന്നിരുന്നു. സോള്‍ഡ് ഔട്ട് എന്നായിരുന്നു സാംസങ് വെബ്‌സൈറ്റില്‍ എഴുതിക്കാണിച്ചിരുന്നത്. സാംസങിന്‍റെ വെബ്‌സൈറ്റ് വഴി മാത്രമായിരുന്നു ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ വില്‍പന നടന്നിരുന്നത്.

രണ്ട് ഹിഞ്ചുകള്‍ വരുന്ന തരത്തിലുള്ള ട്രിപ്പിള്‍ ഫോള്‍ഡബിള്‍ സ്‌മാര്‍ട്ട്‌ഫോണാണ് സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡ്. 10-ഇഞ്ച് പ്രൈമറി ഡിസ്‌പ്ലെയും 6.5-ഇഞ്ച് കവര്‍ ഡിസ്‌പ്ലെയും ഈ ഫോണിന് ഒരേസമയം ടാബ്‌ലറ്റിന്‍റെയും സ്‌മാര്‍ട്ട്‌ഫോണിന്‍റെയും ലുക്ക് നല്‍കി. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് പ്രൊസസര്‍, 16 ജിബി റാം, 5,600 എംഎഎച്ച് ബാറ്ററി, ഐപി48 റേറ്റിംഗ് എന്നിവയായിരുന്നു പ്രധാന ഫീച്ചറുകള്‍. ട്രൈ-ഫോള്‍ഡ് ലേഔട്ടിനായി, ഒന്നിലധികം ആപ്പുകള്‍ ഒരേസമയം പ്രവര്‍ത്തിപ്പിക്കാനുള്ള സോഫ്റ്റ്‌വെയറും ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡ് ഫോണിലുണ്ടായിരുന്നു.

ട്രൈഫോള്‍ഡ് ഫോണുകളുടെ അന്ത്യം?

ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ വില്‍പന അവസാനിപ്പിക്കുന്നതായി സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഫോണിന്‍റെ ഭാവി അനിശ്ചിതത്വത്തില്‍ തുടരുകയാണ്. ഈ ഫോണിന് പിന്‍ഗാമിയുണ്ടാകുമോ എന്ന് വ്യക്തമല്ല. നിര്‍മ്മിക്കാനുള്ള സങ്കീർണ്ണതയാണ് ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ കൂടുതല്‍ യൂണിറ്റുകള്‍ പുറത്തിറക്കാതിരിക്കാന്‍ കമ്പനിയെ പ്രേരിപ്പിക്കുന്നത് എന്നാണ് സൂചന. സാംസങ് ഗാലക്‌സി ഇസഡ് ട്രൈഫോള്‍ഡിന്‍റെ ഭാവി അനിശ്ചിതത്വത്തിലായതോടെ, ട്രിപ്പിള്‍ ഫോള്‍ഡബിള്‍ ഫോണുകളുടെ വിപണി തന്നെ ചോദ്യചിഹ്നമായിരിക്കുകയാണ്.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഐഫോൺ 18 പ്രോ സീരീസ് പുതിയ വിപ്ലവമാകും; വരുന്നത് എട്ട് മാറ്റങ്ങള്‍
ഇൻസ്റ്റഗ്രാം ചാറ്റിൽ ഇനി ശബ്‌ദ വിസ്‌മയം; പുതിയ എഐ ഫീച്ചർ ഇന്ത്യയിലെത്തി