
കാലിഫോര്‍ണിയ: ടെക് ഭീമനായ ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. ഇതിനോടനുബന്ധിച്ച് ഫോൾഡബിൾ ഡിസ്പ്ലേ പാനലുകളുടെ ഓർഡർ കമ്പനി ഗണ്യമായി വർധിപ്പിച്ചു എന്നാണ് പുതിയ റിപ്പോർട്ടുകൾ. ഈ നീക്കം ആപ്പിള്‍ ഫോള്‍ഡിന്‍റെ വിപണി സാധ്യതകളിൽ കമ്പനിക്ക് വർധിച്ച ആത്മവിശ്വാസമുണ്ടെന്നതിന് തെളിവായാണ് വിലയിരുത്തുന്നത്. ഇപ്പോൾ സാംസങ് പോലെയുള്ള ആൻഡ്രോയ്‌ഡ് ബ്രാൻഡുകൾ ആധിപത്യം പുലർത്തുന്ന ഫോൾഡബിൾ സ്‍മാർട്ട്ഫോൺ വിപണിയിലേക്ക് ശക്തമായി പ്രവേശിക്കാൻ ആപ്പിൾ തയ്യാറെടുക്കുകയാണ്.
ദക്ഷിണ കൊറിയൻ മാധ്യമമായ അജു ന്യൂസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആപ്പിൾ തങ്ങളുടെ ആദ്യ ഫോൾഡബിൾ ഐഫോണിനായി സാംസങ് ഡിസ്പ്ലേയിൽ നിന്ന് ഏകദേശം 20 ദശലക്ഷം പാനലുകൾ വരെ വാങ്ങാൻ ലക്ഷ്യമിടുന്നു. മുമ്പ് 13 മുതൽ 15 ദശലക്ഷം വരെ മാത്രമെന്നായിരുന്നു ഈ കണക്ക്. ഈ വർധനവിലൂടെ ഉപഭോക്താക്കളിൽ നിന്ന് വലിയ ആവശ്യം ഉണ്ടാകുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നതായി വ്യക്തമാകുന്നു. 2026-ന്‍റെ രണ്ടാം പാദത്തിൽ ഫോൺ വിപണിയിൽ എത്തുമെന്നാണ് വിലയിരുത്തൽ. മെയ് മാസത്തോടെ സാംസങ് ഡിസ്പ്ലേ ഈ പാനലുകളുടെ വൻതോതിലുള്ള ഉത്പാദനം ആരംഭിക്കുമെന്നും പ്രധാന വിതരണക്കാരനായി തുടരുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
പുതിയ ഫോൾഡബിൾ ഐഫോണിന് ‘ഐഫോൺ അൾട്ര’ എന്ന പേരായിരിക്കാം നൽകുക എന്നാണ് സൂചന. 'ഐഫോൺ ഫോൾഡ്' എന്ന പേര് ലഭിക്കും എന്നായിരുന്നു ആദ്യം പ്രതീക്ഷിച്ചിരുന്നത്. എങ്കിലും 'ഐഫോൺ അൾട്ര' എന്ന പേര് ലഭിക്കാനാണ് കൂടുതൽ സാധ്യതയുള്ളത് എന്നാണ് പുതിയ റിപ്പോർട്ടുകൾ. ചൈനയിൽ 256 ജിബി അടിസ്ഥാന മോഡലിന് ഏകദേശം 15,999 യുവാൻ (ഏകദേശം 2.14 ലക്ഷം രൂപ) വില പ്രതീക്ഷിക്കുമ്പോൾ, അമേരിക്കയിൽ ഇതേ മോഡലിന് ഏകദേശം 1,999 ഡോളർ (ഏകദേശം 1.84 ലക്ഷം രൂപ) ആയിരിക്കും വില.
ഫോണിന്‍റെ ഇന്‍റർ ഡിസ്പ്ലേയിൽ ഐപാഡിനോട് തൊട്ടടുത്ത അനുഭവം ലഭ്യമാക്കാൻ ആപ്പിൾ ശ്രമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഒരേസമയം രണ്ട് ആപ്പുകൾ പ്രവർത്തിപ്പിക്കാനും സൈഡ്‌ബാർ വഴി എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാനും കഴിയുന്ന സംവിധാനങ്ങൾ ഉൾപ്പെടും. വലിയ സ്ക്രീനിനായി ആപ്പുകൾ ഒപ്റ്റിമൈസ് ചെയ്യാൻ ഡെവലപ്പർമാർക്ക് സഹായിക്കുന്ന ടൂളുകളും കമ്പനി വികസിപ്പിക്കുന്നുണ്ട്.
7.8 ഇഞ്ച് ഇന്‍റർ സ്ക്രീനും 5.5 ഇഞ്ച് ഔട്ടർ സ്ക്രീനും ഉൾപ്പെടുന്ന ഈ ഫോണിൽ ഇരട്ട റിയർ ക്യാമറയും ഇരട്ട ഫ്രണ്ട് ക്യാമറയും ഉണ്ടായിരിക്കും. പവർ ബട്ടണിൽ ഉൾപ്പെടുത്തിയ ടച്ച് ഐഡി സംവിധാനവും പ്രതീക്ഷിക്കുന്നു. ഉയർന്ന പെർഫോമൻസിനായി 2 നാനോമീറ്റർ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച എ20 പ്രോ ചിപ്സെറ്റും ആപ്പിളിന്‍റെ സ്വന്തം സി2 മോഡവും ഈ ഫോണിൽ ഉൾപ്പെടും. ഉയർന്ന വിലയുള്ള പ്രീമിയം വിഭാഗത്തിൽ എത്തുന്ന ഈ ഫോൺ ഫോൾഡബിൾ വിപണിയിൽ വലിയ മാറ്റങ്ങൾ സൃഷ്‍ടിക്കുമെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.