സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് ഇന്ത്യയിലേക്ക്; അനുമതി ഉടനെന്ന് റിപ്പോര്‍ട്ട്

Published : Feb 21, 2025, 02:58 PM ISTUpdated : Feb 21, 2025, 03:01 PM IST
സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് ഇന്ത്യയിലേക്ക്; അനുമതി ഉടനെന്ന് റിപ്പോര്‍ട്ട്

Synopsis

ടെസ്‌ലയ്ക്ക് പിന്നാലെ ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ലിങ്കും ഇന്ത്യയിലേക്ക്, കൃത്രിമ ഉപഗ്രഹ ശ്യംഖല വഴി ബ്രോ‍ഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് എത്തിക്കുകയാണ് നീക്കം. 

ദില്ലി: അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌കിന്‍റെ ഇലക്ട്രിക് വാഹന നിർമാണ കമ്പനിയായ ടെസ്‌ലയ്ക്ക് ശേഷം ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനദാതാക്കളായ സ്റ്റാര്‍ലിങ്കും ഇന്ത്യയിലേക്ക്. സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഉടന്‍ അനുമതിയാകുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ചുരുക്കം നടപടിക്രമങ്ങള്‍ മാത്രമാണ് മസ്കിന് മുന്നില്‍ അവശേഷിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

സ്റ്റാര്‍ലിങ്ക് ഇന്ത്യയിലേക്കും 

രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബ്രോഡ്‌ബാന്‍ഡ് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് തൊട്ടരികെയാണ് ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ലിങ്ക്. അനുമതിക്കായി ഇന്ത്യന്‍ നാഷണല്‍ സ്പേസ് പ്രൊമോഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സെന്‍ററിന് (IN-SPACe) ആവശ്യമായ രേഖകളെല്ലാം സ്റ്റാര്‍ലിങ്കിന്‍റെ മാതൃകമ്പനിയായ സ്പേസ് എക്സ് സമര്‍പ്പിച്ചു. ഏജന്‍സിയുടെ അന്തിമ അനുമതിക്കായി കാത്തുനില്‍ക്കുകയാണ് സ്പേസ് എക്സ് ഉടമ ഇലോണ്‍ മസ്ക്. ഇന്ത്യയില്‍ ഉപഗ്രഹ ഇന്‍റര്‍നെറ്റ് ആരംഭിക്കും മുമ്പ് ടെലികോം മന്ത്രാലയത്തില്‍ നിന്ന് സാറ്റ്‌ലൈറ്റ് ലൈസന്‍സും സ്പെക്ട്രവും സ്റ്റാര്‍ലിങ്ക് സ്വന്തമാക്കേണ്ടതുണ്ട്. സ്‌പെക്‌ട്രം വിതരണത്തിന് ലേലം വേണമോ എന്ന അനിശ്ചിതത്വമാണ് സ്റ്റാര്‍ലിങ്കിന്‍റെ ഇന്ത്യാ പ്രവേശനം നീട്ടിക്കൊണ്ടുപോയത്.

മാത്രമല്ല, ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ സ്റ്റാര്‍ലിങ്കിന് മുന്നില്‍ രാജ്യസുരക്ഷ മുന്‍നിര്‍ത്തി കര്‍ശന നിബന്ധനകളുമുണ്ടായിരുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയിലെ സേവനങ്ങളിലുള്ള നിയന്ത്രണങ്ങള്‍ അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യ മുന്നോട്ടുവെച്ച ഒട്ടുമിക്ക വ്യവസ്ഥകളും പാലിക്കാന്‍ സ്റ്റാര്‍ലിങ്ക് അധികൃതര്‍ സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് നെറ്റ്‌വര്‍ക്ക് നിയന്ത്രണ, നിരീക്ഷണ കേന്ദ്രവും സ്ഥാപിക്കാന്‍ ധാരണയായിട്ടുണ്ട് എന്നാണ് സൂചന. 

അമേരിക്കയിലെ മുൻനിര ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്‌ലയുടെ ഇന്ത്യ പ്രവേശനം കഴിഞ്ഞ ആഴ്‌ച തീരുമാനമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ടെസ്‌ല, സ്പേസ് എക്സ്, സ്റ്റാര്‍ലിങ്ക്, എക്സ് തുടങ്ങിയ നിരവധി കമ്പനികളുടെ ഉടമയായ ഇലോണ്‍ മസ്കുമായി കൂടിക്കാഴ്‌ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്‌ല ഇന്ത്യയിലേക്ക് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ടെസ്‌ല ഏപ്രില്‍ മാസം ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചേക്കും എന്നാണ് മണികണ്‍ട്രോളിന്‍റെ റിപ്പോര്‍ട്ട്. മുംബൈയിലും ദില്ലിയിലുമായിരിക്കും ടെസ്‌ലയുടെ ആദ്യ ഷോറൂമുകള്‍ വരിക. 

എന്താണ് സ്റ്റാര്‍ലിങ്ക്?

ലോകമെങ്ങും വേഗതയേറിയ സാറ്റ്‌ലൈറ്റ് ബ്രോഡ്‌ബാന്‍ഡ് ഇന്‍റർനെറ്റ് നല്‍കുക ലക്ഷ്യമിട്ട് ഇലോണ്‍ മസ്കിന്‍റെ സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർലിങ്ക് എന്നറിയപ്പെടുന്നത്. പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്‍റർനെറ്റ് കണക്റ്റിവിറ്റി ഭൂമിയില്‍ എത്തിക്കുന്ന പദ്ധതിയാണിത്. ഇതിനകം ഏഴായിരത്തിലധികം സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചുകഴിഞ്ഞു. ഇന്ത്യയുടെ അയല്‍രാജ്യമായ ഭൂട്ടാനില്‍ ഇതിനകം സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ഇന്‍റര്‍നെറ്റ് ലഭ്യമാണ്. 

Read more: ജനുവരി മാസം മൂക്കുംകുത്തി വീണ് കത്തിയത് 120 സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍; പുലിവാല്‍ പിടിച്ച് ഇലോണ്‍ മസ്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

ഐഫോൺ ഉപയോക്താക്കൾ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നത് നിർത്തണമെന്ന് ആപ്പിൾ; കാരണമിത്
പ്രതിമാസം 8600 രൂപ! സ്റ്റാര്‍ലിങ്ക് ഇന്ത്യ നിരക്കുകള്‍ വെബ്‌സൈറ്റില്‍; ഇന്ത്യക്കാര്‍ മുഖം തിരിക്കുമെന്നറിഞ്ഞതോടെ യൂടേണ്‍ അടിച്ച് സ്പേസ് എക്‌സ്?