ഭൗമാന്തരീക്ഷത്തിലേക്കുള്ള മടങ്ങിവരവിനിടെ കത്തിയമരുന്ന അനേകം സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ കനത്ത ആശങ്കയാവുന്നു, ഓസോണ്‍ പാളിക്ക് വരെ ഭീഷണി
ടെക്സസ്: അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് കമ്പനി സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ച് റെക്കോര്‍ഡുകള്‍ ഓരോ ദിനവും തകര്‍ക്കുകയാണ്. ലോകമെങ്ങും ഉപഗ്രഹ ഇന്‍റര്‍നെറ്റ് എത്തിക്കാന്‍ ലക്ഷ്യമിട്ട് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കുകയാണ് സ്പേസ് എക്സ് കമ്പനി. ഇതിനകം ഏഴായിരത്തിലേറെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങളാണ് സ്പേസ് എക്സ് വിക്ഷേപിച്ചത്. എന്നാല്‍ ഇതിനിടെയൊരു കനത്ത ആശങ്ക സ്പേസ് എക്സ് സൃഷ്ടിക്കുന്നു.
2025 ജനുവരി മാസം മാത്രം കാലാവധി കഴിഞ്ഞ 120 സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളാണ് ഭൗമാന്തരീക്ഷത്തിലേക്ക് തിരിച്ചെത്തിയത്. ഭൗമാന്തരീക്ഷത്തിലേക്കുള്ള മടങ്ങിവരവിനിടെ സ്വാഭാവികമായും ഇവ കത്തിയമര്‍ന്നു. ഇത് ശാസ്ത്രജ്ഞര്‍ക്കും പരിസ്ഥിതപ്രവര്‍ത്തകര്‍ക്കും ആശങ്ക നല്‍കുകയാണ്. വലിയ അന്തരീക്ഷ മലിനീകരണമാണ് സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങളുടെ റീ-എന്‍ട്രി സൃഷ്ടിക്കുന്നതെന്നാണ് വിമര്‍ശനം. ജനുവരി മാസത്തില്‍ ദിവസവും നാലോ അഞ്ചോ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ കത്തിയമരുന്ന സാഹചര്യമുണ്ടായതായി ജ്യോതിശാസ്ത്രജ്ഞനായ ജൊനാഥന്‍ മക്‌ഡോവല്‍ പറയുന്നു.
ആദ്യ തലമുറ സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളില്‍ അഞ്ഞൂറോളം എണ്ണത്തിന്‍റെ കാലാവധി ഇതിനകം അവസാനിച്ചിട്ടുണ്ട്. ഇവയെ പുതിയ കൃത്രിമ ഉപഗ്രഹങ്ങള്‍ അയച്ച് റീപ്ലേസ് ചെയ്യുകയാണ് സ്പേസ് എക്സ് ചെയ്യുന്നത്. ഓരോ അഞ്ച് വര്‍ഷം കൂടുമ്പോഴും സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റ് ശൃംഖലയുടെ മുഖംമിനുക്കുകയാണ് ഇലോണ്‍ മസ്ക് ചെയ്യുന്നത്. ഇതുപ്രകാരം ഭൗമാന്തരീക്ഷത്തിലേക്ക് സാറ്റ്‌ലൈറ്റുകളുടെ റീ-എന്‍ട്രി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമാണെങ്കിലും പാരിസ്ഥിതിക പ്രത്യാഘാതം വലിയ ചോദ്യമുയര്‍ത്തുകയാണ്. ഉപഗ്രഹങ്ങളുടെ ശിഥിലീകരണം അന്തരീക്ഷത്തിലേക്ക് ലോഹപടലങ്ങള്‍ പടര്‍ത്തുന്നു. ഉപഗ്രഹങ്ങള്‍ തീപ്പിടിക്കുമ്പോഴുണ്ടാകുന്ന അലുമിനിയം ഓക്സൈഡ് ഓസോണ്‍ പാളിക്ക് വരെ വെല്ലുവിളിയാണെന്നാണ് അനുമാനം. അന്തരീക്ഷത്തില്‍ ഈ ഓക്‌സൈഡിന്‍റെ അളവ് 2016നും 2022നും ഇടയില്‍ എട്ട് മടങ്ങ് വര്‍ധിച്ചതായി പഠനങ്ങള്‍ വ്യക്തമാക്കുന്നു.
ശാസ്ത്രജ്ഞര്‍ക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആശങ്കയുണ്ടെങ്കിലും കാലാവധി കഴിഞ്ഞ സാറ്റ്‌ലൈറ്റുകളെ അഗ്നിഗോളമാക്കുന്നത് തുടരും എന്നാണ് സ്പേസ് എക്സിന്‍റെ മറുപടി. കാലാവധി തീര്‍ന്ന ശേഷം അന്തരീക്ഷത്തില്‍ ഒരു ബഹിരാകാശ അവശിഷ്ടവും ബാക്കിവെക്കില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. കൃത്രിമ ഉപഗ്രഹങ്ങള്‍ക്ക് പുറമെ റോക്കറ്റ് വിക്ഷേപണ അവശിഷ്ടങ്ങളും ആകാശത്ത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
സാധാരണയായി 20-ഓ അതിലധികമോ സ്റ്റാര്‍ലിങ്ക് കൃത്രിമ ഉപഗ്രഹങ്ങള്‍ ഒന്നിച്ചാണ് സ്പേസ് എക്സ് വിക്ഷേപിക്കാറ്. ലോ-എര്‍ത്ത് ഓര്‍ബിറ്റില്‍ അഞ്ച് വര്‍ഷത്തെ ആയുസാണ് ഇവയ്ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇവ ഡീഓര്‍ബിറ്റ് ചെയ്യുകയും ഭൗമാന്തരീക്ഷത്തിലേക്ക് റീ-എന്‍ട്രി ചെയ്ത് കത്തിയമരുകയും ചെയ്യുന്ന രീതിയിലാണ് സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്.
