തട്ടിപ്പ് ആരോപണങ്ങൾ തള്ളിക്കളഞ്ഞു; ഇലോൺ മസ്‍ക്- ഓപ്പൺഎഐ കേസിൽ വിചാരണ തുടരും

Published : Apr 26, 2026, 08:05 PM IST
OpenAI

Synopsis

ഓപ്പൺഎഐയെ 2019-ൽ ലാഭലക്ഷ്യമുള്ള സ്ഥാപനമായി മാറ്റിയതിലൂടെ, ഓപ്പൺഎഐയുടെ ആദ്യത്തെ ലക്ഷ്യമായിരുന്ന മനുഷ്യസേവനം തകർത്തു എന്നാണ് കേസില്‍ ഇലോണ്‍ മസ്‍കിന്‍റെ ആരോപണം.

കാലിഫോര്‍ണിയ: ഓപ്പണ്‍എഐയ്ക്കും സഹസ്ഥാപകന്‍ സാം ആള്‍ട്ട്‌മാനുമെതിരെ അമേരിക്കൻ ടെക് വ്യവസായ പ്രമുഖന്‍ ഇലോൺ മസ്‍ക് ഉന്നയിച്ച തട്ടിപ്പ് ആരോപണങ്ങൾ തള്ളി യുഎസ് കോടതി. ഈ കേസില്‍ ചാരിറ്റബിൾ ട്രസ്റ്റ് ലംഘനം (breach of charitable trust), അന്യായ സമ്പാദ്യം (unjust enrichment) എന്നീ ആരോപണങ്ങളിൽ വിചാരണ തുടരുമെന്നും കാലിഫോർണിയയിലെ ഓക്‌ലൻഡിൽ പ്രവർത്തിക്കുന്ന ജില്ലാ ജഡ്‍ജി ഇവോൺ ഗൊൺസാലസ് റോജേഴ്‌സ് വ്യക്തമാക്കി. കേസിന്‍റെ ജ്യൂറി തിരഞ്ഞെടുപ്പ് തിങ്കളാഴ്ച ആരംഭിക്കും, തുടക്ക വാദങ്ങൾ ചൊവ്വാഴ്ച നടക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

എന്താണ് ഓപ്പണ്‍എഐയുമായി ബന്ധപ്പെട്ട പരാതി?

ഓപ്പൺഎഐയുടെ സഹസ്ഥാപകനായ സാം ആൾട്ട്‍മാനും പ്രധാന നിക്ഷേപകരിലൊരാളായ മൈക്രോസോഫ്റ്റും ചേർന്ന് ഓപ്പൺഎഐയെ 2019-ൽ ലാഭലക്ഷ്യമുള്ള സ്ഥാപനമായി മാറ്റിയതിലൂടെ, ഓപ്പൺഎഐയുടെ ആദ്യത്തെ മനുഷ്യസേവന ലക്ഷ്യം തകർത്തു എന്നാണ് കേസില്‍ ഇലോണ്‍ മസ്‍കിന്‍റെ ആരോപണം. ഓപ്പണ്‍എഐയുടെ സഹസ്ഥാപകനായിരുന്നെങ്കിലും ഇലോണ്‍ മസ്‌ക് 2019-ൽ ഓപ്പൺഎഐ ബോർഡിൽ നിന്ന് പിന്മാറിയിരുന്നു. അതേസമയം, സാം ആള്‍ട്ട്‌മാന്‍ ഓപ്പണ്‍എഐയുടെ സിഇഒയായി ഇപ്പോഴും കമ്പനിയില്‍ തുടരുന്നു.

എന്നാല്‍, കേസില്‍ തന്‍റെ തട്ടിപ്പ് ആരോപണങ്ങൾ ഒഴിവാക്കണമെന്ന നിർദ്ദേശം ഇലോണ്‍ മസ്‍ക് തന്നെ കോടതിയിൽ മുന്നോട്ടുവെക്കുകയായിരുന്നു. ഇതിലൂടെ കേസ് ലളിതമാക്കുകയും, ഓപ്പൺഎഐ മനുഷ്യരാശിക്ക് വേണ്ടി പ്രവർത്തിക്കേണ്ട സ്ഥാപനം ആണോ, അല്ലെങ്കിൽ ലാഭം ഉണ്ടാക്കുന്ന സ്ഥാപനമായി മാറിയോ എന്ന വിഷയത്തിൽ കോടതിയുടെ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നുമാണ് മസ്‌കിന്‍റെ ഇപ്പോഴത്തെ നിലപാട്. ഈ കേസിൽ ഇലോൺ മസ്‍ക് 150 ബില്ല്യൺ ഡോളർ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടിട്ടുണ്ട്. ലഭിക്കുന്ന തുക ഓപ്പൺഎഐയുടെ ചാരിറ്റബിൾ വിഭാഗത്തിലേക്ക് നൽകണമെന്നാണ് അദേഹത്തിന്‍റെ ആവശ്യം. ടെക് ലോകം ഉറ്റുനോക്കുന്ന ഈ കേസ്, ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സ്ഥാപനങ്ങളുടെ ഭാവി ഘടനയും ലാഭ-മനുഷ്യസേവന തുലനവും സംബന്ധിച്ച വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.

ഓപ്പൺഎഐ ഭാവിയിൽ ഏകദേശം ഒരു ട്രില്ല്യൺ ഡോളർ മൂല്യമുള്ള പ്രാഥമിക ഓഹരി വിൽപ്പന (IPO) നടത്താനുള്ള സാധ്യതയുണ്ട് എന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്‍റെ റിപ്പോർട്ടുകൾ. ഇത് കമ്പനിയെ ലോകത്തിലെ ഏറ്റവും മൂല്യമേറിയ ടെക് സ്ഥാപനങ്ങളിൽ ഒന്നാക്കും.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചൈനീസ് കമ്പനികൾ എഐ സാങ്കേതികവിദ്യകള്‍ മോഷ്‌ടിക്കുന്നതായി യുഎസ്; തടയാന്‍ നയതന്ത്ര നീക്കം
ഭൂമിയിലെ ജലത്തിന്‍റെ ഉത്ഭവം അവിടെ നിന്നോ? പുതിയ കണ്ടെത്തലുമായി നാസ