
സമൂഹ മാധ്യമങ്ങളുടെയും സ്‌മാർട്ട്‌ഫോണുകളുടെയും ഈ കാലഘട്ടത്തിൽ, ക്യാമറയുള്ള ഫോണുകൾ എല്ലാവരുടെയും പോക്കറ്റിലുണ്ടായതോടെ 'സെക്‌സ്റ്റിങ്' പലപ്പോഴും കേസുകള്‍ക്കും പരാതികൾക്കും കാരണമാകാറുണ്ട്. രണ്ട് വ്യക്തികൾക്കിടയിലുള്ള സെക്സ്റ്റിങ് ഒരു സാധാരണ കാര്യമെന്ന് പലര്‍ക്കും തോന്നാമെങ്കിലും, സാഹചര്യം പെട്ടെന്ന് മാറാനും അത് ഗുരുതര പ്രശ്‌നമായി മാറാനും സാധ്യതയുണ്ട്. ഒപ്പം, ആളുകള്‍ക്കിടയില്‍ പരസ്‌പര സമ്മതമുണ്ടെങ്കിലും ഇല്ലെങ്കിലും നിയമം സെക്‌സ്റ്റിങ് അനുവദിക്കുന്നില്ലെന്നും അറിയുക.
ചെറിയ കുട്ടികളാണ് ഉൾപ്പെടുന്നതെങ്കിൽ സെക്‌സ്റ്റിങ് ഗുരുതരമായ നിയമ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കൂടാതെ, ചിത്രങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുമുണ്ട്. ഈ അപകടസാധ്യതകൾ പരിഗണിച്ച്, കുട്ടികളെ സെക്‌സ്റ്റിങിന്‍റെ ഇരകളാകുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഇന്ത്യയിൽ ശക്തമായ നിയമങ്ങളുണ്ട്.
എന്താണ് സെക്‌സ്റ്റിങ്?
'സെക്‌സ്' (Sex) എന്ന വാക്കും 'ടെക്‌സ്റ്റിങ്' (Texting) എന്ന വാക്കും ചേർന്നാണ് സെക്‌സ്റ്റിങ് എന്ന വാക്കുണ്ടായത്. ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയയ്ക്കുന്നതിനെയാണ് ഇത് വിവരിക്കുന്നത്. ഇതിൽ എഴുത്തുകളോ ചിത്രങ്ങളോ വീഡിയോകളോ ഉണ്ടാകാം. ഇത് സ്വയം ചിത്രീകരിച്ചതോ മറ്റൊരാളുടെയോ ആകാം. ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ മാത്രമുള്ള എഴുത്തുകളും ഇതിൽ ഉൾപ്പെടാം.
'പിക് ഫോർ പിക്', 'സെൻഡിങ് ന്യൂഡ്‌സ്' തുടങ്ങിയ പദങ്ങളും സെക്‌സ്റ്റിങിനെ സൂചിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയ പല ഉപകരണങ്ങളിലൂടെയും ലൈംഗികച്ചുവയുള്ള ചിത്രങ്ങൾ എടുക്കാനും പങ്കുവെക്കാനും എളുപ്പമാണ്. എന്നാൽ, ഈ സ്വകാര്യ ഉള്ളടക്കം അയച്ചു കഴിഞ്ഞാൽ, അയച്ചയാൾക്ക് അത് തിരിച്ചെടുക്കാൻ കഴിയില്ലെന്ന് ഡിജിറ്റല്‍ കാലത്ത് എല്ലാവരും ഓര്‍ത്തിരിക്കേണ്ടതുണ്ട്.
ഇത്തരത്തില്‍ പങ്കിടുന്ന ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കാനുള്ള സാധ്യതയും ഉണ്ട്. ചില ആളുകൾക്ക് അവരുടെ പങ്കാളിയിൽ നിന്നോ അല്ലെങ്കിൽ പരിചയമുള്ള മറ്റുള്ളവരിൽ നിന്നോ സെക്‌സ്റ്റിങിൽ ഏർപ്പെടാൻ സമ്മർദ്ദം നേരിടേണ്ടിവരാം. ഈ സമ്മർദ്ദം കാരണം സ്വന്തം ലൈംഗിക ചിത്രങ്ങളോ വിഡിയോകളോ അയയ്ക്കാൻ നിർബന്ധിതരാകുകയും, പിന്നീട് അത് അവരെ ദോഷകരമായി ബാധിക്കുകയോ, മറ്റ് നിയമവിരുദ്ധമായ കാര്യങ്ങൾക്ക് പ്രേരിപ്പിക്കാൻ ഉപയോഗിക്കുകയോ ചെയ്യാം.
സെക്‌സ്റ്റിങിന്‍റെ അപകടസാധ്യതകൾ
സമ്മതത്തോടെയുള്ള മുതിർന്നവർക്കിടയിൽ പോലും സെക്‌സ്റ്റിങിന് നിരവധി അപകടസാധ്യതകളുണ്ട്. മറ്റാരുടെയെങ്കിലും സമ്മർദ്ദം കാരണം ആരും സ്വന്തം ലൈംഗിക ഉള്ളടക്കം മറ്റുള്ളവരുമായി പങ്കുവെയ്ക്കരുത്. അത്തരം ചിത്രങ്ങളോ വീഡിയോകളോ അയയ്ക്കുന്നതിന് മുൻപ് അതിന്‍റെ അനന്തരഫലങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണം. അത്തരം ചിത്രങ്ങൾ എടുക്കുകയും പങ്കുവെക്കുകയും ചെയ്യുന്നതിലൂടെ, നിങ്ങളുടെ സ്വകാര്യ ഉള്ളടക്കം മറ്റൊരാൾ ദുരുപയോഗം ചെയ്യപ്പെടുകയോ വ്യാപകമായി പ്രചരിക്കപ്പെടുകയോ ചെയ്യാനുള്ള സാധ്യതയുണ്ട്.
നിയമപരമായ അപകടസാധ്യതകളും ഇതിനുണ്ട്. ഉദാഹരണത്തിന്, ഒരാളുടെ ലൈംഗിക ചുവയുള്ള ചിത്രങ്ങളോ വീഡിയോകളോ അവരുടെ സമ്മതമില്ലാതെ പങ്കുവയ്ക്കുന്ന 'റിവഞ്ച് പോൺ' എന്നത് ഗുരുതരമായ കുറ്റമാണ്.
ഇൻഫർമേഷൻ ടെക്നോളജി ആക്‌ട്, 2000 (IT Act, 2000)
വകുപ്പ് 67 (Section 67): ഇലക‌്‌ട്രോണിക് രൂപത്തിൽ ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് ഈ വകുപ്പ് പ്രകാരം കുറ്റകരമാണ്. കുട്ടികളുടെ ചിത്രങ്ങളോ വിഡിയോകളോ ആണെങ്കിൽ ശിക്ഷ കൂടുതൽ കഠിനമായിരിക്കും. ആദ്യ തവണ കുറ്റം ചെയ്‌താൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
വകുപ്പ് 67A (Section 67A): ലൈംഗികച്ചുവയുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്‌താല്‍ ഈ വകുപ്പ് പ്രകാരം 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാം.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam