ആക്റ്റീവ് സിം ഫോണിലില്ലേ, ഇനി വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ പ്രവര്‍ത്തിക്കില്ല

Published : Mar 06, 2026, 04:39 PM IST
WhatsApp Logo

Synopsis

ഇന്ത്യയിൽ വാട്‌സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകൾക്ക് സിം-ബൈൻഡിംഗ് നിർബന്ധമാക്കുന്നു. സൈബർ തട്ടിപ്പുകൾ കുറയ്ക്കുന്നതിനായി, ആപ്പുകൾ രജിസ്റ്റർ ചെയ്ത സിം കാർഡ് ഫോണിൽ ആക്റ്റീവായി ഇല്ലാത്തപക്ഷം അവ പ്രവർത്തനരഹിതമാകും. ഈ പുതിയ നിയമം ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടുകൾക്ക് മാത്രമാണ് ബാധകമാകുന്നത്.

ദില്ലി: ആക്റ്റിവായ സിം കാര്‍ഡ് ഫോണിലില്ലാതെ മെസേജിംഗ് ആപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാകും. രാജ്യത്ത് സിം-ബൈന്‍ഡിംഗ് നിര്‍ബന്ധമാക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇതോടെ വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ ഇനി മുതല്‍ ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഈ ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്‌ത സിം കാര്‍ഡ് നിര്‍ബന്ധമായും ആക്റ്റീവായിട്ടുണ്ടായിരിക്കണം. അല്ലാത്തപക്ഷം ഇത്തരം മെസേജിംഗ് ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകും. മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ കുറയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് സിം-ബൈന്‍ഡിംഗ് രാജ്യത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്നാണ് ടെലികോം മന്ത്രാലയത്തിന്‍റെ വാദം. ഈ പുത്തന്‍ നിയമം ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌ത അക്കൗണ്ടുകൾക്ക് മാത്രമാണ് ബാധകമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

എന്താണ് സിം-ബൈന്‍ഡിംഗ്?

ഫോണില്‍ നിന്ന് ഒറിജിനല്‍ സിം കാര്‍ഡ് നീക്കം ചെയ്‌ത ശേഷവും വിവിധ മെസേജിംഗ് ആപ്പുകള്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടെലികോം മന്ത്രാലയം മെസേജിംഗ് ആപ്പുകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമാക്കിയത്. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ റിമോട്ടായി തട്ടിപ്പ് സംഘങ്ങള്‍ കൈകാര്യം ചെയ്യുന്നത് തടയുകയാണ് സിം-ബൈന്‍ഡിംഗ് പോളിസിയുടെ ലക്ഷ്യം. ഇനി മുതല്‍ വാട്‌സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകളുടെ വെബ് വേര്‍ഷനുകള്‍ ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗൗട്ട് ചെയ്യപ്പെടും. വീണ്ടും സേവനം ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ആക്ടീവ് സിം കാർഡുള്ള ഫോണ്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് വീണ്ടും സ്‌കാന്‍ ചെയ്യണം. എന്നാല്‍ മൊബൈല്‍ ആപ്പുകള്‍ ഓരോ ആറ് മണിക്കൂറിലും ലോഗൗട്ടാവില്ല.

പ്രവാസികളുടെ ആപ്പുകള്‍ പ്രവര്‍ത്തിക്കുമോ? 

സിം കാർഡ് ഇട്ടിരിക്കുന്ന ഫോണിൽ മാത്രമേ ആപ്പ് പ്രവർത്തിക്കൂ എന്ന നിബന്ധനയാണ് ടെലികോം മന്ത്രാലയം ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്നത്. എന്നാല്‍ ഒന്നിലേറെ മൊബൈല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന വിമര്‍ശനം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ഫോണില്‍ രജിസ്റ്റർ ചെയ്‌ത സിം കാർഡ് ഉണ്ടെങ്കിൽ മെസേജിംഗ് ആപ്പുകളുടെ സേവനം ഇന്ത്യക്ക് പുറത്തും തടസപ്പെടില്ല. എന്നാൽ, യാത്രയ്ക്കിടെ മറ്റ് രാജ്യങ്ങളിലെ പ്രാദേശിക സിം കാർഡ് ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക്, അവരുടെ ഓറിജിനൽ ഇന്ത്യൻ സിം വീണ്ടും ഫോണിൽ ഇടുന്നതുവരെ മെസേജിംഗ് അക്കൗണ്ട് താൽക്കാലികമായി പ്രവർത്തനരഹിതമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

 

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ക്യാമറയും ബാറ്ററിയും കെങ്കേമം; മിഡ്-റേഞ്ചില്‍ മനം കവരാന്‍ മോട്ടോറോള എഡ്‌ജ് 70 ഫ്യൂഷന്‍ ഇന്ത്യയിലെത്തി
7200 എംഎഎച്ച് ബാറ്ററി കരുത്തില്‍ വരുന്നു ഐക്യു ഇസഡ്11എക്‌സ് 5ജി; ഇന്ത്യയില്‍ വിലയെത്രയാകും?