ഹർജി തള്ളി സുപ്രീംകോടതിയും; വോഡാഫോൺ-ഐഡിയ അടച്ചുപൂട്ടുമോ, അതോ ബിഎസ്എന്‍എല്ലില്‍ ലയിക്കുമോ?

Published : May 21, 2025, 03:54 PM ISTUpdated : May 21, 2025, 03:56 PM IST
ഹർജി തള്ളി സുപ്രീംകോടതിയും; വോഡാഫോൺ-ഐഡിയ അടച്ചുപൂട്ടുമോ, അതോ ബിഎസ്എന്‍എല്ലില്‍ ലയിക്കുമോ?

Synopsis

എജിആർ കുടിശ്ശികയിൽ ഏകദേശം 30,000 കോടി രൂപ എഴുതിത്തള്ളണമെന്ന വോഡാഫോൺ ഐഡിയയുടെ ഹർജി സുപ്രീംകോടതി തള്ളിയതോടെയാണ് കമ്പനി അനിശ്ചിതത്വത്തിലായത്

ദില്ലി: രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായ വോഡാഫോൺ-ഐഡിയ (വി)യുടെ പ്രവർത്തനങ്ങൾ കൂടുതൽ ഗുരുതരാവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് റിപ്പോർട്ട്. എജിആർ കുടിശ്ശികയിൽ ഏകദേശം 30,000 കോടി രൂപ എഴുതിത്തള്ളണമെന്ന വോഡാഫോൺ ഐഡിയയുടെ ഹർജി കഴിഞ്ഞ ദിവസം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടിയാണ് കമ്പനിക്ക് നേരിടേണ്ടി വന്നത്. 5 ബില്യൺ ഡോളറിൽ കൂടുതൽ പലിശയും പിഴയും എഴുതിത്തള്ളണമെന്ന വി-യുടെ ആവശ്യം നേരത്തെ സർക്കാരും നിരസിച്ചിരുന്നു. ഇതിനു ശേഷമാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയും ഹർജി തള്ളിയതോടെ വി അടച്ചുപൂട്ടുമോ അതോ ബി‌എസ്‌എൻ‌എല്ലുമായി ലയിപ്പിക്കുമോ തുടങ്ങിയ ചോദ്യങ്ങൾ ഉയരുന്നു. 

വോഡാഫോൺ-ഐഡിയയ്ക്ക് 83,400 കോടി രൂപയുടെ എജിആർ ബാധ്യതയുണ്ട്. ഇതിൽ 12,797 കോടി രൂപയുടെ മുതലും 28,294 കോടി രൂപയുടെ പലിശയും കമ്പനി നൽകാനുണ്ട്. ഇതിനുപുറമെ, 6,012 കോടി രൂപയുടെ പിഴയും 11,151 കോടി രൂപയുടെ പിഴയുടെ പലിശയും ഈ തുകയിൽ ഉൾപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കുടിശികകൾ സർക്കാർ എഴുതിത്തള്ളണമെന്നും ഇല്ലെങ്കിൽ കമ്പനി പാപ്പരാകാൻ സാധ്യതയുണ്ടെന്നും വി സിഇഒ അക്ഷയ് മുന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. അല്ലെങ്കിൽ 2025-26 സാമ്പത്തിക വർഷത്തിനുശേഷം കമ്പനിക്ക് അതിന്‍റെ പ്രവർത്തനങ്ങൾ തുടരാൻ കഴിയില്ല. വിയിൽ സർക്കാരിന് 49% ഓഹരി ഉള്ളതിനാൽ, എല്ലാ പലിശയിൽ നിന്നും കുടിശ്ശികകളിൽ നിന്നും അതിനെ ഒഴിവാക്കണമെന്ന് കമ്പനി പറയുന്നു. അത്തരമൊരു സാഹചര്യത്തിൽ കമ്പനി അടച്ചുപൂട്ടുകയാണെങ്കിൽ, അതിന്റെ 20 കോടിയിലധികം ഉപഭോക്താക്കൾക്ക് വലിയ തിരിച്ചടി നേരിടേണ്ടിവരും.

എജിആറിന്റെ നിർവചനവും കണക്കുകൂട്ടലും സംബന്ധിച്ച ദീർഘകാല തർക്കം 2019-ലെ വിധിയിലൂടെ സുപ്രീംകോടതി പരിഹരിച്ചിരുന്നു. 2020 ലെ ഒരു വിധിയിൽ, സർക്കാരിന് നൽകേണ്ട മൊത്തം 93,520 കോടി രൂപ എജിആറുമായി ബന്ധപ്പെട്ട കുടിശ്ശിക അടയ്ക്കാൻ ടെലികോം ഓപ്പറേറ്റർമാർക്ക് കോടതി 10 വർഷത്തെ സമയം നൽകിയിരുന്നു. തിരിച്ചടവ് സമയം 20 വർഷമായി നീട്ടണമെന്ന ടെലികോം വകുപ്പിന്‍റെയും ടെൽകോം കമ്പനികളുടെയും അപേക്ഷ കോടതി നിരസിച്ചിരുന്നു.

സര്‍ക്കാരിന് വേണമെങ്കില്‍, മുമ്പത്തെപ്പോലെ കൂടുതല്‍ ഓഹരികള്‍ വാങ്ങി കമ്പനിക്ക് സാമ്പത്തിക ആശ്വാസം നല്‍കാന്‍ കഴിയും. എന്നാല്‍ നിലവില്‍ സര്‍ക്കാരിന് കമ്പനിയില്‍ 49% ഓഹരിയുണ്ട്. അതിനാൽ സർക്കാർ കൂടുതൽ ഓഹരികൾ വാങ്ങിയാൽ, വി ഒരു സർക്കാർ കമ്പനിയായി മാറും. ഈ സാഹചര്യത്തിൽ, രണ്ട് സർക്കാർ ടെലികോം കമ്പനികൾ നടത്തുന്നതിനുപകരം, സർക്കാരിന് വിയെ ബിഎസ്എൻഎല്ലിൽ ലയിപ്പിക്കാൻ കഴിയും. ഇത് ബി‌എസ്‌എൻ‌എല്ലിന്‍റെ ഉപഭോക്തൃ അടിത്തറ കൂടുതൽ വർധിപ്പിക്കുകയും അത് രാജ്യത്തെ മൂന്നാമത്തെ വലിയ ടെലികോം കമ്പനിയായി മാറുകയും ചെയ്യും.

അതേസമയം വോഡാഫോൺ-ഐഡിയയുടെ ചരിത്രം തന്നെ പലതരം ലയനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. എസ്സാറിൽ നിന്നാണ് ഈ ലയന ചരിത്രം തുടങ്ങിയത്. പിന്നീടത് ഹച്ചിസൺ എസ്സാർ ആയി മാറി. തുടർന്ന് ഹച്ച് ആയി മാറി. ഇതിനുശേഷം അത് വോഡാഫോണായി മാറി, ജിയോയുടെ വരവിനുശേഷം അത് വോഡാഫോൺ-ഐഡിയയായി കമ്പനി മാറുകയായിരുന്നു.

വോഡാഫോൺ-ഐഡിയ അടച്ചുപൂട്ടിയാൽ, ഇന്ത്യൻ ടെലികോം വിപണിയിൽ രണ്ട് സ്വകാര്യ കമ്പനികൾ മാത്രമേ അവശേഷിക്കൂ . ഇതൊരു അപകടകരമായ സാഹചര്യം ആണ്. കാരണം ഈ രണ്ട് കമ്പനികൾക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് വിപണി നിയന്ത്രിക്കാൻ കഴിയും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്