ഒരൊറ്റ വീഡിയോ കോൾ, ബാങ്ക് അക്കൗണ്ട് കാലിയാകും; ഞെട്ടിക്കും വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പ്

Published : Aug 18, 2025, 09:21 AM IST
WhatsApp Logo

Synopsis

ബാങ്ക് അക്കൗണ്ടിലെ ഒരു പ്രശ്‌നത്തെക്കുറിച്ചോ അല്ലെങ്കിൽ ഒരു റിവാർഡ് നേടിയതിനെക്കുറിച്ചോ പോലുള്ള കോളുകള്‍ വന്നാല്‍ ജാഗ്രത പുലര്‍ത്തുക

തിരുവനന്തപുരം: ആളുകളെ കബളിപ്പിക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യാനും ഓൺലൈൻ തട്ടിപ്പുകാർ പുതിയ വഴികൾ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. 'വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് ഫ്രോഡ്' എന്ന പേരിൽ അറിയപ്പെടുന്ന ഏറ്റവും പുതിയ തട്ടിപ്പ് ഇത്തരത്തിലുള്ള ഒന്നാണ്. വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പിൽ, ഒരു വീഡിയോ കോൾ വഴി ഹാക്കർമാർക്ക് നിങ്ങളുടെ സ്‍മാർട്ട്‌ഫോണിലേക്ക് പൂർണ്ണ ആക്‌സസ് ലഭിക്കും. കൂടാതെ, ഉപകരണത്തിലുള്ള ഡാറ്റ അവർക്ക് എളുപ്പത്തിൽ മോഷ്‍ടിക്കാനും കഴിയും. ഇരകൾക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്‍ടപ്പെടുകയും വാട്‌സ്ആപ്പ് വഴിയുള്ള ഒരു വീഡിയോ കോൾ വഴി ഐഡന്‍റിറ്റി മോഷണം നേരിടേണ്ടിവരികയും ചെയ്തേക്കാം.

അടുത്തിടെ, വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിന്‍റെ ഈ പുതിയ രീതിയെക്കുറിച്ച് വൺകാർഡ് തങ്ങളുടെ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പിനെക്കുറിച്ച് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്ന് വൺകാർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. വൺകാർഡിന് പുറമേ, മറ്റ് കമ്പനികളും ഈ തട്ടിപ്പിനെക്കുറിച്ച് പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

എന്താണ് വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പ് ?

സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ വാട്‌സ്ആപ്പ് വഴി അവരുടെ ഫോൺ സ്‌ക്രീനുകൾ പങ്കിടാൻ സമർത്ഥമായി വശീകരിക്കുന്നതാണ് ഈ തട്ടിപ്പ്. തട്ടിപ്പുകാർ ഇരകളെ വിളിച്ച് അവരുടെ ബാങ്ക് അക്കൗണ്ടിലെ ഒരു പ്രശ്‌നത്തെക്കുറിച്ചോ അല്ലെങ്കിൽ ഒരു റിവാർഡ് നേടിയതിനെക്കുറിച്ചോ പറയുകയും അക്കൗണ്ട് സ്ഥിരീകരണത്തിനായി അവരുടെ ഫോൺ സ്‌ക്രീൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. സ്‌ക്രീൻ ഷെയർ ചെയ്‌തു കഴിഞ്ഞാൽ, സ്‌കാമർമാർക്ക് ബാങ്ക് വിശദാംശങ്ങൾ, പാസ്‌വേഡുകൾ, ഒറ്റത്തവണ പാസ്‌വേഡുകൾ (ഒടിപികൾ) പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ തത്സമയം കാണാൻ കഴിയും. വൺകാർഡ് ഉൾപ്പെടെയുള്ള വിദഗ‌്‌ധരും ധനകാര്യ സ്ഥാപനങ്ങളും ഈ തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പുകൾ നൽകുകയും നിരവധി പ്രതിരോധ നടപടികൾ നിർദ്ദേശിക്കുകയും ചെയ്‌തിട്ടുണ്ട്.

വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പ് ഇങ്ങനെ

ഒരു ട്യൂട്ടോറിയൽ കാണിക്കുന്നതിനോ അല്ലെങ്കിൽ ഒരു പ്രശ്‍നം പരിഹരിക്കാൻ സഹായിക്കുന്നതിനോ വേണ്ടി, ഒരു സാധാരണ കോളിൽ നിന്ന് ഒരു വാട്‌സ്ആപ്പ് വീഡിയോ കോളിലേക്ക് മാറാൻ തട്ടിപ്പുകാർ നിങ്ങളോട് ആവശ്യപ്പെടും. ഇതിനുശേഷം, ഈ തട്ടിപ്പുകാർ ഒരു കോഡോ മാൽവെയർ ലിങ്കോ പങ്കിടും. നിങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുകയോ കോഡ് ഉപയോഗിക്കുകയോ ചെയ്യുമ്പോൾ, നിങ്ങളുടെ ഫോണിന്‍റെ പൂർണ്ണ നിയന്ത്രണം ഹാക്കർമാർക്ക് ലഭിക്കും. ഇതിനുശേഷം ഒടിപി, സിവിവി, പിൻ, പാസ്‌വേഡ് പോലുള്ള സെൻസിറ്റീവ് വിവരങ്ങൾ അവർക്ക് എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും.

വാട്‌സ്ആപ്പ് സ്‌ക്രീൻ മിററിംഗ് തട്ടിപ്പ് എങ്ങനെ തടയാം?

അജ്ഞാതമോ സംശയാസ്‍പദമോ ആയ നമ്പറുകളിൽ നിന്നുള്ള വീഡിയോ കോളുകൾ ഒരിക്കലും സ്വീകരിക്കരുത്. കൂടാതെ നിങ്ങളുടെ ഫോണിന്‍റെ സ്‌ക്രീൻ ഒരിക്കലും അജ്ഞാതരുമായി ഷെയർ ചെയ്യരുത്. ദുർബലമായ സുരക്ഷയുള്ള ഏതെങ്കിലും സ്‍മാർട്ട്‌ഫോണുകൾ വഴി മൊബൈൽ ബാങ്കിംഗ്, യുപിഐ ആപ്പുകൾ അല്ലെങ്കിൽ ഇ-വാലറ്റുകൾ പോലുള്ള സാമ്പത്തിക ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ എല്ലാ സാമ്പത്തിക, മെസേജിംഗ് ആപ്പുകളിലും ടു-ഫാക്‌ടർ ഓതന്‍റിക്കേഷൻ പ്രാപ്‍തമാക്കുക.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam ,New Gadgets, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും ഇവിടെ അറിയാം

Read more Articles on
click me!

Recommended Stories

വണ്‍പ്ലസിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ബാറ്ററി, പുത്തന്‍ ചിപ്പ്; വണ്‍പ്ലസ് 15ആര്‍ ഫീച്ചറുകള്‍ അറിവായി
ആപ്പിളിനെ സംശയിച്ച് ഉപയോക്താക്കള്‍; പുതിയ ഐഫോണ്‍ 17 പ്രോ മോഡലുകളില്‍ ആ ക്യാമറ ഫീച്ചറില്ല! സംഭവിച്ചത് ഇത്