
തിരുവനന്തപുരം: വായിക്കാത്ത മെസേജുകളുടെ സംഗ്രഹങ്ങൾ വാട്‍സ്ആപ്പ് ഇനിമുതൽ നിങ്ങൾക്ക് കാണിച്ചുതരും. വാട്‍സ്ആപ്പിൽ മെറ്റ എഐയിൽ പ്രവർത്തിക്കുന്ന സമ്മറി ഫീച്ചർ ചേർക്കുന്നതായി കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ചാറ്റിൽ വായിക്കാതെ കിടക്കുന്ന സന്ദേശങ്ങൾ മെറ്റാ എഐ ഉപയോഗിച്ച് സംഗ്രഹിക്കുന്നതാണ് പുതിയ ഫീച്ചർ.
ചാറ്റുകളുടെ ചെറിയ സമ്മറികൾ സൃഷ്‍ടിക്കാൻ ഈ സവിശേഷത മെറ്റ എഐ ഉപയോഗിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് ടെക്സ്റ്റുകളുടെ ഇടയിലൂടെ സ്ക്രോൾ ചെയ്യാതെ തന്നെ വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളിലെ വായിക്കാത്ത സന്ദേശങ്ങൾ വേഗത്തിൽ മനസിലാക്കാൻ സഹായിക്കുന്നു. ഇംഗ്ലീഷിനുള്ള പിന്തുണയോടെ ഈ ഫീച്ചർ നിലവിൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാട്‍സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭ്യമാണ്.
ഈ വർഷം അവസാനത്തോടെ വാട്‍സ്ആപ്പ് കൂടുതൽ പ്രദേശങ്ങളിലേക്കും മറ്റ് ഭാഷകളിലേക്കും ഈ പുതിയ ഫീച്ചർ വ്യാപിപ്പിക്കും. മെറ്റ എഐ വഴി കൃത്രിമബുദ്ധി വാട്‍സ്ആപ്പ് അനുഭവത്തിലേക്ക് കൂടുതൽ ആഴത്തിൽ സംയോജിപ്പിക്കാനുള്ള മെറ്റയുടെ വിശാലമായ പദ്ധതിയുടെ ഭാഗമാണ് സ്വകാര്യ മെസേജ് സമ്മറികൾ. ഈ ഫീച്ചർ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് ഓരോ ചാറ്റും തുറന്ന് സന്ദേശങ്ങളുടെ ഒരു നീണ്ട ബാക്ക്‌ലോഗ് വായിക്കുന്നതിനുപകരം ഉള്ളടക്കം സംഗ്രഹിക്കാൻ മെറ്റ എഐയോട് ആവശ്യപ്പെടാൻ കഴിയും.
ഒരിക്കൽ ആവശ്യപ്പെട്ടാൽ മെറ്റ എഐ ഉപയോക്താക്കളുടെ സന്ദേശങ്ങളെ ബുള്ളറ്റ് പോയിന്‍റുകളായി സംഗ്രഹിക്കുകയും സംഭാഷണത്തിലെ പ്രസക്ത ഭാഗങ്ങളെക്കുറിച്ച് പെട്ടെന്നുള്ള ഒരു അവലോകനം നൽകുകയും ചെയ്യും. വൺ-ഓൺ-വൺ ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഈ ഫീച്ചർ ലഭ്യമാകും. കൂടാതെ അതിവേഗം സന്ദേശങ്ങൾ കുമിഞ്ഞുകൂടുന്ന സംഭാഷണ വേളകളിൽ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും.
സ്വകാര്യ പ്രോസസിംഗ് ഉപയോഗിച്ചാണ് മെസേജ് സമ്മറി ഫീച്ചർ പ്രവർത്തിക്കുന്നത്.അതായത് ബാഹ്യ സെർവറുകളിലേക്ക് കൈമാറാതെയോ കമ്പനി സിസ്റ്റങ്ങൾക്ക് വെളിപ്പെടുത്താതെയോ ആണ് എഐ ഈ ഡാറ്റ പ്രോസസ് ചെയ്യുന്നത്. മെറ്റയ്‌ക്കോ വാട്‍സ്ആപ്പിനോ സന്ദേശങ്ങളുടെ യഥാർഥ ഉള്ളടക്കമോ സൃഷ്ടിക്കപ്പെടുന്ന സമ്മറികളോ കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മെറ്റ പറയുന്നു.
സ്വകാര്യത സംരക്ഷിക്കുന്നവിധത്തിലാണ് സംഗ്രഹങ്ങൾ സൃഷ്ടിക്കുന്നതെന്നും മെറ്റ ഉറപ്പിച്ചുപറയുന്നു. മെറ്റയുടെ എഐ മോഡലുകൾ സംഗ്രഹങ്ങളോ അവ പ്രോസസ് ചെയ്യുന്ന സന്ദേശങ്ങളോ നിലനിർത്തുകയോ പഠിക്കുകയോ ചെയ്യുന്നില്ല. ഇതിനർഥം ഡാറ്റ മെറ്റയിലേക്കോ വാട്‍സ്ആപ്പിലോ ആക്‌സസ് ചെയ്യാൻ കഴിയില്ലെന്നും ചാറ്റിലുള്ള മറ്റെല്ലാവർക്കും അദൃശ്യമായി തുടരുമെന്നുമാണ്. അതായത് സമ്മറി ആവശ്യപ്പെടുന്ന ഉപയോക്താവിന് മാത്രമേ അത് കാണാൻ കഴിയൂ. മാത്രമല്ല ഒരു ഓപ്‌ഷണൽ ഫീച്ചറായിരിക്കും ഇത്. ആവശ്യമുള്ള ഉപഭോക്താക്കൾ അത് സ്വമേധയാ ഓണാക്കണം. അഡ്വാൻസ്‍ഡ് ചാറ്റ് പ്രൈവസി കൺട്രോളുകളിൽ ഉപയോക്താക്കൾക്ക് അവരുടെ സെറ്റിംഗ്‍സുകൾ ക്രമീകരിക്കാനും ഇതുപോലുള്ള എഐ പവർഡ് ഫീച്ചറുകളിൽ ഏതൊക്കെ ചാറ്റുകൾ ഉൾപ്പെടുത്താമെന്ന് വ്യക്തമാക്കാനും കഴിയും.
കൂടാതെ, ഒരു ഉപയോക്താവ് മെറ്റാ എഐയോട് സന്ദേശങ്ങൾ സംഗ്രഹിക്കാൻ ആവശ്യപ്പെടുമ്പോൾ, ഈ മെസേജ് സമ്മറികൾ മറ്റ് ചാറ്റ് പങ്കാളികളെ അറിയിക്കുകയുമില്ല. ഗ്രൂപ്പിലോ വ്യക്തിഗത ചാറ്റിലോ ആകട്ടെ, വാട്‍സ്ആപ്പ് സംഗ്രഹങ്ങൾ ഒരു സ്വകാര്യ പ്രവർത്തനമായി തുടരുമെന്നും സംഭാഷണത്തിൽ ഉൾപ്പെട്ടിരിക്കുന്ന മറ്റുള്ളവർക്ക് ദൃശ്യമായ ഒരു സൂചകമോ അലേർട്ടോ അയയ്ക്കില്ലെന്നും മെറ്റ വാഗ്‍ദാനം ചെയ്യുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam