
കാലിഫോർണിയ: വാട്‍സ്ആപ്പ് ഉപയോക്താക്കൾക്ക് ആപ്പ് ഐക്കണിന്‍റെ നിറം, തീമുകള്‍ തുടങ്ങിയവ കസ്റ്റമൈസ് ചെയ്യുന്നതിനുള്ള സൗകര്യം നൽകാൻ മെറ്റ ഒരുങ്ങുന്നതായി റിപ്പോർട്ട്. ആൻഡ്രോയിഡ് പതിപ്പിൽ വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ ഫീച്ചറുകൾ ബീറ്റാ ടെസ്റ്റിംഗിൽ കണ്ടെത്തിയതായി ഫീച്ചർ ട്രാക്കറായ വാബീറ്റ ഇൻഫോ റിപ്പോർട്ട് ചെയ്യുന്നു. ഈ സവിശേഷതകൾ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടാനുസരണം വാട്‍സ്ആപ്പിന്‍റെ രൂപം പുതുക്കാൻ അനുവദിക്കും എന്നാണ് റിപ്പോർട്ടുകൾ.
വാട്സ്ആപ്പ് ബീറ്റാ ഫോർ ആൻഡ്രോയ്ഡ് വേർഷൻ 2.26.6.1-ലാണ് ഈ പുതിയ ഫീച്ചറുകൾ പരീക്ഷിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഈ പതിപ്പ് ഡെവലപ്പർമാർക്കും തിരഞ്ഞെടുക്കപ്പെട്ട ടെസ്റ്റർമാർക്കും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഇത് ഇതുവരെ ലഭ്യമല്ലെങ്കിലും ഭാവിയിലെ വാട്‍സ്ആപ്പ് അപ്ഡേറ്റുകളിൽ ഇത് എത്താൻ സാധ്യതയുണ്ട്.
വർഷങ്ങളായി വാട്‍സ്ആപ്പിന്‍റെ അടയാളമായി നിലകൊണ്ടിരുന്ന പച്ച നിറത്തിലുള്ള പരമ്പരാഗത ബ്രാൻഡിംഗിൽ നിന്ന് മാറി, കൂടുതൽ വൈവിധ്യമാർന്ന ദൃശ്യാനുഭവം നൽകുകയാണ് ഈ അപ്ഡേറ്റിന്‍റെ പ്രധാന ലക്ഷ്യം. ഉപയോക്താക്കളുടെ വ്യക്തിഗത താൽപ്പര്യങ്ങൾക്ക് അനുസരിച്ച് ആപ്പ് രൂപഭാവം മാറ്റാൻ സാധിക്കുന്നവിധം നിരവധി ദൃശ്യ ഘടകങ്ങൾ ഉൾപ്പെടുത്താനാണ് വാട്സ്ആപ്പ് അധികൃതരുടെ പദ്ധതിയെന്നാണ് റിപ്പോർട്ട്.
വാട്സ്ആപ്പില്‍ വരാനിരിക്കുന്ന ഏറ്റവും ശ്രദ്ധേയമായ മാറ്റം 14 വ്യത്യസ്‍ത ആപ്പ് ഐക്കണുകളുടെ അവതരണമാണ്. ഇതിൽ ഏഴ് ഐക്കണുകൾ നീല, തവിട്ട്, പച്ച, മോണോക്രോം, ഓറഞ്ച്, പിങ്ക്, പർപ്പിൾ എന്നിവ ഉൾപ്പെടെ ലളിതമായ ഏകവർണ്ണ ഡിസൈനുകളായിരിക്കും. ശേഷിക്കുന്ന ഐക്കണുകൾ കൂടുതൽ സ്റ്റൈലിഷ് രൂപത്തിലാണ് എത്തുക. അറോറ, ഫ്ലഫി, ഗാലക്സി, ക്ലേ, സ്പാർക്കിൾ, നിയോൺ എന്നീ പേരുകളോടെയുള്ള ഡിസൈനുകൾ ഉപയോക്താക്കൾക്ക് പുതുമയാർന്ന ലുക്ക് നൽകും എന്നാണ് റിപ്പോർട്ടുകൾ.
ഈ ഐക്കണുകൾ ഉപയോഗിച്ച് ഹോം സ്ക്രീനിലും ആപ്പ് ഡ്രോയറിലും വാട്‍സ്ആപ്പിന്‍റെ ദൃശ്യരൂപം മാറ്റാനാകും. തേർഡ് പാർട്ടി ആപ്പുകളെയും മറ്റും ആശ്രയിക്കാതെ തന്നെ ഉപയോക്താവിന് ഇഷ്‍ടമുള്ള രൂപഭാവം സജ്ജീകരിക്കാൻ ഇത് സഹായിക്കും. ഐക്കണുകൾക്ക് പുറമെ, ആപ്പിന്‍റെ പ്രധാന ബ്രാൻഡിംഗ് നിറവും മാറ്റാനുള്ള സൗകര്യവും വരാനിടയുണ്ട്. 19 വരെ നിറങ്ങൾ തിരഞ്ഞെടുക്കാൻ സാധിക്കും എന്നാണ് റിപ്പോർട്ടുകൾ. റോയൽ ബ്ലൂ, വയലറ്റ്, കോറൽ, ടീൽ, തവിട്ട്, ബീജ്, മഞ്ഞ, പിങ്ക്, ചുവപ്പ്, ഓറഞ്ച്, ഡാർക്ക് ഒലീവ് ഗ്രീൻ തുടങ്ങിയ നിറങ്ങൾ ഡിഫോൾട്ട് പച്ചയ്ക്കൊപ്പം ലഭ്യമായേക്കും. പഴയ പതിപ്പുകളുടെ ക്ലാസിക് ഡിസൈനും തിരിച്ചെത്താൻ സാധ്യതയുണ്ട്.
തിരഞ്ഞെടുക്കുന്ന നിറങ്ങൾ ടാബുകൾ, ഫിൽറ്ററുകൾ, ഫ്ലോട്ടിംഗ് ആക്ഷൻ ബട്ടണുകൾ തുടങ്ങിയ ഇന്റർഫേസ് ഭാഗങ്ങളിൽ പ്രതിഫലിക്കുമെന്നാണ് സൂചന. ഇതുവഴി ആപ്പിന്റെ മുഴുവൻ ഭാഗത്തും ഏകോപിതമായ ഒരു തീം അനുഭവം ഉറപ്പാക്കാനാകും. അതേസമയം ഈ പുതിയ ഫീച്ചറുകളുടെ കൃത്യമായ ലോഞ്ച് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും, ഉപയോക്താക്കളുടെ വ്യക്തിഗത അനുഭവം മെച്ചപ്പെടുത്താനുള്ള വാട്‍സ്ആപ്പിന്‍റെ പുതിയ ശ്രമമായി ഈ അപ്ഡേറ്റ് വിലയിരുത്തപ്പെടുന്നു.
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam