'സുരക്ഷാ ഭീഷണി': രാജ്യം വിടാൻ തയ്യാറായിക്കോളാന്‍ വാട്‌സ്ആപ്പിനോട് റഷ്യ, പകരം സ്വന്തം ആപ്പ്

Published : Jul 20, 2025, 10:00 AM ISTUpdated : Jul 20, 2025, 10:05 AM IST
WhatsApp logo

Synopsis

മെറ്റയുടെ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും മുമ്പ് നിരോധിച്ചതുപോലെ വാട്സ്ആപ്പും റഷ്യയില്‍ ഉടനടി നിരോധിക്കാന്‍ സാധ്യത

മോസ്‌കോ: റഷ്യയിൽ ജനപ്രിയ മെസേജിംഗ് ആപ്പായ വാട്‌സ്‌ആപ്പിന്‍റെ ഭാവി ആശങ്കയില്‍. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് റഷ്യൻ വിപണിയിൽ നിന്ന് പുറത്തുകടക്കാൻ ഒരുങ്ങിക്കൊള്ളണമെന്ന് റഷ്യന്‍ പാർലമെന്‍റിന്‍റെ അധോസഭയായ ഇൻഫർമേഷൻ ടെക്‌നോളജി കമ്മിറ്റിയുടെ ഡെപ്യൂട്ടി ഹെഡ് ആന്‍റൺ ഗൊറെൽകിൻ പ്രസ്താവിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. വരും കാലങ്ങളിൽ വാട്സ്ആപ്പിനെ നിരോധിത സോഫ്റ്റ്‌വെയറുകളുടെ പട്ടികയിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നും അദേഹം സൂചന നൽകിയതായി റോയിട്ടേഴ്‌സിന്‍റെ റിപ്പോർട്ടില്‍ പറയുന്നു. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും മുമ്പ് നിരോധിച്ചതുപോലെ വാട്സ്ആപ്പും റഷ്യയില്‍ നിരോധനത്തിന്‍റെ പാതയിലാണെന്നാണ് റിപ്പോർട്ടുകൾ.

ഒരു സ്റ്റേറ്റ് മെസേജിംഗ് ആപ്പ് വികസിപ്പിക്കാൻ ആവശ്യപ്പെടുന്ന ഒരു പുതിയ നിയമം റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ കഴിഞ്ഞ മാസം പാസാക്കിയിരുന്നു. പൗരന്മാർ തമ്മിലുള്ള ആശയവിനിമയത്തിനുള്ള ഒരു മാർഗമായി മാത്രമല്ല, സർക്കാർ സേവനങ്ങളുമായി സംയോജിപ്പിക്കുന്നതാണ് ഈ നിയമം. വാട്സ്ആപ്പ്, ടെലിഗ്രാം തുടങ്ങിയ വിദേശ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ റഷ്യയുടെ ആശ്രിതത്വം കുറയ്ക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

റഷ്യൻ സർക്കാർ സാങ്കേതികവിദ്യയിൽ തങ്ങളുടെ ഇടപെടൽ വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആന്‍റൺ ഗൊറെൽകിന്‍റെ പ്രസ്താവന സ്ഥിരീകരിക്കുന്നു. വാട്സ്ആപ്പ് റഷ്യയിൽ നിന്ന് പിന്മാറിയാൽ, സർക്കാരിന്‍റെ പുതിയ ആപ്പിന് വിപണി വിഹിതം വർധിപ്പിക്കാനുള്ള അവസരമാകുമെന്ന് അദേഹം പറഞ്ഞു. റഷ്യക്കാരിൽ 68 ശതമാനം പേരും ദിവസവും ഉപയോഗിക്കുന്ന വാട്സ്ആപ്പ് രാജ്യം ഉപേക്ഷിച്ചാൽ, സർക്കാർ പിന്തുണയുള്ള ആപ്പായ MAX-ന് വിപണി വിഹിതം നേടാൻ കഴിയുമെന്ന് ആന്‍റൺ ഗൊറെൽകിൻ ടെലിഗ്രാമിലെ പ്രസ്താവനയിൽ വ്യക്തമാക്കി. വിദേശ മെസേജിംഗ് ആപ്പുകൾക്ക് പകരം സ്വന്തം വഴികൾ സ്വീകരിക്കുന്നതിലാണ് റഷ്യ ഇപ്പോൾ ഊന്നൽ നൽകുന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്.

റഷ്യയിൽ വാട്സ്ആപ്പ് നിരോധിക്കുകയോ കമ്പനി തന്നെ വിപണിയിൽ നിന്ന് പുറത്തുപോകുകയോ ചെയ്‌താൽ, ഉപയോക്താക്കൾ വികെ മെസഞ്ചർ അല്ലെങ്കിൽ പുതിയ സർക്കാർ ആപ്പ് പോലുള്ള പുതിയ ഓപ്ഷനുകളിലേക്ക് മാറേണ്ടിവരും. ഇതിനുപുറമെ, ബിസിനസ് ആശയവിനിമയങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ബാധിച്ചേക്കാം. തദ്ദേശീയ സേവനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഡിജിറ്റൽ പരമാധികാരം സ്ഥാപിക്കാൻ റഷ്യ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. റഷ്യയുടെ പുതിയ സ്റ്റേറ്റ് പിന്തുണയുള്ള മെസേജിംഗ് ആപ്പ് ഉപയോക്താക്കളുടെ പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്തേക്കാമെന്നും ഡൗൺലോഡുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി റഷ്യ വാട്സ്‌ആപ്പിന്‍റെ വേഗത കുറയ്ക്കുമെന്നും വിമർശകർ ആശങ്ക പ്രകടിപ്പിച്ചു.

റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ നടക്കുന്ന വലിയ രാഷ്ട്രീയ സംഘർഷത്തിന്‍റെ ഭാഗമായി കൂടി ഈ നടപടിയെ കണക്കാക്കാം. മുൻകാലങ്ങളിലും, വിദേശ ടെക് കമ്പനികൾക്ക് മേൽ റഷ്യ നിരവധി തവണ ഉപരോധം ഏർപ്പെടുത്തുകയോ അവരുടെ പ്രവർത്തനങ്ങൾ കർശനമാക്കുകയോ ചെയ്തിട്ടുണ്ട്. 2024 മധ്യത്തിൽ 40 ദശലക്ഷത്തിലധികം ആയിരുന്ന റഷ്യയിലെ യൂട്യൂബിന്‍റെ പ്രേക്ഷകരുടെ എണ്ണം കഴിഞ്ഞ വർഷം 10 ദശലക്ഷത്തിൽ താഴെയായി കുറഞ്ഞു. ഡൗൺലോഡ് വേഗത കുറവായതിനാൽ ആളുകൾക്ക് ആക്‌സസ് ചെയ്യുന്നത് ബുദ്ധിമുട്ടായി. ഫേസ്ബുക്കിന് പുറമേ, ഇൻസ്റ്റാഗ്രാമും അവിടെ നിരോധിച്ചിട്ടുണ്ട്. ആശയവിനിമയ ഉപകരണമായതിനാൽ വാട്സ്ആപ്പ് ഇതുവരെ നിരോധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ അതും നിരോധിച്ചേക്കാം എന്നാണ് പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അപകടസമയത്ത് സംസാരിക്കാനായില്ലെങ്കിലും സ്‍മാർട്ട്‌ഫോൺ രക്ഷയ്‌ക്കെത്തും! ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിൾ
പുതിയ ഫീച്ചറുകൾ പ്രഖ്യാപിച്ച് വാട്‍സ്ആപ്പ്; കോളിംഗ്, വോയിസ് ചാറ്റ്, സ്റ്റാറ്റസ് അപ്‌ഡേറ്റ് അനുഭവങ്ങള്‍ മാറും