
കാലിഫോര്‍ണിയ: വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വീഡിയോ കോളുകള്‍ ഏറെ ഇഷ്ടമാണെങ്കിലും അതിലൊരു റിസ്‌ക് ഉണ്ട്. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നോ, താത്പര്യമില്ലാത്തവരോ വീഡിയോ കോള്‍ വിളിച്ചാല്‍ ക്യാമറ ഓഫാക്കി അറ്റന്‍ഡ് ചെയ്യാന്‍ നിലവില്‍ വാട്‌സ്ആപ്പില്‍ മാര്‍ഗമില്ല. പകരം വീഡിയോ കോള്‍ എടുക്കാതിരിക്കുകയോ കട്ട് ചെയ്യുകയോ മാത്രമാണ് പോംവഴി. ഇനി ഈ സങ്കീര്‍ണതകളെല്ലാം ഒഴിവാക്കാന്‍ വഴിയൊരുങ്ങുകയാണ്.
വാട്സ്ആപ്പില്‍ വരുന്ന വീഡിയോ കോളുകള്‍ ക്യാമറ ഓഫാക്കിയ ശേഷം അറ്റന്‍ഡ് ചെയ്യാനാവുന്ന ഫീച്ചര്‍ മെറ്റ തയ്യാറാക്കുകയാണ്. വാട്സ്ആപ്പിന്‍റെ ആന്‍ഡ്രോയ്ഡ് വേര്‍ഷനിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്ന് ആന്‍ഡ്രോയ്ഡ് അതോറിറ്റി പറയുന്നു. ഡിജിറ്റല്‍ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ പുത്തന്‍ ഫീച്ചര്‍ വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ഉപകാരപ്പെടും. പരിചയമില്ലാത്ത നമ്പറുകളില്‍ നിന്ന് വീഡിയോ കോള്‍ വന്നാല്‍ ക്യാമറ ഓഫാക്കി കോള്‍ അറ്റന്‍റ് ചെയ്യാം, വിളിക്കുന്ന ആളെ വ്യക്തമായ ശേഷം മാത്രം ക്യാമറ ഓപ്പണാക്കിയാല്‍ മതിയാകും. ഈ ഫീച്ചര്‍ ഏറെ സൈബര്‍ തട്ടിപ്പുകള്‍ തടയാന്‍ ഉപകരിക്കും.
വാട്സ്ആപ്പില്‍ വീഡിയോ കോള്‍ ഫീഡ് ഓഫാക്കാനുള്ള ഫീച്ചര്‍ നിലവില്‍ ലഭ്യമാണെങ്കിലും കോള്‍ അറ്റന്‍റ് ചെയ്തുകഴിഞ്ഞ ശേഷമേ ഇത് സാധ്യമായിരുന്നുള്ളൂ. അതായത് മറുവശത്ത് ആരാണ് എന്ന് വ്യക്തമായ ശേഷം മാത്രമേ വീഡിയോ കോളിലെ ക്യാമറ ഓഫാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നത്. ഈ ന്യൂനതയാണ് വരാനിരിക്കുന്ന ആന്‍ഡ്രോയ്ഡ് അപ്‌ഡേറ്റില്‍ വാട്സ്ആപ്പ് പരിഹരിക്കാനൊരുങ്ങുന്നത്.
അതേസമയം എക്‌സിലെ (പഴയ ട്വിറ്റര്‍) പോലെ 'ത്രഡഡ് മെസേജ് റിപ്ലൈകള്‍' (Threaded Message Replies) ചെയ്യാനുള്ള ഫീച്ചറും വാട്സ്ആപ്പില്‍ മെറ്റ കൊണ്ടുവരാന്‍ തയ്യാറെടുക്കുകയാണ്. ഈ ഫീച്ചര്‍ വരുന്നതോടെ ക്വാട്ട് ചെയ്താല്‍ ഏതെങ്കിലുമൊരു പ്രത്യേക വിഷയത്തെയോ ചര്‍ച്ചയേയോ കുറിച്ചുള്ള മെസേജുകള്‍ നിങ്ങള്‍ക്ക് ലിസ്റ്റ് ചെയ്ത് കാണാന്‍ കഴിയും. വാട്സ്ആപ്പ് അപ്‌ഡേറ്റുകള്‍ അറിയിക്കുന്ന വാബീറ്റ ഇന്‍ഫോയാണ് പുത്തന്‍ ഫീച്ചറിനെ കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
Read more: മെസേജുകള്‍ തപ്പി സമയം കളയേണ്ടിവരില്ല; വാട്‌സ്ആപ്പ് പുത്തന്‍ ഫീച്ചര്‍ കൊണ്ടുവരുന്നു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam, AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam