സോഴ്‌സ് കോഡ് ആവശ്യപ്പെട്ട് കേന്ദ്രം; എതിര്‍ക്കുന്ന സ്‍മാർട്ട്‌ഫോൺ കമ്പനികളുടെ വാദങ്ങള്‍ ഇങ്ങനെ

Published : Jan 12, 2026, 12:05 PM IST
smartphone

Synopsis

സർക്കാരിന്‍റെ ഈ നീക്കം ആപ്പിൾ, സാംസങ്, ഷവോമി തുടങ്ങിയ ആഗോള സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികൾക്കിടയിൽ കാര്യമായ ആശങ്കകൾക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ടെന്നും റോയിട്ടേഴ്‌സിന്‍റെ വാര്‍ത്തയിലുണ്ട്

ദില്ലി: സ്‍മാർട്ട്‌ഫോണുകളുടെ സോഴ്‌സ് കോഡ് പങ്കിടാന്‍ അടക്കമുള്ള കേന്ദ്ര സർക്കാരിന്‍റെ പുത്തന്‍ ആവശ്യങ്ങളെ എതിര്‍ത്ത് മൊബൈല്‍ കമ്പനികള്‍. ഉപകരണങ്ങളുടെ സോഴ്‌സ് കോഡ് പങ്കിടാനും അവരുടെ സോഫ്റ്റ്‌വെയറിൽ വലിയ മാറ്റങ്ങൾ വരുത്താനും ഫോണ്‍ കമ്പനികളോട് സർക്കാർ നിർദ്ദേശിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. സർക്കാരിന്‍റെ ഈ നീക്കം ആപ്പിൾ, സാംസങ്, ഷവോമി തുടങ്ങിയ ആഗോള സ്‌മാര്‍ട്ട്‌ഫോണ്‍ കമ്പനികൾക്കിടയിൽ കാര്യമായ ആശങ്കകൾക്കും പ്രതിഷേധത്തിനും കാരണമായിട്ടുണ്ടെന്നും റോയിട്ടേഴ്‌സിന്‍റെ വാര്‍ത്തയിലുണ്ട്.

83 സുരക്ഷാ മാനദണ്ഡങ്ങൾ

സ്‍മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ ഡിജിറ്റൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി ടെലികോം സെക്യൂരിറ്റി അഷ്വറൻസ് ആവശ്യകതകൾ (ITSAR) പ്രകാരം ഇന്ത്യൻ സർക്കാർ സോഴ്‌സ് കോഡ് പരിശോധന ഉൾപ്പെടെ 83 സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട് എന്നാണ് വിവരം. ഇതനുസരിച്ച് കമ്പനികൾ അവരുടെ ഉപകരണങ്ങളുടെ സോഴ്‌സ് കോഡ് സർക്കാരുമായി പങ്കിടേണ്ടിവരും. സൈബർ ആക്രമണങ്ങൾ, ഡാറ്റ മോഷണം, ചാരവൃത്തി എന്നിവയ്‌ക്കെതിരെ പ്രതിരോധശേഷിയുള്ള ഡിജിറ്റൽ ഉപകരണങ്ങളാക്കി സ്‍മാർട്ട്‌ഫോണുകളെ മാറ്റുക എന്നതാണ് ഇതിന്‍റെ ലക്ഷ്യമെന്നാണ് അവകാശവാദം.

കമ്പനികൾ എന്തിനോടാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്?

വിവിധ സ്‍മാർട്ട്‌ഫോൺ കമ്പനികൾ ഈ പുതിയ നീക്കത്തെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്. ഈ മാനദണ്ഡങ്ങൾ അപ്രായോഗികമാണെന്ന് മാത്രമല്ല, സുരക്ഷയുടെ പേരിൽ ഡാറ്റ സ്വകാര്യതയ്ക്ക് കാര്യമായ ഭീഷണി ഉയർത്തുകയും ചെയ്യുന്നു എന്നാണ് കമ്പനികളുടെ വാദം. ബൗദ്ധിക സ്വത്തവകാശത്തെ (IP) സംബന്ധിച്ചുള്ള ആശങ്കകളും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. സോഴ്സ് കോഡ് ഒരു കമ്പനിയുടെ ഏറ്റവും രഹസ്യമായ വ്യാപാര രഹസ്യമാണ്. ഇത് പങ്കിടുന്നത് അവരുടെ സാങ്കേതികവിദ്യ പൊതുജനങ്ങൾക്ക് വെളിപ്പെടുത്തുമെന്ന് കമ്പനികൾ ഭയപ്പെടുന്നു. കൂടാതെ നിരന്തരം മാൽവെയർ സ്‍കാനിംഗ് ടൂളുകൾ ഫോണുകളുടെ ബാക്ക്‌ഗ്രൗണ്ടില്‍ പ്രവർത്തിപ്പിക്കുന്നത് ഫോണിന്‍റെ ബാറ്ററി വേഗത്തിൽ തീർക്കുകയും പ്രോസസിംഗ് വേഗത കുറയ്ക്കുമെന്നും കമ്പനികൾ പറയുന്നു. യൂറോപ്യൻ യൂണിയൻ, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ കർശനമായ നിയന്ത്രണങ്ങളുള്ള വിപണികളിൽ പോലും ഇത്തരം വ്യവസ്ഥകൾ ഇല്ലെന്നും ടെക്ക് ഭീമന്മാർ ചൂണ്ടിക്കാട്ടുന്നു.

ഉടൻ യോഗം ചേരും

കേന്ദ്ര സര്‍ക്കാര്‍ 2023-ൽ തയ്യാറാക്കിയ സുരക്ഷാ മാനദണ്ഡങ്ങളാണ് ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത്. നിയമപരമായി നടപ്പാക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ട്. കൂടുതൽ ചർച്ചകൾക്കായി ഐടി മന്ത്രാലയവും ടെക് എക്‌സിക്യൂട്ടീവുകളും ചൊവ്വാഴ്‌ച യോഗം ചേരുമെന്നും വാര്‍ത്തകളില്‍ പറയുന്നു.

PREV

ഏറ്റവും പുതിയ Technology News മലയാളത്തിൽ അറിയാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം ഒപ്പമിരിക്കുക. Mobile Reviews in Malayalam,  AI പോലുള്ള പുതുപുത്തൻ സാങ്കേതിക നവീകരണങ്ങൾ തുടങ്ങി ടെക് ലോകത്തിലെ എല്ലാ പ്രധാന അപ്‌ഡേറ്റുകളും അറിയാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തുടര്‍ തിരിച്ചടി ചരിത്രത്തിലാദ്യം; പിഎസ്എല്‍വി റോക്കറ്റ് വിക്ഷേപണം വീണ്ടും നിരാശ
ഭൗമാന്വേഷണത്തിന് ഡിആര്‍ഡിഒയുടെ 'അന്വേഷ'; പിഎസ്എല്‍വി-സി62 ദൗത്യം ഐഎസ്ആര്‍ഒ വിക്ഷേപിച്ചു