സാംസങിനെ പിന്നിലാക്കി ഷവോമി ഇന്ത്യയിൽ ഒന്നാമത്

By Web DeskFirst Published Jan 25, 2018, 3:19 PM IST
Highlights

ലോകത്തിലെ അതിവേഗം വളരുന്ന സ്‌മാര്‍ട്ഫോണ്‍ വിപണിയാണ് ഇന്ത്യയിലേത്. അതുകൊണ്ടുതന്നെ ലോകത്തിലെ മുൻനിര ബ്രാന്‍ഡുകളെല്ലാം വലിയ പ്രാധാന്യമാണ് ഇന്ത്യയ്‌ക്ക് നൽകുന്നത്. സാംസങ്ങായിരുന്നു ഇത്രയുംകാലം ഇന്ത്യയിലെ അതികായര്‍.  ഇപ്പോള്‍ ഇന്ത്യൻ സ്‌മാര്‍ട്ഫോണ്‍ വിപണിയിൽ സാംസങിന്റെ ആധിപത്യത്തിന് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്. ഇതാദ്യമായി സാംസങിനെ മറികടന്ന് ചൈനീസ് കമ്പനി ഇന്ത്യൻ സ്‌മാര്‍ട്ഫോണ്‍ വിപണിയിൽ ഒന്നാമതെത്തി. ഈ സാമ്പത്തികപാദത്തിലാണ് ഷവോമി ഒന്നാമതെത്തിയത്. വെറും മൂന്നുവര്‍ഷംകൊണ്ടാണ് ചൈനീസ് കമ്പനിയായ ഷവോമി ഇന്ത്യയിൽ ഒന്നാമതെത്തുന്നത്. കനാലിസ് റിപ്പോര്‍ട്ട് പ്രകാരം 2017-18 സാമ്പത്തികവര്‍ഷത്തിലെ നാലാം പാദത്തിൽ 8.2 മില്യണ്‍ യൂണിറ്റ് സ്‌മാര്‍ട്ട്ഫോണുകളാണ് ഷവോമി ഇന്ത്യയിൽ വിറ്റത്. ഇതേസമയം സാംസങ്ങിന്റെ വിപണിവിഹിതം 7.3 മില്യണ്‍ യൂണിറ്റാണ്. വിൽപനയിൽ സാംസങ്ങ് 17 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചെങ്കിലും ഷവോമിയുടെ കുതിപ്പിനെ അതിജീവിക്കാൻ അത് മതിയായിരുന്നില്ല. കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് റിപ്പോര്‍ട്ട് പ്രകാരം ഈ സമ്പത്തികവര്‍ഷത്തിലെ നാലാംപാദത്തിൽ ഷവോമിയുടെ വിപണിവിഹിതം 25 ശതമാനവും സാംസങ്ങിന്റേത് 23 ശതമാനവുമാണ്. ഈ വര്‍ഷം മാത്രം ഷവോമി കൈവരിച്ചത് 16 ശതമാനം വളര്‍ച്ചയാണ്. ഇന്ത്യൻ സ്‌മാര്‍ട്ഫോണ്‍ വിപണിയിൽ ഷവോമി സാംസങ് എന്നീ കമ്പനികള്‍ക്ക് പുറമെ ആദ്യ അഞ്ചിൽ ഉള്‍പ്പെട്ട മറ്റു മൂന്നു കമ്പനികള്‍ ചൈനയിൽനിന്നുള്ളതാണ്. ലെനോവോ, വിവോ, ഓപ്പോ എന്നിവയാണ് ആദ്യ അഞ്ചിൽ ഇടംനേടിയ കമ്പനികള്‍.

click me!