
മുംബൈ: ഫാമിലി കോമഡി റോളുകളില്‍ നിന്നും ഒരു വലിയ മാറ്റത്തിനൊരുങ്ങി നടന്‍ രാജ്കുമാര്‍ റാവു. താരത്തിന്‍റെ അടുത്ത ചിത്രമായ ആക്ഷന്‍ ഗ്യാങ്സ്റ്റര്‍ ചിത്രം മാലിക്കിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുകയാണ്. രക്തരൂക്ഷിതമായ ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രൂരമായ കൊലപാതകം ചെയ്യുന്ന ഒരു അധോലോക നായകനായാണ് രാജ്കുമാര്‍ ടീസറില്‍ ഉടനീളം പ്രത്യക്ഷപ്പെടുന്നത്.
മാലിക്ക് എന്ന ഗ്യാംങ്സ്റ്ററിന്‍റെ ജനനവും പോരാട്ടവും എല്ലാമാണ് ചിത്രത്തിന്‍റെ ട്രെയിലറില്‍ അനാവരണം ചെയ്യുന്നത്. മാസ് ഡയലോഗുകളും സംഘടനങ്ങളും നിറഞ്ഞ രീതിയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്.
റാവുവിന്റെ കഥാപാത്രം ഗ്യാങ് വാറുകള്‍ നയിക്കുന്ന ഒരു ലീഡറാണെന്ന് ദൃശ്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ഹൻസൽ മേത്തയുടെ 'ഒമേർട്ട'യ്ക്ക് ശേഷം രാജ്കുമാര്‍ റാവു അവതരിപ്പിക്കുന്ന ഡാര്‍ക്ക് കഥാപാത്രം ആയിരിക്കും മാലിക്കിലേത്. പുൽകിത് സംവിധാനം ചെയ്യുന്ന ചിത്രം ടിപ്സ് ഫിലിംസിന്റെയും ജയ് ഷെവക്രാമണിയുടെ നോർത്തേൺ ലൈറ്റ്സ് ഫിലിംസിന്റെയും ബാനറിൽ കുമാർ തൗറാനിയാണ് നിർമ്മിക്കുന്നത്.
സൗരഭ് സച്ച്ദേവയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 1980 കളിലെ അലഹബാദിൽ നടക്കുന്ന കഥയാണ് ചിത്രത്തില്‍ പറയുന്നത്. മാനുഷി ചില്ലാര്‍ ആണ് നായികയായി എത്തുന്നത്. സൗരവ് ശുക്ലയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കഴിഞ്ഞ വർഷം, നടൻ രാജ്കുമാർ റാവുവും മാഡോക്ക് ഫിലിംസും ഒത്തുചേര്‍ന്ന ഹൊറർ കോമഡി ചിത്രം 'സ്ത്രീ 2' 600 കോടി ക്ലബ്ബിൽ പ്രവേശിച്ച ആദ്യ ഹിന്ദി ചിത്രമായി മാറിയിരുന്നു. ഈ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ ബോളിവുഡ് ഹിറ്റായിരുന്നു.
ഇതേ പ്രൊഡക്ഷന്‍ ഹൗസുമായുള്ള കൂട്ടുകെട്ടില്‍ പിന്നാലെ എത്തിയ ഭൂല്‍ ചുക്ക് മാഫ് ബോക്സോഫീസില്‍ മികച്ച പ്രകടനം നടത്തുകയാണ്. ഒരു ഘട്ടത്തില്‍ ഒടിടിയിലേക്ക് പോയ ചിത്രം വീണ്ടും കോടതി ഇടപെടലില്‍ തീയറ്ററില്‍ തിരിച്ചെത്തി ഇപ്പോള്‍ 50 കോടി ക്ലബ് കടന്നിരിക്കുകയാണ്.