
ജയറാമിനെ (Jayaram) നായകനാക്കി പല കാലങ്ങളിലായി ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള സംവിധായകനാണ് സത്യന്‍ അന്തിക്കാട് (Sathyan Anthikad). എണ്ണത്തില്‍ അത്രയും വരില്ലെങ്കിലും മീര ജാസ്‍മിനെ (Meera Jasmine) നായികയായെത്തിയ സത്യന്‍ അന്തിക്കാട് ചിത്രങ്ങളും തരംഗം തീര്‍ത്തിട്ടുണ്ട്. സത്യന്‍ അന്തിക്കാടിന്‍റെ സംവിധാനത്തില്‍ ഈ രണ്ട് താരങ്ങളും ഒരുമിക്കുന്ന ചിത്രം എന്നതാണ് പ്രഖ്യാപന സമയം മുതല്‍ മകള്‍ (Makal) എന്ന ചിത്രത്തെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിര്‍ത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മ്മാതാക്കള്‍.
കുടുംബ പ്രേക്ഷകരുടെ പ്രിയ സംവിധായകനായ സത്യന്‍ അന്തിക്കാടിന്‍റെ ഒരു ചിത്രത്തില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഘടകങ്ങളും മൂഡുമൊക്കെ അടങ്ങിയതാവും ഈ പുതിയ ചിത്രവുമെന്ന് ടീസര്‍ പറയുന്നു. 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയറാം, മീര ജാസ്‍മിന്‍, ദേവിക സഞ്ജയ്, ശ്രീനിവാസന്‍, സിദ്ദിഖ് എന്നിവരൊക്കെയുണ്ട്. നസ്‍ലെന്‍, ഇന്നസെന്‍റ്, അല്‍ത്താഫ് സലിം, ജയശങ്കര്‍, ഡയാന ഹമീദ്, മീര നായര്‍, ശ്രീധന്യ, നില്‍ജ ബേബി, ബാലാജി മനോഹര്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആറ് വര്‍ഷത്തിനു ശേഷമാണ് മീര ജാസ്‍മിന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു ചിത്രം പുറത്തെത്തുന്നത്. ഇന്നത്തെ ചിന്താവിഷയത്തിനു ശേഷം മീര ജാസ്മിന്‍ നായികയാവുന്ന സത്യന്‍ അന്തിക്കാട് ചിത്രമാണിത്. 2008ലാണ് ഇന്നത്തെ ചിന്താവിഷയം പുറത്തെത്തിയത്. 12 വര്‍ഷത്തിനു ശേഷമാണ് ജയറാം ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2010ല്‍ പുറത്തിറങ്ങിയ കഥ തുടരുന്നുവാണ് ജയറാം അവസാനം അഭിനയിച്ച സത്യന്‍ അന്തിക്കാട് ചിത്രം.
സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറത്തിന്‍റേതാണ്. എസ് കുമാര്‍ ആണ് ഛായാഗ്രഹണം. സംഗീതം വിഷ്ണു വിജയ്, പശ്ചാത്തല സംഗീതം രാഹുല്‍ രാജ്, ഗാനരചന ഹരിനാരായണന്‍, എഡിറ്റിംഗ് കെ രാജഗോപാല്‍, കലാസംവിധാനം മനു ജഗത്, വസ്ത്രാലങ്കാരം സമീറ സനീഷ്, ചമയം പാണ്ഡ്യന്‍, സിങ്ക് സൗണ്ടും സൗണ്ട് ഡിസൈനും അനില്‍ രാധാകൃഷ്ണന്‍, സഹസംവിധാനം അനൂപ് സത്യന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സ്റ്റില്‍സ് എം കെ മോഹനന്‍ (മോമി), അഡീഷണല്‍ സ്റ്റില്‍സ് റിഷാജ് മുഹമ്മദ്, പരസ്യകല ജയറാം രാമചന്ദ്രന്‍ എന്നിവരാണ് മറ്റ് അണിയറക്കാര്‍.
നാല് വര്‍ഷത്തിനു ശേഷമാണ് സത്യന്‍ അന്തിക്കാട് പുതിയ ചിത്രവുമായി എത്തുന്നത്. 2018ല്‍ പുറത്തെത്തിയ ഞാന്‍ പ്രകാശന്‍ ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ അവസാന ചിത്രം. 2021 ഏപ്രിലിലാണ് സത്യന്‍ അന്തിക്കാട് ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam