
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിറിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. സൗബിനൊപ്പം നിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്‍റണി എന്നിവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.
കേസ് അന്വേഷിക്കുന്ന മരട് പൊലീസ് സ്റ്റേഷനില്‍ രണ്ടാം ദിനവും സൗബിനും ബാബു ഷാഹിറും അടക്കം കേസിലെ പ്രതികള്‍ ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുമ്പോൾ കോടതി നിർദേശിച്ചിരുന്നു. പ്രതികളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമില്ലെന്നും അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി നിർദേശമുണ്ട് ഇതിനാലാണ് വിട്ടയച്ചത്. സ്റ്റേഷന് പുറത്തിറങ്ങിയ സൗബിന്‍ തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും. എല്ലാ രേഖകളും പൊലീസിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും അറിയിച്ചു. കൂടുതൽ വിവരങ്ങൾ അധികാരപ്പെട്ടവർ അറിയിക്കും എന്നും സൗബിൻ ഷാഹിർ അറിയിച്ചു.
പ്രതികൾ 40 ശതമാനം ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. നേരത്തെ ഹൈക്കോടതി കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു. സാമ്പത്തിക തട്ടിപ്പിന് പ്രതികൾക്കെതിരെ തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തന്നെ തളളിയതാണെന്നും പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും പൊലീസ് ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. സിനിമ വഴി ലഭിച്ച വരുമാനത്തെപ്പറ്റി കൃത്യമായ പരിശോധന വേണ്ടതുണ്ടെന്നും പൊലീസ് പറഞ്ഞിരുന്നു.
കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം ചെയ്തുള്ള തട്ടിപ്പാണെന്നും ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപേ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്ന് പരാതിക്കാരനെ വിശ്വസിപ്പിച്ചുവെന്നും പൊലീസ് പറഞ്ഞത്. കേസ് തള്ളണം എന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കേസ് റദ്ദാക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളുകയായിരുന്നു.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam