21 ദിവസം, പണിയേണ്ടത് നദിക്കു കുറുകെ ഒരു പാലം! ഒരു കോടി സമ്മാനവുമായി എച്ച്ബിഒ റിയാലിറ്റി ഷോ

By Web TeamFirst Published Feb 9, 2021, 8:59 PM IST
Highlights

ലളിതമായ ഉപകരണങ്ങളും അടിസ്ഥാന നിര്‍മ്മാണ വസ്തുക്കളും മാത്രമാണ് പാലം നിര്‍മ്മാണത്തിനായി ലഭിക്കുക. ടാസ്‍ക് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ത്തന്നെ നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരാളെയാണ് വിജയിയായി തീരുമാനിക്കുക

ഒരു ലക്ഷം പൗണ്ട് (ഒരു കോടി രൂപ) സമ്മാനത്തുകയുള്ള എച്ച്ബിഒ മാക്സിന്‍റെ റിയാലിറ്റി ഷോ 'ദി ബ്രിഡ്‍ജി'ന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. സ്കോട്ടിഷ് നടന്‍ ജെയിംസ് മക് അവോയ് അവതാരകനാവുന്ന ഷോയില്‍ 12 മത്സരാര്‍ഥികളാണുള്ളത്. യുകെയിലെ പലയിടങ്ങളില്‍ നിന്നുള്ള അപരിചിതരായവരാണ് മത്സരാര്‍ഥികള്‍. ബ്രിട്ടണിലെ ഒരു വനത്തിനുള്ളില്‍ നദീതിരത്തെ ലൊക്കേഷനില്‍ എത്തുന്ന മത്സരാര്‍ഥികള്‍ക്ക് മുന്നിലുള്ള ടാസ്‍ക് ഇതാണ്. നദിക്കു കുറുകെ ഒരു പാലം നിര്‍മ്മിക്കണം!

850 അടി ദൈര്‍ഘ്യമുള്ള പാലം നിര്‍മ്മിച്ചാലാണ് നദിക്കക്കരെയുള്ള ദ്വീപിലേക്ക് എത്താനാവുക. 21 ദിവസം കൊണ്ട് ടാസ്ക് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സമ്മാനം ലഭിക്കൂ. ലളിതമായ ഉപകരണങ്ങളും അടിസ്ഥാന നിര്‍മ്മാണ വസ്തുക്കളും മാത്രമാണ് പാലം നിര്‍മ്മാണത്തിനായി ലഭിക്കുക. ടാസ്‍ക് വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ മത്സരാര്‍ഥികള്‍ക്കിടയില്‍ത്തന്നെ നടത്തുന്ന നറുക്കെടുപ്പിലൂടെ ഒരാളെയാണ് വിജയിയായി തീരുമാനിക്കുക. സമ്മാനത്തുക വീതംവെക്കണോ അതോ ഒറ്റയ്ക്ക് കൊണ്ടുപോകണോ എന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം വിജയിക്കുണ്ട്. 2017ല്‍ പ്രീമിയര്‍ ചെയ്ത് രണ്ട് സീസണുകളിലായി പ്രേക്ഷകരിലേക്ക് എത്തിയ സ്പാനിഷ് സിരീസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് എച്ച്ബിഒ മാക്സ് 'ദി ബ്രിഡ്‍ജു'മായി എത്തുന്നത്. ഈ മാസം 11നാണ് പ്രീമിയര്‍.

എച്ച്ബിഒയുടെയും പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോ വാര്‍ണര്‍ ബ്രദേഴ്‍സിന്‍റെയുമൊക്കെ മാതൃസ്ഥാപനമായ വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥതയിലുള്ള പുതിയ ഒടിടി പ്ലാറ്റ്ഫോം ആണ് എച്ച്ബിഒ മാക്സ്. കഴിഞ്ഞ വര്‍ഷം മെയ് 27നാണ് എച്ച്ബിഒ മാക്സ് സ്ട്രീമിംഗ് ആരംഭിച്ചത്. 

click me!