
വിജയ് ചിത്രം 'മാസ്റ്ററി'ല്‍ വിജയ് സേതുപതി അവതരിപ്പിച്ച 'ഭവാനി' എന്ന വില്ലന്‍ കഥാപാത്രം വലിയ പ്രേക്ഷകപ്രീതി സമ്പാദിച്ചിരുന്നു. ചിത്രത്തിന്‍റെ വിജയത്തിന് വിജയ് സേതുപതിയുടെ സാന്നിധ്യം വലിയ പങ്കുതന്നെ വഹിക്കുകയും ചെയ്തുവെന്നാണ് വിലയിരുത്തല്‍. ഇപ്പോഴിതാ അടുത്ത റിലീസിലും ഒരു വില്ലന്‍ കഥാപാത്രത്തെയാണ് സേതുപതി അവതരിപ്പിക്കുന്നത്. പക്ഷേ അത് തെലുങ്കിലാണെന്നു മാത്രം.
നവാഗതനായ ബുച്ചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായികാ നായകന്മാരും പുതുമുഖങ്ങളാണ്. പഞ്ജ വൈഷ്ണവ് തേജും കൃതി ഷെട്ടിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കാക്കിനടയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ ചിത്രം ദുരഭിമാനക്കൊലയാണ് പ്രമേയമാക്കുന്നതെന്നും അറിയുന്നു. 'റായനം' എന്ന കഥാപാത്രത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
മലയാളി ഛായാഗ്രാഹകനും സംവിധായകനുമായ ഷാംദത്ത് സൈനുദ്ദീന്‍ ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. (മമ്മൂട്ടി നായകനായ 'സ്ട്രീറ്റ്ലൈറ്റ്സ്' ആണ് ഷാംദത്ത് സംവിധാനം ചെയ്ത ചിത്രം). സംഗീതം ദേവി ശ്രീ പ്രസാദ്. എഡിറ്റിംഗ് നവീന്‍ നൂളി. മൈത്രി മൂവി മേക്കേഴ്സ്, സുകുമാര്‍ റൈറ്റിംഗ്സ് എന്നീ ബാനറുകളില്‍ നവീന്‍ യെര്‍നേനി, വൈ രവി ശങ്കര്‍ എന്നിവരാണ് നിര്‍മ്മാണം. ഈ മാസം 12ന് തിയറ്ററുകളില്‍.
സിനിമകളുടെ ട്രെയിലർ Movie Trailer മുതൽ എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Movie Review എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ Asianet News Malayalam