ഇവര്‍ ചില്ലറക്കാരല്ല! സത്യമറിഞ്ഞാൽ ആരും ഞെട്ടും, പ്രശസ്തരായ 5 എഐ ട്രാവൽ ഇൻഫ്ലുവൻസര്‍മാര്‍

Published : Jun 24, 2025, 03:06 PM IST
AI travel influencers

Synopsis

ആളുകളുടെ യാത്രാ മനോഭാവങ്ങളെ ട്രാവൽ ഇൻഫ്ലുവൻസര്‍മാര്‍ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. 

കാലം മാറുന്നതിനനുസരിച്ച് ആളുകളുടെ യാത്രകളോടുള്ള മനോഭാവത്തിലും രീതികളിലുമെല്ലാം വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഏതാനും ചില വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് മാത്രം കേട്ടിരുന്ന കാലത്ത് നിന്ന് ഇന്ന് അറിയുന്നതും അറിയാത്തതുമായ നിരവധി മനോ​ഹരമായ സ്പോട്ടുകൾ ഉയർന്നുവരുന്നുണ്ട്. ഇതിന് സോഷ്യൽ മീഡിയയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും വഹിച്ച പങ്ക് വളരെ വലുതാണ്. എന്നാൽ, ഇൻഫ്ലുവൻസർമാരുടെ കാര്യത്തിലും കാലാസൃതമായ മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്.

ഇന്നത്തെ കാലത്ത് ഏതൊരു സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നുണ്ടെങ്കിലും ട്രാവൽ വ്ലോ​ഗർമാർ എന്ത് പറയുന്നുവെന്നും അവിടുത്തെ കാഴ്ചകൾ എന്തൊക്കെയാണെന്നും മനസിലാക്കാനാണ് ഭൂരിഭാ​ഗം ആളുകളും ശ്രമിക്കുന്നത്. എന്നാൽ, ഇപ്പോൾ എഐ ട്രാവൽ ഇൻഫ്ലുവൻസർമാരാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ഇവർക്ക് സ്വന്തമായി ഇൻസ്റ്റാഗ്രാം ഹാൻഡിലുകളും ഇതിനോടകം തന്നെ ഫോളോവേഴ്‌സിന്റെ നീണ്ട നിരയുമുണ്ട്. അത്തരത്തിൽ പ്രശസ്തമായ 5 ‘ഡിജിറ്റൽ മനുഷ്യരെ’ പരിചയപ്പെടാം.

1. രാധിക സുബ്രഹ്മണ്യം (ഇന്ത്യ)

ഇന്ത്യയിലെ ആദ്യത്തെ ദ്വിഭാഷാ എഐ ട്രാവൽ ഇൻഫ്ലുവൻസറാണ് രാധിക സുബ്രഹ്മണ്യം. തമിഴ്, ഇം​ഗ്ലീഷ് ഭാഷകൾ സംസാരിക്കുന്ന രാധിക ഇന്ത്യയിലെ ആദ്യത്തെ എഐ ട്രാവൽ ഇൻഫ്ലുവൻസര്‍ കൂടിയാണ്. 2025 ജൂണിൽ കളക്ടീവ് ആർട്ടിസ്റ്റ്സ് നെറ്റ്‌വർക്കാണ് രാധികയെ സൃഷ്ടിച്ചത്. ഇന്ത്യയെ പര്യവേക്ഷണം ചെയ്യുന്നതിനായി തന്റെ സ്ഥിരമായ ജോലി ഉപേക്ഷിച്ച ഒരു 'ജെൻ സി' യുവതിയാണ് രാധികയെന്ന് പറയാം. ഇന്ത്യയിലുടനീളം യാത്ര ചെയ്യുന്ന രാധിക സ്ഥലങ്ങളുടെയും സംസ്കാരങ്ങളുടെയും വ്യത്യസ്തതകളെക്കുറിച്ചുള്ള വിവരങ്ങൾ ഫോളോവേഴ്സുമായി പങ്കുവെയ്ക്കാറുണ്ട്. രാധികയുടെ ഇൻസ്റ്റ​ഗ്രാം പേജിന് ഇപ്പോൾ 6,300ലധികം ഫോളോവേഴ്സുണ്ട്.

2. എമ്മ (ജർമ്മനി)

2023-ൽ ജർമ്മൻ നാഷണൽ ടൂറിസ്റ്റ് ബോർഡ് (GNTB) സൃഷ്ടിച്ച എഐ കഥാപാത്രമാണ് എമ്മ. ജർമ്മനിയിലെ സ്ഥലങ്ങളിലെല്ലാം ചുറ്റി സഞ്ചരിക്കുന്ന ഒരു വെർച്വൽ അംബാസഡറാണ് എമ്മ. 20-ലധികം ഭാഷകൾ സംസാരിക്കാൻ എമ്മയ്ക്ക് കഴിയുമെന്നതാണ് സവിശേഷത. ഇൻസ്റ്റാഗ്രാമിൽ ട്രാവൽ ടിപ്സ് പോസ്റ്റ് ചെയ്യുകയും ഉപയോക്താക്കളുമായി സംവദിക്കുകയും ചെയ്യുന്ന എമ്മയ്ക്ക് 9,000ത്തിലധികം ഫോളോവേഴ്സുണ്ട്.

3. തലാസ്യ (ഇന്തോനേഷ്യ)

തലാസ്യ എന്ന ഇന്തോനേഷ്യൻ ട്രാവൽ ഇൻഫ്ലുവൻസർ 2018 മുതൽ സജീവമാണ്. യാത്രാ, ജീവിതശൈലി കണ്ടന്റുകളാണ് പ്രധാനമായും തലാസ്യ ഉപയോക്താക്കളുമായി പങ്കുവെയ്ക്കാറുള്ളത്. ഇൻസ്റ്റാഗ്രാമിൽ നാലര ലക്ഷത്തിലധികം ഫോളോവേഴ്‌സ് തലാസ്യയ്ക്ക് ഉണ്ട്. മനോഹരമായ ഇന്തോനേഷ്യൻ വിനോദയാത്രകൾ മുതൽ സുഹൃത്ത് സെലിനുമായുള്ള ഫാഷൻ കണ്ടന്റുകൾ വരെ തലസ്യ അവതരിപ്പിക്കാറുണ്ട്.

4. സെന ഇസഡ് (സെനിസാരോ ഹോട്ടൽസ് & റിസോർട്ട്സ്)

സെനിസാരോ ഹോട്ടൽസ് ആൻഡ് റിസോർട്ട്സിന്റെ എഐ ട്രാവൽ ഇൻഫ്ലുവൻസറാണ് സെന ഇസഡ് (സെന സാരോ). ബ്രാൻഡുകൾക്ക് ജനങ്ങളുമായി ബന്ധപ്പെടാൻ ഒരു പുതിയ മാർഗം അവതരിപ്പിച്ചുകൊണ്ട് ഇൻഫ്ലുവൻസർ മാർക്കറ്റിംഗിൽ സെന ഇസഡ് വലിയ കുതിച്ചുചാട്ടമാണ് നടത്തിയിരിക്കുന്നത്. ബ്രാൻഡിംഗ് സംരംഭങ്ങൾ വികസിപ്പിക്കുന്നതിന് കമ്പനികൾക്ക് എഐ സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കാമെന്നതിന്റെ മികച്ച ഉദാഹരണമാണ് സെന ഇസഡ്. ഇൻസ്റ്റ​ഗ്രാമിൽ ഇതിനോടകം തന്നെ 5,700ലധികം ഫോളോവേഴ്സിനെ സെന സ്വന്തമാക്കി കഴിഞ്ഞു.

5. കൈറ (ഇന്ത്യ)

2022ൽ FUTR സ്റ്റുഡിയോസ് അവതരിപ്പിച്ച കൈറ ഇന്ത്യയിലെ ആദ്യത്തെ എഐ മെറ്റാ ഇൻഫ്ലുവൻസറാണ്. ഫാഷൻ, യാത്ര, ബീച്ച് യോഗ എന്നിങ്ങനെ വ്യത്യസ്തതരം മേഖലകളിൽ കൈറ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുംബൈയിലാണ് കൈറ "താമസിക്കുന്നത്". ഇൻസ്റ്റ​ഗ്രാമിൽ രണ്ടര ലക്ഷത്തോളം ഫോളോവേഴ്‌സ് കൈറയ്ക്ക് ഉണ്ട്.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം