എയര്‍പോര്‍ട്ടിൽ മണിക്കൂറുകളോളം കാത്തിരുന്ന് മടുത്തോ? ബോറടി മാറ്റാൻ അടുത്ത തവണ ഈ ടിപ്സ് പരീക്ഷിക്കാം

Published : Jun 20, 2025, 04:47 PM IST
Airport Lounge

Synopsis

പലര്‍ക്കും മണിക്കൂറുകളോളം എയർപോർട്ടിൽ കാത്തിരിക്കേണ്ടി വരാറുണ്ട്. 

ദില്ലി: വിമാന യാത്രകൾ നടത്തുന്നവർ പലപ്പോഴും നേരിടുന്ന ഒരു പ്രശ്നമാണ് എയർപോർട്ടുകളിലെ നീണ്ട കാത്തിരിപ്പ്. നിങ്ങൾ നേരത്തെ എയർപോർട്ടിലെത്തുകയും പിന്നീട് വിമാനം വൈകുകയും ചെയ്താൽ കാത്തിരിപ്പ് നീളും. മണിക്കൂറുകളോളം എയർപോർട്ടിൽ വെറുതെയിരിക്കുകയെന്നത് പലയാളുകൾക്കും പ്രത്യേകിച്ച് നിങ്ങൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നയാളാണെങ്കിൽ അസഹനീയമായി തോന്നിയേക്കാം. എന്നാൽ, അൽപ്പം ക്രിയാത്മകമായി ചിന്തിച്ചാൽ ഇതിനുള്ള പരിഹാരം കാണാൻ സാധിക്കും. അത്തരത്തിൽ എയർപോർട്ടുകളിലെ നീണ്ട കാത്തിരിപ്പ് അവസാനിപ്പിക്കാൻ സഹായിക്കുന്ന ചില ടിപ്സാണ് ഇനി പറയാൻ പോകുന്നത്.

1. എയർപോർട്ട് ആർട്ട് ഗാലറികൾ 

ചില വിമാനത്താവളങ്ങളിൽ മനോഹരമായ ആർട്ട് ഗാലറികളുണ്ടാകും. നിങ്ങൾ കലയിൽ താൽപ്പര്യമുള്ള ഒരാളാണെങ്കിൽ നിങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത്തരം ആർട്ട് ഗാലറികൾ സന്ദർശിക്കുകയെന്നത് ഒരു മികച്ച മാർഗമാണ്.

2. എയർപോർട്ട് ലോഞ്ചുകൾ

യാത്രക്കാർക്ക് വിശ്രമിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് എയർപോർട്ട് ലോഞ്ച്. നിങ്ങൾക്ക് എയർപോർട്ട് ലോഞ്ച് ലഭ്യമാണെങ്കിൽ, അത് പരമാവധി പ്രയോജനപ്പെടുത്താൻ ശ്രമിക്കുക. വിശ്രമിക്കാനും, ഭക്ഷണം കഴിക്കാനും, മുടങ്ങിക്കിടക്കുന്ന എന്തെങ്കിലും ജോലികളുണ്ടെങ്കിൽ അവ പൂർത്തിയാക്കാനും എയർപോർട്ട് ലോഞ്ചുകൾ പ്രയോജനപ്പെടുത്താം. പല ലോഞ്ചുകളും സൗജന്യ വൈ-ഫൈ, ഷവർ തുടങ്ങിയ സൗകര്യങ്ങൾ വാ​ഗ്ദാനം ചെയ്യുന്നുണ്ട്. ഇത് നിങ്ങളുടെ കാത്തിരിപ്പ് സമയം കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കും.

3. ഭക്ഷണവിഭവങ്ങൾ ആസ്വദിക്കുക

പ്രാദേശികമായ ഭക്ഷണങ്ങൾ ലഭിക്കുന്ന ചില മികച്ച റെസ്റ്റോറന്റുകൾ വിമാനത്താവളങ്ങളിൽ ഉണ്ട്. ഇവിടെയുള്ള വിഭവങ്ങൾ ഒന്ന് പരീക്ഷിച്ചു നോക്കുന്നതിലൂടെ നിങ്ങൾക്ക് പുതിയൊരു വിഭവമോ റെസ്റ്റോറന്റോ കണ്ടെത്താനായേക്കാം. സമയം ഫലപ്രദമായി ചെലവിടുകയും ചെയ്യാം. 

4. എയർപോർട്ട് ടൂർ

വിമാനത്താവളങ്ങൾ സ്വാഭാവികമായും വളരെ വലുതാണ്. നിങ്ങൾ ചുറ്റിക്കറങ്ങി നടക്കുന്നത് താത്പ്പര്യമുള്ളയാളാണെങ്കിൽ ഒരു എയർപോർട്ട് ടൂർ നടത്താൻ നിങ്ങളുടെ സമയം വിനിയോഗിക്കാം. വിമാനത്താവളത്തിലെ എല്ലാ മേഖലകളിലൂടെയും ചുറ്റിനടന്നാൽ കാര്യങ്ങൾ എത്ര സുഗമമായാണ് നടക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകും. ചെക്ക്-ഇൻ, ടേക്ക് ഓഫ്, ലഗേജ് കൈകാര്യം ചെയ്യൽ എങ്ങനെ എല്ലാം നിങ്ങൾക്ക് നോക്കി മനസിലാക്കാം.

5. പുസ്തകം വായിക്കുക

തിരക്കുകളിൽ നിന്നൊരു ഇടവേള വേണോ? വിമാനത്താവളങ്ങളിലെ ഏതെങ്കിലുമൊരു കഫേയോ ലോഞ്ചോ കണ്ടെത്തിയ ശേഷം നിങ്ങൾക്ക് ഇഷ്ടമുള്ളതോ വായിക്കാൻ താത്പ്പര്യമുള്ളതോ ആയ പുസ്തക വായനയിൽ മുഴുകുക. പുസ്തക വായനക്കിടയിൽ ഒരു കപ്പ് കാപ്പിയോ ചായയോ കുടിക്കാൻ മറക്കരുത്.

അടുത്ത തവണ നിങ്ങൾക്ക് വിമാനത്താവളത്തിൽ കുറച്ച് അധിക സമയം കാത്തിരിക്കേണ്ടി വന്നാൽ അത് പരമാവധി പ്രയോജനപ്പെടുത്താൻ ഈ നുറുങ്ങുകൾ ഒന്ന് പരീക്ഷിച്ചു നോക്കാം. 

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം