
ദില്ലി: ട്രെയിൻ ടിക്കറ്റ് റിസർവേഷൻ സിസ്റ്റത്തിൽ പുതിയ പരീക്ഷണവുമായി ഇന്ത്യൻ റെയിൽവേ. യാത്രക്കാർക്ക് ഇനി മുതൽ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റ് ഉറപ്പായോ എന്നറിയാൻ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടിവരില്ല. കൺഫര്‍മേഷൻ ലഭിച്ച സീറ്റുകളുള്ള ചാർട്ട് 24 മണിക്കൂർ മുമ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റെയിൽവേ. നിലവിൽ ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് മാത്രമാണ് ചാർട്ട് പുറത്തിറക്കാറുള്ളത്.
ജൂൺ 6 മുതൽ രാജസ്ഥാനിലെ ബിക്കാനീർ ഡിവിഷനിൽ ഇതുമായി ബന്ധപ്പെട്ട പരീക്ഷണം ആരംഭിച്ചു കഴിഞ്ഞു. യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മറ്റ് പ്രശ്നങ്ങളൊന്നും ഇതുവരെ നേരിട്ടിട്ടില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു. ബിക്കാനീറിലെ വെസ്റ്റേൺ റെയിൽവേ സോണിലാണ് പരീക്ഷണം ആരംഭിച്ചത്. വൈകാതെ തന്നെ കൂടുതൽ വെയ്റ്റിംഗ് ലിസ്റ്റുകൾ ഉള്ള മറ്റ് ഡിവിഷനുകളിലേക്കും ഇത് വ്യാപിപ്പിക്കാനുള്ള സാധ്യതയുണ്ട്. തത്കാൽ ബുക്കിംഗ്, അഡ്വാൻസ് റിസർവേഷൻ വിൻഡോ എന്നിവയുൾപ്പെടെ നിലവിലുള്ള ടിക്കറ്റ് നിയമങ്ങളെ ഈ മാറ്റം ബാധിക്കില്ലെന്നും അധികൃതർ അറിയിച്ചു.
ട്രെയിൻ പുറപ്പെടുന്നതിന് 4 മണിക്കൂർ മുമ്പ് സീറ്റ് കൺഫർമേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിടുന്നത് പലപ്പോഴും വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. വെയിറ്റിംഗ് ലിസ്റ്റിലുള്ളവർ അവസാന നിമിഷം ബദലുകൾക്കായി നെട്ടോട്ടമോടേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു ദിവസം നേരത്തെ അറിയിപ്പ് ലഭിച്ചാൽ മറ്റൊരു ട്രെയിൻ തിരഞ്ഞെടുക്കാനോ ബദൽ മാർഗങ്ങൾ തേടാനോ യാത്രക്കാർക്ക് അവസരം ലഭിക്കും. ഇതുവഴി വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാരുടെ ഉത്കണ്ഠ പരിഹരിക്കാനും ട്രെയിൻ യാത്രകൾ തടസ്സരഹിതമാക്കാനും സാധിക്കുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.
അതേസമയം, വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റിലെ യാത്രയുമായി ബന്ധപ്പെട്ട നിയമങ്ങൾ കർശനമാക്കിയതിന് പിന്നാലെയാണ് റെയിൽവേയുടെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. 2025 മെയ് 1 മുതൽ വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർക്ക് സ്ലീപ്പർ അല്ലെങ്കിൽ എസി കോച്ചുകളിൽ കയറാൻ അനുവാദമില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിരുന്നു. പൊതുവായ (റിസർവ് ചെയ്യാത്ത) കമ്പാർട്ടുമെന്റുകളിൽ മാത്രമേ വെയിറ്റിംഗ് ലിസ്റ്റ് ടിക്കറ്റുമായി യാത്ര ചെയ്യാൻ കഴിയുള്ളൂ. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുകയും ചെയ്യും. നേരത്തെ, 2024 നവംബറിൽ അഡ്വാൻസ് റിസർവേഷൻ കാലയളവ് 120 ദിവസത്തിൽ നിന്ന് 60 ദിവസമായി കുറയ്ക്കുകയും ചെയ്തിരുന്നു.