Latest Videos

ആനന്ദക്കണ്ണീർ ചാലിച്ച് മനോജ് എഴുതി ആനവണ്ടിയിലെ മൂകാംബിക യാത്രയെക്കുറിച്ച്!കയ്യടിച്ച് മന്ത്രി,കണ്ണുതുടച്ച് ജനം!

By Web TeamFirst Published May 3, 2024, 11:21 AM IST
Highlights

രോഗക്കിടക്കിയിൽ നിന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തിയ ആ യാത്രയുടെ ഓർമ്മകൾ തിരുവനന്തപുരം പെരുമ്പഴതൂർ സ്വദേശിയായ എം വി മനോജ് എന്ന് യാത്രികനാണ് പുസ്‍തകമായി എഴുതിയത്.

നവണ്ടിയിലെ അവിസ്‍മരണീയമായ മൂകാംബിക യാത്രാ അനുഭവം പുസ്‍തക രൂപത്തിലാക്കി ഒരു യാത്രികൻ. രോഗക്കിടക്കിയിൽ നിന്നും തന്നെ ജീവിതത്തിലേക്ക് കൈപിടിച്ചുനടത്തിയ ആ യാത്രയുടെ ഓർമ്മകൾ തിരുവനന്തപുരം പെരുമ്പഴതൂർ സ്വദേശിയായ എം വി മനോജ് എന്ന് യാത്രികനാണ് പുസ്‍തകമായി എഴുതിയത്.  "ആന വണ്ടിയിലെ മൂകാംബിക യാത്ര" എന്ന ഈ പുസ്‍തകത്തിന്‍റെ പ്രകാശനം ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കഴിഞ്ഞ ദിവസം നിർവ്വഹിച്ച വിവരം കെഎസ്ആർടിസി അധികൃതർ സോഷ്യൽ മീഡിയയിലൂടെയാണ് അറിയിച്ചത്. 

കെഎസ്ആർടിസി നെയ്യാറ്റിൻകര യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ മൂകാംബികയാത്രയിൽ പങ്കെടുത്താണ് പെരുമ്പഴുതൂർ മടത്തിൽ വീട്ടിലെ എം.വി. മനോജിന്റെ ജീവിതം അക്ഷരാർത്ഥത്തിൽ മാറ്റിയത്.  പക്ഷാഘാതവും തുടർന്നുള്ള ഡിപ്രഷനും ശേഷം നാലു വർഷത്തോളം വിശ്രമജീവിതം നയിച്ച മനോജ് പത്രത്തിൽ കണ്ട പരസ്യത്തെ പിന്തുടർന്നാണ് 2023 ൽ മൂകാംബിക യാത്ര തെരഞ്ഞെടുത്തത്. പുറത്തേക്ക് സാധാരണ യാത്രകൾ പോലും ഒഴിവാക്കിയ മനോജും സഹോദരീ പുത്രൻ യദുവും ചേർന്ന് നടത്തിയ മൂകാംബിക യാത്ര മനോജിന് അനായാസം വിജയകരമായി നടത്താനായി. മൂകാംബിക, കുടജാദ്രി, ഉഡുപ്പി, പറശ്ശിനിക്കടവ്, ചോറ്റാനിക്കര ദർശനം കഴിഞ്ഞ് ആനവണ്ടിയിൽ തിരികെ വീട്ടിൽ എത്തിയ മനോജ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവന്നുവെന്ന് കെഎസ്ആർടിസി അധികൃതർ പറയുന്നു .

ആനവണ്ടിയിലെ അവിസ്മരണീയമായ ആ മൂകാംബിക യാത്രാ അനുഭവം എഴുതി പുസ്തക രൂപത്തിലാക്കിയ മനോജ് വിവരം ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ ഫോണിൽ അറിയിച്ചു. പുസ്തക പ്രകാശനം ചെയ്യാൻ ഫോണിലൂടെയുള്ള ക്ഷണം സ്വീകരിച്ച മന്ത്രി മനോജിനെ അഭിനന്ദിച്ചു. ഒപ്പം കഴിഞ്ഞ ദിവസം പ്രകാശനവും  നിർവ്വഹിച്ചു. കെ.എസ്.ആർ.ടി.സി. ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ പി.എസ്.പ്രമോജ് ശങ്കർ ഐ.ഒ.എഫ്.എസ് , ഫിനാൻഷ്യൽ അഡ്വൈസർ ആന്റ് ചീഫ് അക്കൗണ്ട്സ് ഓഫീസർ എ.ഷാജി, ബി.ടി.സി. കോ ഓർഡിനേറ്റർ എൻ.കെ.രഞ്ജിത്ത്, സ്വിഫ്റ്റ് ഡിപ്പോ എൻജിനീയർ നിസ്താർ , സ്റ്റേഷൻ മാസ്റ്റർ എം.ഗോപകുമാർ ,  ട്രെയിനർ അനീഷ് പുതിയറക്കൽ , മാസ്റ്റർ യദു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കെ.എസ്.ആർ.ടി.സിയുടെ സേവനവും കുടുബ സമാനമായ ബജറ്റ് ടൂറിസം യാത്രാ അനുഭവവും രചനയിലൂടെ പൊതു സമൂഹത്തെ അറിയിച്ച എം വി മനോജിനെ ഗതാഗത മന്ത്രിയും മാനേജിംഗ് ഡയറക്ടറും അഭിനന്ദിച്ചു. 

click me!