ചരിത്രമുറങ്ങുന്ന പ്രകൃതി; കാഴ്ചകളുടെ വിരുന്നൊരുക്കി മാടായിപ്പാറ

Published : Jun 19, 2025, 03:25 PM IST
Madayi Para

Synopsis

കോലത്തുനാട്ടിലെ രാജാവായ ഉദയവർമന്റെ ആസ്ഥാനം ഇവിടെയായിരുന്നുവെന്നാണ് ചരിത്രം. 

കണ്ണൂർ: കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അതിമനോഹരമായ ഒരു കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. ഏകദേശം 600 ഏക്കറോളം പരന്നു കിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.

മാടായിപ്പാറയുടെ പടിഞ്ഞാറ് ഭാഗം ഏഴിമലയാണ്‌. പണ്ട് ഏഴിമലയ്ക്ക് നാല് ചുറ്റും കടലായിരുന്നു എന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങിയ ശേഷം ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് പിന്നീട് മാടായി എന്ന് അറിയപ്പെട്ടതെന്നാണ് പറയപ്പെടുന്നത്. മാത്രമല്ല, കോലത്തുനാട്ടിലെ രാജാവായ ഉദയവർമന്റെ ആസ്ഥാനമായിരുന്നു ഈ പ്രദേശമെന്നും കോലത്തുരാജാവിന്റെ സദസ്യനായിരുന്ന ചെറുശ്ശേരി ഇവിടെയാണ് ജീവിച്ചിരുന്നതെന്നും പറയപ്പെടുന്നു. മാടായിപ്പാറ ഉൾപ്പെടുന്ന പ്രദേശം മുമ്പ് പോർച്ചുഗീസുകാരുടെ അധീനതയിലായിരുന്നു. മാടായിപ്പാറയിൽ അങ്ങിങ്ങായി ധാരാളം പറങ്കിമാവുകൾ കാണാം. ഇവ പോർച്ചുഗീസുകാര്‍ നട്ടുപിടിപ്പിച്ചതാണെന്നാണ് പറയപ്പെടുന്നത്. ജൂതര്‍ പണിതതെന്ന് കരുതുന്ന ജൂതക്കുളവും മാടായിപ്പാറയിലുണ്ട്.

ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം മാടായിപ്പാറയിലെ അതിമനോഹരമായ ഒരു കാഴ്ചയാണ്. പാറയുടെ തെക്ക് കിഴക്ക് ഭാഗത്തൂടെ ഒഴുകുന്ന പഴയങ്ങാടിപ്പുഴയും ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. മഴക്കാലവും നന്നേ വരണ്ട വേനലും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതകളാണ്. വേനൽകാലത്ത് പാറയിലെ പുല്ലുകൾ കരിഞ്ഞുതുടങ്ങും. പച്ചപ്പില്ലാത്ത വരണ്ട മാടായിപ്പാറയാണ് വേനലില്‍ കാണാനാകുക. വേനലിൽ പലപ്പോഴും ഇവിടെ തീപിടിത്തമുണ്ടാകാറുണ്ട്. പോർച്ചുഗീസുകാർ ‘ലാൻഡ്‌ ഓഫ്‌ ബർണിംഗ് ഫയർ’ എന്ന് വിളിച്ചിതിൽ നിന്നാണ് പാറയുടെ കിഴക്കു ഭാഗത്തിന് എരിപുരം (എരിയുന്ന പുരം എന്നർത്ഥം) എന്ന സ്ഥലപേരുണ്ടായതെന്നാണ് പറയുന്നത്. ഓണക്കാലമെത്തുന്നതോടെ കാക്കപൂവും കൃഷ്ണപൂവും കണ്ണാന്തളിയുമെല്ലാം വിരിയുകയും മാടായിപ്പാറയിൽ നീലവസന്തം ആരംഭിക്കുകയും ചെയ്യും.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം