
തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വന്യജീവി സംരക്ഷണ കേന്ദ്രമാണ് പീച്ചി വാഴാനി വന്യജീവി സങ്കേതം. 1958ലാണ് ഇത് സ്ഥാപിതമായത്. 125 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ പ്രദേശം കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സങ്കേതമാണ്. പീച്ചി, വാഴാനി അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശമായ ഇവിടം നിരവധി സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രം കൂടിയാണ്.
ചിമ്മിണി വന്യജീവി സംരക്ഷണ കേന്ദ്രത്തിന് വടക്കായി പാല്‍പ്പള്ളി - നെല്ലിയാമ്പതി വന നിരകളിലാണ് പീച്ചി വാഴാനി വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. തൃശൂർ ജില്ലയിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ വന്യജീവി സങ്കേതത്തിൽ 50-ലധികം വ്യത്യസ്ത ഇനം ഓർക്കിഡുകൾ, അപൂർവയിനം ഔഷധ സസ്യങ്ങൾ, 25-ലധികം വ്യത്യസ്ത ജന്തുജാലങ്ങൾ എന്നിവയുണ്ട്. ബോട്ടിംഗിനും പിക്നിക്കിനും ഇവിടെ അവസരമുണ്ട്. ഇവിടെയെത്തുന്നവര്‍ക്ക് റസ്റ്റ് ഹൗസിലും ,പീച്ചി ഇൻഫർമേഷൻ സെന്ററിലും താമസ സൗകര്യം ലഭിക്കും. പീച്ചി വാഴാനി വന്യജീവി സങ്കേതത്തിലേയ്ക്കുള്ള യാത്ര നിങ്ങൾക്ക് മറക്കാനാകാത്ത അനുഭവങ്ങളും കാഴ്ചകളും സമ്മാനിക്കുമെന്ന് ഉറപ്പാണ്.
എങ്ങനെ എത്തിച്ചേരാം
റോഡ് മാർഗം: തൃശൂർ ബസ് സ്റ്റാൻഡ് - ഏകദേശം 40.3 കി.മീ
റെയിൽ മാർഗം: തൃശൂർ റെയിൽവേ സ്റ്റേഷൻ - ഏകദേശം 40.7 കി.മീ
വായു മാർഗം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം - ഏകദേശം 46.5 കി.മീ.