
അന്താരാഷ്ട്ര യാത്രകൾ പലർക്കും ഒരു ഹരമാണ്. ഇന്ത്യയിൽ നിന്ന് വളരെ വേഗത്തിൽ എത്തിച്ചേരാനും കുറഞ്ഞ ചിലവിൽ കാഴ്ചകൾ ആസ്വദിക്കാനുമെല്ലാം സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. അത്തരത്തിലുള്ള ഒരു രാജ്യമാണ് നേപ്പാൾ. ലോക ഭൂപടത്തിൽ നേപ്പാൾ എന്ന രാജ്യം ചെറുതായി തോന്നിയേക്കാം. പക്ഷേ ഒരിക്കൽ സന്ദർശിച്ചാൽ, വലിപ്പത്തിലല്ല കാര്യമെന്ന് നിങ്ങൾക്ക് മനസ്സിലാകും. സംസ്കാര സമ്പന്നമായ, ആതിഥ്യമര്യാദയ്ക്ക് പേരുകേട്ട ശാന്ത സുന്ദരമായ നേപ്പാൾ ഇന്ന് സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിലെ പ്രധാന ഡെസ്റ്റിനേഷനുകളിലൊന്നാണ്.
അതിമനോഹരമായ സൂര്യാസ്തമയങ്ങൾ, അതിശയിപ്പിക്കുന്ന ക്ഷേത്രങ്ങൾ, രുചികരമായ പ്രാദേശിക സ്ട്രീറ്റ് ഫുഡുകൾ, പാരാഗ്ലൈഡിംഗ് പോലെയുള്ള അഡ്വഞ്ചർ ആക്ടിവിറ്റീസ് തുടങ്ങി നിരവധി കാഴ്ചകളും അനുഭവങ്ങളുമാണ് നേപ്പാൾ സഞ്ചാരികൾക്കായി കാത്തുവെച്ചിരിക്കുന്നത്. നിങ്ങൾ ഉടൻ ഒരു യാത്ര പ്ലാൻ ചെയ്യുകയാണെങ്കിൽ, വിസ സംബന്ധമായ വിവരങ്ങൾ, റൂട്ടുകൾ, ഭക്ഷണം, മികച്ച ടൂറിസ്റ്റ് സ്പോട്ടുകൾ തുടങ്ങിയ വിശദമായ വിവരങ്ങളാണ് ഇനി പറയാൻ പോകുന്നത്.
നേപ്പാളിലേക്ക് യാത്ര ചെയ്യാൻ ഇന്ത്യൻ പൗരന്മാർക്ക് വിസ ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം. എന്നിരുന്നാലും, ഇന്ത്യക്കാർ സാധുവായ ഒരു തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട് അല്ലെങ്കിൽ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വോട്ടർ ഐഡി കാർഡ് എന്നിവ കൈവശം വയ്ക്കണം. ഇന്ത്യൻ പൗരന്മാർക്ക് വിസ ഫീസോ ഓൺ-അറൈവലിന്റെ ആവശ്യവും ഇല്ല. അതായത് സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ ടൂറിസത്തിനോ മറ്റ് ആവശ്യങ്ങൾക്കോ നിങ്ങൾക്ക് നേപ്പാളിലേയ്ക്ക് പ്രവേശിക്കാം.
ഇന്ത്യയിൽ നിന്ന് വ്യോമ, റെയിൽ, റോഡ് മാർഗങ്ങൾ വഴി എളുപ്പത്തിൽ നേപ്പാളിൽ എത്തിച്ചേരാം. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് മിക്ക അന്താരാഷ്ട്ര യാത്രക്കാരും നേപ്പാളിൽ എത്തുന്നത്. സുനൗലി, റക്‌സോൾ, കകർഭിത്ത തുടങ്ങിയ അതിർത്തി പോയിന്റുകൾ വഴി നേപ്പാളുമായി ബന്ധിപ്പിക്കുന്ന നിരവധി ഇന്ത്യൻ നഗരങ്ങളിൽ നിന്ന് പതിവായി ബസ് സർവീസുകളുമുണ്ട്. റോഡ് മാർഗമുള്ള യാത്രയാണ് കൂടുതൽ ആസ്വാദ്യകരം എന്നതിൽ സംശയമില്ല. സഞ്ചാരികൾക്ക് അടുത്തുള്ള ഇന്ത്യൻ നഗരങ്ങളിൽ നിന്ന് എളുപ്പത്തിൽ വാഹനമോടിച്ചോ ഒരു ടാക്സി വാടകയ്‌ക്കെടുത്തോ നേപ്പാളിലേയ്ക്ക് പോകാം.
സാഹസികത ഇഷ്ടപ്പെടുന്നവർക്ക്, പാരാഗ്ലൈഡിംഗ്, ട്രെക്കിംഗ്, ബോട്ടിംഗ് പോലുള്ള രസകരമായ കാര്യങ്ങൾ നേപ്പാളിൽ ആസ്വദിക്കാം. ശാന്തത ആഗ്രഹിക്കുന്നവരാണെങ്കിൽ യോഗ ക്ലാസുകളിൽ പങ്കെടുക്കാം. അല്ലെങ്കിൽ ശാന്തമായ ആശ്രമങ്ങളിൽ സമയം ചെലവഴിക്കാം. കൈകൊണ്ട് നിർമ്മിച്ച വസ്തുക്കൾ, വർണ്ണാഭമായ വസ്ത്രങ്ങൾ എന്നിവയാൽ സമ്പന്നമായ പ്രാദേശിക വിപണികളും പര്യവേക്ഷണം ചെയ്യാം. നേപ്പാളിലെ ഭക്ഷണം ലളിതവും രുചികരവുമാണ്. മോമോസ്, നൂഡിൽസ് സൂപ്പ്, മറ്റ് പ്രാദേശിക വിഭവങ്ങൾ എന്നിവ പരീക്ഷിച്ചു നോക്കുകയും ചെയ്യാം.
സന്ദർശിക്കാൻ മനോഹരമായ നിരവധി സ്ഥലങ്ങളുള്ള ഒരു രാജ്യമാണ് നേപ്പാൾ. പഴയ ക്ഷേത്രങ്ങൾ, ഇടുങ്ങിയ തെരുവുകൾ, ആളുകൾ എങ്ങനെ ജീവിക്കുന്നു എന്ന് കാണിക്കുന്ന തിരക്കേറിയ മാർക്കറ്റുകൾ എന്നിവയാൽ സമ്പന്നമാണ് തലസ്ഥാനമായ കാഠ്മണ്ഡു. അവിടെ നിന്ന് വളരെ അകലെയല്ലാത്ത പൊഖാറ ശാന്തവും സമാധാനപരവുമായ അന്തരീക്ഷം സമ്മാനിക്കും. മനോഹരമായ തടാകവും പർവതക്കാഴ്ചകളും ഇവിടെ ആസ്വദിക്കാം.
ചരിത്രവും സംസ്കാരവും ഇഷ്ടപ്പെടുന്നവർക്ക് ആത്മീയത നിറഞ്ഞുനിൽക്കുന്ന ലുംബിനിയിലേയ്ക്ക് പോകാം. ഭക്തപൂരിൽ പഴയകാല കഥകൾ പറയുന്ന പഴയ കെട്ടിടങ്ങളും കലകളുമുണ്ട്. പ്രകൃതി സ്നേഹികൾക്ക്, ചിത്വാൻ ദേശീയോദ്യാനം മൃഗങ്ങളെയും പച്ചപ്പിനെയും കാണാൻ പറ്റിയ സ്ഥലമാണ്. തണുത്ത വായുവും പർവതങ്ങളുടെ കാഴ്ചകളും നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ശാന്തമായ ഒരു കുന്നിൻ പ്രദേശമാണ് നാഗർകോട്ട്.
വർഷത്തിൽ ഏത് സമയത്തും നിങ്ങൾക്ക് നേപ്പാൾ സന്ദർശിക്കാം, പക്ഷേ ഏറ്റവും നല്ല സമയം ഒക്ടോബർ മുതൽ ഡിസംബർ വരെയും മാർച്ച് മുതൽ മെയ് വരെയുമാണ്. ഈ സമയങ്ങളിൽ, തെളിഞ്ഞ ആകാശവും മികച്ച കാലാവസ്ഥയുമാണ് നേപ്പാളിലുണ്ടാകുക.