
സമീപകാലത്ത് വളരെയേറെ പ്രശസ്തിയാർജിച്ച മഹാരാഷ്ട്രയിലെ അതിമനോഹരമായ ഹിൽ സ്റ്റേഷനാണ് മാതേരൻ. റായ്‌ഗഡ് ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 800 മീറ്റര്‍ ഉയരത്തിലാണ് മാതേരൻ സ്ഥിതി ചെയ്യുന്നത്. മഞ്ഞും, മഴയും, തണുപ്പും, പച്ചപ്പും, വെള്ള ചാട്ടവും കണ്ണെത്താ ദൂരത്തോളം നീണ്ടു കിടക്കുന്ന മലനിരകളുമൊക്കെയായി സഞ്ചാരികളുടെ ബക്കറ്റ് ലിസ്റ്റിൽ മാതേരൻ ഇടംപിടിച്ചു കഴിഞ്ഞു. പഴയ കൊളോണിയൽ കെട്ടിടങ്ങൾ, പച്ചപ്പ് നിറഞ്ഞ വനങ്ങൾ, കൂടാതെ വാഹനരഹിതമായ അന്തരീക്ഷം എന്നിവയാണ് ഇവിടേക്ക് വർഷം മുഴുവനും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങൾ.
ഇപ്പോൾ ഇതാ മാതേരനിലെ ടോയ് ട്രെയിൻ സർവീസ് പുനരാരംഭിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടർന്ന് അഞ്ച് മാസത്തോളം അടച്ചിട്ട ശേഷമാണ് നേരൽ - മതേരൻ റൂട്ടിൽ ടോയ് ട്രെയിൻ വീണ്ടും ഓടിത്തുടങ്ങിയിരിക്കുന്നത്. പശ്ചിമഘട്ടത്തിന്‍റെ മനോഹരമായ കാഴ്ചകളാണ് ഈ യാത്രയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. 21 കിലോമീറ്റർ ദൂരമുള്ള ഈ റൂട്ടിലെ യാത്ര സുരക്ഷാ കാരണങ്ങളാൽ എല്ലാ വർഷവും മഴക്കാലത്ത് നിർത്തിവെക്കാറുണ്ട്. 1907-ൽ ആരംഭിച്ച ഈ പൈതൃക റെയിൽവേ, അന്നത്തെ എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിൻ്റെ ഒരു ഉദാഹരണമായി കണക്കാക്കപ്പെടുന്നു.
പഴയ രീതിയിലുള്ള കോച്ചുകളോടു കൂടിയ ഈ ട്രെയിൻ കാടുകളിലൂടെയും, വളവുകളിലൂടെയും, മൂടൽമഞ്ഞ് മൂടിയ കുന്നുകളിലൂടെയും കടന്നുപോകുമ്പോൾ യാത്രക്കാർക്ക് മറക്കാനാകാത്ത കാഴ്ചകളും അനുഭവങ്ങളാണ് ലഭിക്കുന്നത്. നേരൽ, അമൻ ലോഡ്ജ്, അല്ലെങ്കിൽ മതേരൻ സ്റ്റേഷനുകളിൽ നിന്ന് ഓഫ്‌ലൈനായി ടിക്കറ്റുകൾ ലഭിക്കും.
ഫസ്റ്റ് ക്ലാസ്: മുതിർന്നവർ - 300 രൂപ, കുട്ടികൾ - 180 രൂപ.
സെക്കൻഡ് ക്ലാസ്: മുതിർന്നവർ - 75 രൂപ, കുട്ടികൾ - 45 രൂപ.