ന്യൂസിലാൻഡിലുള്ള ഇന്ത്യക്കാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചു

Published : Jun 18, 2025, 06:22 PM IST
New Zealand Parliament House

Synopsis

പാരന്റ് ബൂസ്റ്റ് വിസ നടപ്പാക്കുമെന്ന് ന്യൂസിലൻഡ് നാഷണൽ പാർട്ടി 2023 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ പ്രഖ്യാപിച്ചിരുന്നു.

വെല്ലിം​ഗ്ടൺ: ന്യൂസിലാൻഡിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് ഒരു സന്തോഷ വാർത്ത. ഇന്ത്യൻ പൗരന്മാരുടെയോ ന്യൂസിലാൻഡിലെ സ്ഥിരതാമസക്കാരുടെയോ മാതാപിതാക്കൾക്ക് സ്ഥിര താമസത്തിന് അപേക്ഷിക്കാതെ തന്നെ 10 വർഷം വരെ രാജ്യത്ത് തുടരാൻ അനുവദിക്കുന്ന പുതിയ വിസ നയം ന്യൂസിലാൻഡ് ​ഗവൺമെന്റ് പ്രഖ്യാപിച്ചു. 2025 സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിക്കും.

അടുത്തിടെയാണ് ന്യൂസിലാൻഡ് ​ഗവൺമെന്റ് ദീർഘകാല സന്ദർശക വിസയായ പാരന്റ് ബൂസ്റ്റ് വിസ പ്രഖ്യാപിച്ചത്. ഈ വിസ ഉപയോഗിച്ച്, മാതാപിതാക്കൾക്ക് തുടക്കത്തിൽ 5 വർഷം വരെ ന്യൂസിലാൻഡിൽ താമസിക്കാൻ കഴിയും. അതിനുശേഷം 5 വർഷത്തേയ്ക്ക് വിസ നീട്ടുന്നതിനായി വീണ്ടും അപേക്ഷ നൽകാം. ഇതോടെ ആകെ 10 വർഷം വരെ മാതാപിതാക്കൾക്ക് രാജ്യത്ത് താമസിക്കാൻ സാധിക്കും.

ഇതുവരെ സ്റ്റാൻഡേർഡ് പാരന്റ്, ഗ്രാൻഡ്പാരന്റ് സന്ദര്‍ശക വിസയിൽ മൂന്ന് വർഷത്തിൽ 18 മാസം മാത്രമേ താമസിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. പുതിയ പാരന്റ് ബൂസ്റ്റ് വിസ ന്യൂസിലാൻഡിൽ താമസിക്കാൻ 10 വർഷം വരെ അനുവാദം നൽകുന്നു എന്നതാണ് സവിശേഷത. ഇത് പ്രായമായ മാതാപിതാക്കൾക്ക് ദീർഘകാലം മക്കളോടൊപ്പം കഴിയാനുള്ള അവസരമാണ് നൽകുന്നത്. എന്നാൽ, ഈ വിസ സ്ഥിരതാമസത്തിനുള്ളതല്ലെന്ന കാര്യവും പ്രത്യേകം എടുത്തുപറയേണ്ടതാണ്.

ന്യൂസിലാൻഡ് പൗരന്മാരുടെയോ സ്ഥിര താമസക്കാരുടെയോ മാതാപിതാക്കൾക്കായി മാത്രം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് പാരന്റ് ബൂസ്റ്റ് വിസ. ദത്തെടുത്ത കുട്ടികൾ സ്പോൺസർമാരാണെങ്കിലും പാരന്റ് ബൂസ്റ്റ് വിസയുടെ ആനുകൂല്യം ലഭിക്കും. മറ്റ് പാരന്റ് വിസകളിൽ ന്യൂസിലാൻഡിലുള്ള ഇന്ത്യൻ പൗരന്മാർക്ക് പാരന്റ് ബൂസ്റ്റ് വിസയിലേക്ക് മാറാനും അവസരമുണ്ട്. എന്നാൽ, അപേക്ഷകർക്ക് ഒരു സമയം ഒരു പാരന്റ് വിസ മാത്രമേ കൈവശം വെയ്ക്കാൻ കഴിയൂ.

സെപ്റ്റംബർ 29 മുതൽ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ അറിയിച്ചു. ഓരോ വർഷവും 2,000 മുതൽ 10,000 വരെ അപേക്ഷകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും നിലവിൽ പരിധി ഏർപ്പെടുത്തുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 2027ൽ സൂക്ഷ്മനിരീക്ഷണത്തിന് ശേഷം വിസ അവലോകനം നടത്തുമെന്നും ക്രിസ്റ്റഫർ ലക്സൺ കൂട്ടിച്ചേർത്തു. 2023 ലെ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ന്യൂസിലൻഡ് നാഷണൽ പാർട്ടി പാരന്റ് ബൂസ്റ്റ് വിസ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

ട്രെയിൻ ടിക്കറ്റ് വെയിറ്റിംഗ് ലിസ്റ്റ് ആകുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഈ കണക്കും ഫോർമുലയും അറിഞ്ഞു വയ്ക്കാം..
ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം