ബാലിയ്ക്ക് സമീപം അഗ്നിപര്‍വ്വത സ്ഫോടനം; 11 കി.മീ ഉയരത്തിൽ പുകപടലം, വ്യോമഗതാഗതം താറുമാറായി

Published : Jun 18, 2025, 04:25 PM IST
Mount Lewotobi

Synopsis

അഗ്നിപര്‍വ്വത സ്ഫോടനത്തിന് പിന്നാലെ ഉയര്‍ന്ന പുകപടലം കാരണം ഇന്തോനേഷ്യയിലെ വ്യോമഗതാഗതം താറുമാറായി.

ജക്കാർത്ത: ഇന്തോനേഷ്യയിൽ വൻ അഗ്നിപര്‍വ്വത സ്ഫോടനം. മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കി വീണ്ടും പൊട്ടിത്തെറിച്ചു. ഇതോടെ ഇന്തോനേഷ്യയിലെ വ്യോമഗതാഗതം താറുമാറായി. ചൊവ്വാഴ്ച പ്രാദേശിക സമയം വൈകുന്നേരം 5:35 ന് ഉണ്ടായ സ്ഫോടനത്തെ തുടർന്ന് എയർ ഇന്ത്യ, വിർജിൻ ഓസ്‌ട്രേലിയ, ജെറ്റ്‌സ്റ്റാർ, എയർ ന്യൂസിലൻഡ് എന്നിവയുടെ സർവീസുകൾ ഉൾപ്പെടെ ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കേണ്ടി വന്നു. ദില്ലിയിൽ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യയുടെ വിമാനത്തിന് യാത്രാമധ്യേ തന്നെ തിരിച്ചുപോകാൻ നിർദ്ദേശം നൽകിയതായി അധികൃതർ അറിയിച്ചു.

അഗ്നിപര്‍വ്വത സ്ഫോടനത്തെ തുടര്‍ന്ന് രൂപപ്പെട്ട പുകപടലം 11 കിലോമീറ്ററോളം ഉയർന്നുപൊങ്ങിയതാണ് വ്യോമഗതാഗതത്തെ ബാധിച്ചത്. ലെവോട്ടോബി അഗ്നിപർവ്വതത്തിൽ നിന്ന് 10,000 മീറ്റർ വരെ ഉയരത്തിൽ കട്ടിയുള്ള പുക ഉയര്‍ന്നതായി ഇന്തോനേഷ്യയിലെ അഗ്നിപർവ്വത ശാസ്ത്ര ഏജൻസി അറിയിച്ചു. നിരവധി ഗ്രാമങ്ങളിലേയ്ക്ക് ചാരവും മറ്റ് സ്ഫോടനാവശിഷ്ടങ്ങളും വീണതായാണ് റിപ്പോര്‍ട്ട്. അഗ്നിപര്‍വ്വതം സ്ഥിതി ചെയ്യുന്ന മേഖലയിൽ നിന്ന് കുറഞ്ഞത് 7 കിലോ മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് പ്രദേശവാസികൾക്കും വിനോദസഞ്ചാരികൾക്കും അധികൃതര്‍ മുന്നറിയിപ്പ് നൽകി.

ഇന്തോനേഷ്യയ്ക്കുള്ളിൽ മാത്രമല്ല, ഏഷ്യ-പസഫിക് മേഖലയിലുടനീളമുള്ള വിമാന സർവീസുകളെ അ​ഗ്നിപർവ്വത സ്ഫോടനം കാര്യമായി ബാധിച്ചു. ബ്രിസ്ബേൻ, മെൽബൺ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ വിർജിൻ ഓസ്‌ട്രേലിയ റദ്ദാക്കി. ഓസ്‌ട്രേലിയയിൽ നിന്നുള്ള നാല് സർവീസുകളെങ്കിലും ജെറ്റ്സ്റ്റാർ നിർത്തിവെയ്ക്കുകയും ചെയ്തു. ക്വാണ്ടാസും എയർ ന്യൂസിലൻഡും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. എയർ ഏഷ്യ പോലുള്ള ആഭ്യന്തര വിമാനക്കമ്പനികളും നിരവധി റൂട്ടുകൾ റദ്ദാക്കി.

നിലവിൽ ബാലിയിൽ ഉള്ളവരും ബാലിയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവരും ഫ്ലൈറ്റ് ഷെഡ്യൂളുകളിൽ കാലതാമസങ്ങളുണ്ടാകാനോ റദ്ദാക്കാനോ സാധ്യത നിലനിൽക്കുന്നുണ്ടെന്ന കാര്യം മറക്കാതിരിക്കുക. വരും ദിവസങ്ങളിൽ നിങ്ങൾ ബാലിയിലേക്കോ ബാലിയിൽ നിന്ന് മടക്കയാത്രയോ ചെയ്യുകയാണെങ്കിൽ എയർലൈൻ അറിയിപ്പുകൾ അറിഞ്ഞിരിക്കുക. വിമാനക്കമ്പനികൾ പുറപ്പെടുവിക്കുന്ന യാത്രാ നിർദ്ദേശങ്ങൾ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിനായി യാത്രാ ഇൻഷുറൻസ് എടുക്കുന്നതും നല്ലതാണ്. അത്യാവശ്യമില്ലെങ്കിൽ അ​ഗ്നിപർവ്വത സ്ഫോടന ഭീഷണി ഒഴിയുന്നതുവരെ ബാലി ഉൾപ്പെടെയുള്ള മേഖലകളിലേയ്ക്കുള്ള നിങ്ങളുടെ യാത്ര മാറ്റിവെയ്ക്കുന്നതാണ് നല്ലത്.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ റദ്ദാക്കൽ: ഇതാ റീഫണ്ട് നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും; അറിയേണ്ടതെല്ലാം
'മനോഹരം, എല്ലാമുണ്ട്...'; ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തണമെന്ന് യുഎസ് വിനോദ സഞ്ചാരി, വീഡിയോ