
ദില്ലി: അതിമനോഹരമായ ബീച്ചുകളും ട്രെൻഡിംഗായ ഡെസ്റ്റിനേഷനുകളും ബജറ്റ് ഫ്രണ്ട്ലി യാത്രകളുമെല്ലാം ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. ഇതിനായി പലരും അന്താരാഷ്ട്ര യാത്രകളാണ് തെരഞ്ഞെടുക്കാറുള്ളത്. ഇക്കാര്യങ്ങളെല്ലാം അടിസ്ഥാനമാക്കിയാണ് നിങ്ങള്‍ അടുത്ത യാത്ര പ്ലാൻ ചെയ്യുന്നതെങ്കിൽ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. വിനോദസഞ്ചാരികൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യം ഏതാണെന്ന് വ്യക്തമാക്കുന്ന റാങ്കിംഗ് പുറത്തുവിട്ടിരിക്കുകയാണ് ഫിനാൻഷ്യൽ പ്ലാറ്റ്ഫോമായ ഹലോസേഫ്.
ഹലോസേഫിന്റെ ഏറ്റവും പുതിയ ഗ്ലോബൽ ട്രാവൽ സേഫ്റ്റി ഇൻഡക്സ് പ്രകാരം ഫിലിപ്പീൻസാണ് 2025-ൽ വിനോദസഞ്ചാരികൾക്ക് ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യമായി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത്. 82.32 സ്കോറോടെയാണ് ഫിലിപ്പീൻസ് ഒന്നാമതായത്. രാജ്യത്തെ ഉയർന്ന തോതിലുള്ള അക്രമ സംഭവങ്ങളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കുറ്റകൃത്യങ്ങൾ, ചില പ്രവിശ്യകളിലെ കലാപവുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ പ്രശ്നങ്ങൾ എന്നിവയെല്ലാം രാജ്യത്തിന്റെ മോശം സ്‌കോറിന് കാരണമായി.
കൊളംബിയയാണ് (79.21) ഫിലിപ്പീൻസിന് പിന്നിൽ രണ്ടാം സ്ഥാനത്ത്. മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളും ഗറില്ലാ സംഘർഷങ്ങളും കൊളംബിയയ്ക്ക് തിരിച്ചടിയായി. മൂന്നാം സ്ഥാനത്തുള്ള മെക്സിക്കോ (78.42) കുറ്റകൃത്യങ്ങളും തട്ടിക്കൊണ്ടുപോകലുകളും കാരണം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കശ്മീര്‍ വിഷയത്തിൽ പാകിസ്ഥാനുമായുള്ള സമീപകാല സംഘർഷങ്ങൾ ഇന്ത്യയുടെ റാങ്കിംഗിനെയും പ്രതികൂലമായി ബാധിച്ചു. 77.86 സ്കോറുള്ള ഇന്ത്യ നാലാം സ്ഥാനത്തെത്തിയപ്പോൾ യുക്രൈനുമായുള്ള സംഘർഷവും ആഭ്യന്തര രാഷ്ട്രീയ അസ്ഥിരതയും കാരണം റഷ്യ (75.65) അഞ്ചാം സ്ഥാനത്തെത്തി.