
കുന്നുകളും അംബര ചുംബികളായ മലനിരകളും കോടമഞ്ഞും പച്ചപ്പുമെല്ലാം വിനോദ സഞ്ചാരികളുടെ വീക്ക്നെസ്സാണ്. കേരളത്തിൽ വിവിധ ജില്ലകളിൽ ഇത്തരം വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ട്. എന്നാൽ, തണുപ്പെന്നും കോടമഞ്ഞെന്നും കേൾക്കുമ്പോൾ ദക്ഷിണേന്ത്യക്കാരുടെ മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്ന പേരാണ് തമിഴ്നാട്ടിൽ സ്ഥിതി ചെയ്യുന്ന ഊട്ടി. തണുത്ത കാറ്റ്... ഇളം വെയിൽ... മഞ്ഞ്... താഴ്വരകൾ... ഇതിനൊപ്പം കൂടിക്കലർന്ന തണുത്ത കാലാവസ്ഥയൊക്കെയാണ് ഊട്ടിയെ കുറിച്ച് ഓർക്കുമ്പോൾ മനസിലേക്ക് എത്തുക.
യാത്രയെക്കുറിച്ച് ആലോചിക്കുമ്പോൾ പ്രതേകിച്ച് മലയാളികൾക്ക് ഒഴിച്ച് കൂടാനാവാത്ത സ്ഥലമാണ് ഊട്ടി. അതിനാൽ തന്നെ ഇവിടേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക് തന്നെയാണെന്ന് പറയാം. ഈ തിരക്കിൽ നിന്നെല്ലാം മാറി ഊട്ടിയിൽ മറ്റൊരിടമുണ്ട്. അതാണ് 'ടൈഗർ ഹിൽസ്'. ദൊഡാബെട്ട കൊടുമുടിയുടെ മടിത്തട്ടിൽ കിടക്കുന്ന ടൈഗർ ഹിൽസ് ആരെയും ആകർഷിക്കുന്ന മനോഹരമായ ഒരു സ്ഥലമാണ്.
ഈ കുന്നിൻ മുകളിൽ എത്തിയാൽ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണത്തിനുള്ള ഒരു വലിയ ജലസംഭരണി, ഇടതൂർന്ന വനമേഖല, പാറക്കൂട്ടങ്ങൾ, ആഴത്തിലുള്ള മലയിടുക്കുകൾ എന്നിവയൊക്കെ കാണാം. കൂടാതെ ഒരു പുരാതന ഗുഹയും ഇവിടെയുണ്ട്. പകൽ സമയത്ത് മൂടൽമഞ്ഞാണ്. ട്രെക്കിംഗ് - ഹൈക്കിംഗ് പ്രേമികളുടെ പ്രിയപ്പെട്ട ഇടം തന്നെയാണ് ടൈഗർ ഹിൽസ്.
ടൈഗർ ഹിൽസിൽ എത്തിയാൽ ഇംഗ്ലീഷ് ശൈലിയിലുള്ള കോട്ടേജുകളും സെമിത്തേരികളും ധാരാളമായി കാണാൻ സാധിക്കും. ഊട്ടിയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാത്രം സഞ്ചരിച്ചാല്‍ മതി ടൈഗര്‍ ഹില്ലിലേക്ക്. ബൈക്ക് യാത്രികര്‍ക്ക് വളരെ എളുപ്പത്തില്‍ ഇവിടെ എത്താം. മുന്നറിയിപ്പില്ലാതെ കാട്ടുമൃഗങ്ങള്‍ എത്തിച്ചേരുന്നതിനാല്‍ ഇവിടേയ്ക്കുള്ള യാത്രയിൽ അൽപ്പം ശ്രദ്ധ കൊടുക്കുകയും വേണം.