കാറ്റും മഴയും വീശിയത് ആലിപ്പഴത്തോടെ, ഗ്രേറ്റര്‍ നോയിഡയിലെ ഫ്ലാറ്റുകൾക്ക് സുരക്ഷാ ഭീതി; വീഡിയോ വൈറല്‍

Published : May 22, 2025, 05:39 PM IST
 കാറ്റും മഴയും വീശിയത് ആലിപ്പഴത്തോടെ, ഗ്രേറ്റര്‍ നോയിഡയിലെ ഫ്ലാറ്റുകൾക്ക് സുരക്ഷാ ഭീതി; വീഡിയോ വൈറല്‍

Synopsis

അമ്പരചുംബികളായി പല ഫ്ലാറ്റുകളുടെ ജനല്‍ ചില്ലുകളും ഫ്രെയിമുകളും ശക്തമായ കാറ്റിൽ പറന്ന് പോയ അവസ്ഥയിലാണ്. 

ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി (22.5.'25) ദില്ലിയിലും പരിസര പ്രദേശങ്ങളിലുമുണ്ടായ അതിശക്തമായ കാറ്റും മഴയും വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. അതിശക്തമായ ആലിപ്പഴപ്പെയ്ത്തില്‍ ദില്ലി ശ്രീനഗര്‍ ഫ്ലൈറ്റിന്‍റെ മുന്‍ഭാഗം തകർന്ന വീഡിയോയും ചിത്രങ്ങളും ഇതിനകം വലിയ വാര്‍ത്തയായി. അതേസമയം ദില്ലിയില്‍ നിന്നും ഏതാണ്ട് രണ്ട് മണിക്കൂർ യാത്രാ ദൂരമുള്ള ഗ്രേറ്റര്‍ നോയിഡയില്‍ അര്‍ദ്ധരാത്രിയിലുണ്ടായ പേമാരിയില്‍ വലിയ നാശനഷ്ടമാണ് രേഖപ്പെടുത്തിയത്. വീഡിയോകൾ വൈറലായതോടെ വരാനിരിക്കുന്ന മണ്‍സൂണ്‍ തീവ്രത കൂടിയതാണോയെന്നുള്ള ചര്‍ച്ചകളും സമൂഹ മാധ്യമത്തില്‍ സജീവമായി. അതിശക്തമായ കാറ്റിനും മഴയ്ക്കുമൊപ്പം ആലിപ്പഴ വീഴ്ചയുമുണ്ടായതാണ് അപകടങ്ങളുടെ തീവ്രത വര്‍ദ്ധിപ്പിച്ചത്. കാറ്റിനൊപ്പം ശക്തമായ ആലിപ്പഴ വീഴ്ചയില്‍ പടിഞ്ഞാറന്‍ ഗ്രേറ്റര്‍ നോയിഡയിലെ അപെക്സ് ഗോൾഫ് അവന്യൂ സൊസൈറ്റിയുടെ പ്രധാന ഗേറ്റ് തക‍ർന്നു വീണു. കെട്ടിടത്തിന്‍റെ മുന്‍വശത്ത് കല്ലുകൾ ചിതറിക്കിടക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വെള്ളം കെട്ടിനില്‍ക്കുന്ന റോഡില്‍ ഏറെ ദൂരത്തേക്ക് തെറിച്ച് വീണ കല്ലുകൾ വീഡിയോയില്‍ കാണാം.

രാത്രി ഒരു മണിക്ക് പങ്കുവയ്ക്കപ്പെട്ട എക്സ് കുറിപ്പില്‍ സൂപ്പര്‍ടെക് എക്കോ വില്ലേജ് രണ്ടിലെ ഒരു ഫ്ലാറ്റിന്‍റെ ബാല്‍ക്കെണിയിലെ ജനല്‍ തക‍ർന്ന് കിടക്കുന്നത് കാണാം. പങ്കുവച്ച ചിത്രത്തോടൊപ്പം എന്ത് തരം വസ്തുക്കളാണ് കെട്ടിടം പണിക്ക് ഉപയോഗിച്ചതെന്ന് മോഹിത് സൂര്യവംശി എന്ന എക്സ് ഉപയോക്താവ് ചോദിച്ചു. ജെപി അമന്‍ സൊസൈറ്റിയിലെ ഫ്ലാറ്റില്‍ നിന്നുള്ള മറ്റൊരു വീഡിയോയിൽ ഫ്ലാറ്റിന്‍റെ ഒരു വശത്തുള്ള ജനലുകളെല്ലാം പൊളിഞ്ഞ ബെഡ്റൂമിലേക്കും മറ്റ് മുറികളിലേക്കും തെറിച്ച് വീണിരിക്കുന്നത് കാണാം. പലതും ബെഡ്ഡിലാണ് വീണിരിക്കുന്നത്. പകല്‍ വെളിച്ചത്തിലെ കാഴ്ച ഇതാണെങ്കില്‍ രാത്രിയില്‍ എന്തായിരിക്കും അവസ്ഥയെന്ന് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്. എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍ സെക്ടര്‍ 145 മെട്രോ സ്റ്റേഷന് മുന്നില്‍ ഇരുമ്പ് കൊണ്ട് പണിത വലിയൊരു സ്ട്രെക്ച‍ർ തകർന്ന് റോഡിന് കുറുകെ കിടക്കുന്നത് കാണാം. വീഡിയോകളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ ഗ്രേറ്റ‍ർ നോയിഡയിലെ കെട്ടിടങ്ങളുടെ സുരക്ഷയെ കുറിച്ചും അവയുടെ നിർമ്മാണത്തിന് ഉപയോഗിച്ച വസ്തുക്കളെ കുറിച്ചും നിരവധി പേര്‍ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തി. അതേസമയം മറ്റ് ചിലര്‍ 60 - 70 കിലോമീറ്റര്‍ വേഗതയില്‍ ആലിപ്പഴത്തോടെയാണ് കാറ്റ് വീശിയതെന്നും ഉയര്‍ന്ന, ഫ്ലാറ്റ് സമുച്ചയങ്ങൾക്ക് അതിനെ തടഞ്ഞ് നിര്‍ത്തുകയെന്നത് ശ്രമകരമാണെന്നും എഴുതി. അതിശക്തമായ കാറ്റിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം നിർത്തിവച്ച മെട്രോ സര്‍വ്വീസുകളുടെ വീഡിയോ പിടിഐ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചു.

PREV
Read more Articles on
click me!

Recommended Stories

തിരക്കേറിയ ബെംഗളൂരു നഗരം, ചീറിപ്പായുന്ന വണ്ടികൾ, ഈ വിദേശിയുവാവിന്റെ കണ്ണിലുടക്കിയത് ആ കാഴ്ച
ചിത്രത്തിലേക്ക് ആദ്യം നോക്കിയത് അമ്പരപ്പോടെ, പിന്നെ അഭിമാനവും ആഹ്ലാദവും, മകളുള്ള പരസ്യബോർഡ് കാണുന്ന അച്ഛനും അമ്മയും