
വാട്സ്ആപ്പിൽ സ്റ്റാറ്റസ് ഇടാൻ സഹായം തേടിയ അമ്മയ്ക്ക് വഴി പറഞ്ഞ് കൊടുത്തത് ഗൂഗിളിന്‍റെ എഐ ചാറ്റ്ബോട്ടായ ജെമിനി. വാട്സാപ്പ് സ്റ്റാറ്റസ് ഇടാൻ മകന്‍റെ സഹായം തേടുന്നതിന് പകരം ജെമിനിയോട് ഓരോ ഘട്ടവും ചോദിച്ച് സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുന്ന അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ‘എന്‍റെ അമ്മ എപ്പോഴും ആഗ്രഹിച്ചിരുന്ന മകനാണ് ജെമിനി.’ എന്ന കുറിപ്പോടെയാണ് മോഹിത് ശർമ എന്ന ഇൻസ്റ്റഗ്രാം ഉപയോക്താവ് വീഡിയോ പങ്കുവച്ചത്.
വാട്സ്ആപ്പ് എങ്ങനെ തുറക്കണമെന്ന ചോദ്യത്തോടെയാണ് സംഭാഷണം തുടങ്ങുന്നത്. സ്ക്രീനിന്‍റെ താഴെയുള്ള സെർച്ച് ഓപ്ഷൻ ഉപയോഗിച്ച് ‘വാട്ലാപ്പ്’ എന്ന് ടൈപ്പ് ചെയ്യാൻ ജെമിനി നിർദേശിക്കുന്നു. ആപ്പ് തുറന്നെന്ന് അമ്മ അറിയിച്ചതോടെ അടുത്ത ഘട്ടത്തിലേക്ക് എഐ കടക്കാൻ പറയുന്നു. തുടർന്ന് വാട്സ്ആപ്പിലെ ‘അപ്ഡേറ്റ്സ്' വിഭാഗത്തിലേക്ക് എങ്ങനെ എത്താമെന്നും പുതിയ സ്റ്റാറ്റസ് എങ്ങനെ ചേർക്കാമെന്നും ജെമിനി വിശദീകരിച്ച് കൊടുക്കുന്നു.
ക്യാമറയോ പെൻസിൽ ഐക്കണോ അമർത്താനും തുടർന്ന് ഫോട്ടോ തെരഞ്ഞെടുക്കാനും ജെമിനി നിർദേശിച്ചു. ഓരോ നിർദേശവും അമ്മ കൃത്യമായി പിന്തുടരുന്നതും തുടർന്ന് അമ്മ “അച്ചാ, ഞാൻ അമർത്തി”, “പെൻസിൽ തന്നെ ചെയ്തു” തുടങ്ങിയ മറുപടികൾ നൽകുന്നതും വീഡിയോയിൽ കാണാം. ഗാലറിയിൽ നിന്ന് ചിത്രം തെരഞ്ഞെടുക്കുകയും പച്ച നിറത്തിലുള്ള അമ്പടയാളം അമർത്തി സ്റ്റാറ്റസ് അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം “ഇട്ടു” എന്ന് അമ്മ പറയുമ്പോൾ ജെമിനിയുടെ മറുപടി “ബഹുത് ബഢിയാ” എന്നായിരുന്നു.
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് രസകരവും സ്നേഹപൂർവവുമായ പ്രതികരണങ്ങളുമായി എത്തിയത്. പ്രായമായവരെ സഹായിക്കാൻ സമാനമായൊരു സംവിധാനം താൻ നിർമിക്കാൻ ആലോചിച്ചിരുന്നുവെന്നും എന്നാൽ ഗൂഗിൾ തന്നെ അത്തരമൊരു സഹായം ഒരുക്കിയതിനാൽ ഇനി അതിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു ഒരാളുടെ പ്രതികരണം. ചെറിയ കാര്യങ്ങളിലെ സന്തോഷവും ഈ കാഴ്ചയിലെ മനോഹാരിതയും ചൂണ്ടിക്കാട്ടിയവരും ഏറെയാണ്.