ബിഗ് ടെക് കമ്പനിയിലെ ആറക്ക ശമ്പളമുള്ള ജോലി 30-ാം വയസ്സിൽ രാജിവെച്ച ഇന്ത്യൻ യുവാവിന്‍റെ തീരുമാനം ശ്രദ്ധ നേടുന്നു. സാമ്പത്തിക സുരക്ഷിതത്വത്തേക്കാൾ ജീവിത സ്വാതന്ത്ര്യത്തിന് പ്രാധാന്യം നൽകിയ ഈ യുവാവ്, പ്രായം കൂടും മുൻപ് റിസ്ക് എടുക്കുന്നതാണ് നല്ലതെന്ന് കരുതുന്നു.

മികച്ച ശമ്പളവും ബിഗ് ടെക് കമ്പനിയിലെ സുരക്ഷിതമായ കരിയറും ഉപേക്ഷിച്ച് ജീവിതത്തിൽ പുതിയ വഴിയിലേക്ക് തിരിഞ്ഞ ഇന്ത്യൻ യുവാവിന്‍റെ തീരുമാനം സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. തന്‍റെ 30 -ാം വയസ്സിലാണ് യുവാവ് ആറക്ക ശമ്പളമുള്ള ജോലി രാജിവെച്ചതെന്നത് സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചു. എന്നാൽ, 'ഇപ്പോഴല്ലെങ്കിൽ പിന്നീടത് കൂടുതൽ ബുദ്ധിമുട്ടാകും' എന്ന ചിന്തയാണ് നിർണായക തീരുമാനത്തിലേക്ക് തന്നെ നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ആറക്ക ശമ്പളം, പക്ഷേ വേണ്ടത് 'സ്വാതന്ത്ര്യം'!

പ്രൊഡക്റ്റ് മാനേജരായി ബിഗ് ടെക് മേഖലയിൽ ജോലി ചെയ്തിരുന്ന യുവാവിന് മികച്ച വരുമാനവും കരിയർ വളർച്ചയ്ക്കുള്ള അവസരങ്ങളും ഉണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ജോലി നൽകുന്ന സാമ്പത്തിക സുരക്ഷിതത്വത്തിനപ്പുറം ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യവും സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് സമയം ചെലവഴിക്കാനുള്ള അവസരവുമാണ് വേണ്ടതെന്നും അതാണ് താൻ തേടുന്നതെന്നും യുവാവ് വ്യക്തമാക്കുന്നു. കരിയറിന്‍റെ സുരക്ഷിതമായ പാതയിൽ തുടരുന്നതിനേക്കാൾ ഇപ്പോൾ തന്നെ അതിലൊരു മാറ്റം വരുത്തുന്നതാണ് ഉചിതമെന്ന് അയാൾ കരുതി.

View post on Instagram

ഇപ്പോഴല്ലെങ്കിൽ പിന്നെപ്പോൾ!

പ്രായം കൂടുന്നതിനനുസരിച്ച് സാമ്പത്തിക ബാധ്യതകളും കുടുംബ ഉത്തരവാദിത്തങ്ങളും വർധിക്കും. അതിനാൽ ആ സമയത്ത് ഇത്തരമൊരു റിസ്ക് എടുക്കുന്നത് കൂടുതൽ പ്രയാസകരമാകുമെന്നും യുവാവ് ചൂണ്ടിക്കാട്ടുന്നു. അതേസമയം നിലവിലെ ജോലിയെ പൂർണമായും തള്ളിപ്പറയുന്നതല്ല തന്‍റെ തീരുമാനമെന്നും, മറിച്ച് ജീവിതത്തിന്‍റെ അടുത്ത ഘട്ടം സ്വന്തം ഇഷ്ടപ്രകാരം രൂപപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വളർച്ചയും ടെക് മേഖലയിലെ മാറ്റങ്ങളും കരിയറിനെക്കുറിച്ച് പുതിയ രീതിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ച ഘടകങ്ങളായെന്നും റിപ്പോർട്ടുകൾ പറയുന്നു.

സമ്മിശ്ര പ്രതികരണം

വലിയ ശമ്പളമുള്ള ജോലി ഉപേക്ഷിക്കുന്നത് എല്ലാവർക്കും അനുയോജ്യമായ തീരുമാനമല്ലെങ്കിലും, സാമ്പത്തിക സുരക്ഷിതത്വത്തിനൊപ്പം വ്യക്തി സ്വാതന്ത്ര്യത്തിനും ജീവിത സംതൃപ്തിക്കും പ്രാധാന്യം നൽകണമെന്ന ചർച്ചയ്ക്കാണ് യുവാവിന്‍റെ തീരുമാനം വഴിവെച്ചിരിക്കുന്നത്. തൊഴിലാളി വിരുദ്ധമായ കോർപ്പറേറ്റ് സ്വഭാവത്തിനെതിരെയും പലരും കുറിപ്പുകളുമായെത്തി. അതേസമയം യുവാവിന്‍റെ തീരുമാനം സംബന്ധിച്ച് അനുകൂലവും പ്രതികൂലവുമായ അഭിപ്രായങ്ങളും ഉയരുന്നുണ്ട്.