
മധ്യപ്രദേശിലെ ഇൻഡോറിലെ ഒരു കുടുംബത്തിൽ 52 വർഷത്തിന് ശേഷം ആദ്യമായി പെൺകുഞ്ഞ് ജനിച്ചതിന്‍റെ ആഘോഷം സമൂഹ മാധ്യമങ്ങളിൽ വൈറലായി. തലമുറകളായി ആൺകുട്ടികൾ മാത്രമാണ് കുടുംബത്തിൽ ജനിച്ചിരുന്നതെന്നും, അഞ്ച് പതിറ്റാണ്ടിലേറെയായി ഒരു പെൺകുഞ്ഞ് പോലും കുടുംബത്തിൽ ജനിച്ചിട്ടില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഏറെ കാത്തിരുന്ന ആ സന്തോഷ നിമിഷം ആഘോഷമാക്കി മാറ്റിയ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ആശുപതിയിൽ പ്രസവവാർഡിന് പുറത്ത് വിവരം അറിയാനായി നിൽക്കുന്ന കുടുംബാംഗങ്ങളിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ഏവരും ആകാംഷരായി നിൽക്കുന്നത് കാണാം. ചിലർ പ്രാർത്ഥനകളിലാണ്. അമ്മയ്ക്കും കുഞ്ഞിനും ഒന്നും സംഭവിക്കല്ലേയെന്ന പ്രാർത്ഥന. ഇതിനിടെ ഒരു നേഴ്സ് കുട്ടിയെ പുറത്തേക്ക് കൊണ്ട് വന്ന് ബന്ധുക്കളെ കാണിക്കുന്നു. പിന്നാലെ വൈകാരികമായി നിമിഷങ്ങളായിരുന്നു. കുടുംബാംഗങ്ങൾ പരസ്പരം കെട്ടിപ്പിടിച്ചും കൈ കൊട്ടിയും തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു. അവരെല്ലാവരും കുട്ടിയെ മാറി മാറിയെടുത്ത് താലോലിക്കുന്നതും വീഡിയോയിൽ കാണാം. കുടുംബത്തിലെ മുതിർന്നവരും ഈ നിമിഷത്തെ ഏറെ വികാരഭരിതമായ അനുഭവമായാണ് വിശേഷിപ്പിച്ചത്.
വീഡിയോ പങ്കുവെച്ച കുടുംബാംഗങ്ങൾ, 52 വർഷത്തിനിടെ കുടുംബത്തിൽ ഒരു പെൺകുഞ്ഞുപോലും ജനിച്ചിരുന്നില്ലെന്നും, ഇപ്പോൾ ആ കാത്തിരിപ്പിന് വിരാമമായെന്നും കുറിച്ചു. ചിലർ ഇതിനെ കുടുംബത്തെ അലട്ടിയിരുന്ന ഒരു 'ശാപം' അവസാനിച്ചതായി വികാരാത്മകമായി വിശേഷിപ്പിച്ചെങ്കിലും, അത് ഒരു വിശ്വാസപ്രകടനമായാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ വിലയിരുത്തിയത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. പെൺകുഞ്ഞിന്‍റെ ജനനത്തെ ഇത്രയും സന്തോഷത്തോടെയും അഭിമാനത്തോടെയും ആഘോഷിച്ച കുടുംബത്തെ നിരവധി പേർ അഭിനന്ദിച്ചു. പെൺമക്കളോടുള്ള സമൂഹത്തിന്‍റെ മാറുന്ന കാഴ്ചപ്പാടിന്‍റെ മനോഹരമായ ഉദാഹരണമാണിതെന്നും, ഇത്തരത്തിലുള്ള ആഘോഷങ്ങൾ കൂടുതൽ കുടുംബങ്ങൾക്ക് പ്രചോദനമാകുമെന്നും നിരവധി പേരാണ് എഴുതിയത്.