ഹർഷ് ഗോയങ്ക 'എക്സ്' (ട്വിറ്റർ) ൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഒരാൾക്ക് ഷേവ് ചെയ്യുന്നതിനിടയിൽ, ബാർബർ തന്റെ ചലനങ്ങൾ നിരീക്ഷിക്കുന്ന പ്രത്യേക ഉപകരണങ്ങൾ ധരിച്ചിരിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്.

സോഫ്റ്റ്‌വെയർ ഡെവലെപ്മെന്റ്, കസ്റ്റമർ സർവീസ്, ഫാക്ടറി ജോലികൾ തുടങ്ങി വിവിധ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ മാറ്റങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ, ബാർബർമാരുടേത് പോലെയുള്ള ജോലികളെയും എഐ ബാധിക്കുമോ എന്ന പുതിയൊരു ചോദ്യം ഉന്നയിച്ചിരിക്കുകയാണ് വ്യവസായിയായ ഹർഷ് ഗോയങ്ക.

ആർപിജി ഗ്രൂപ്പ് ചെയർമാനായ ഹർഷ് ഗോയങ്ക 'എക്സ്' (ട്വിറ്റർ) ൽ പങ്കുവെച്ച ഒരു വീഡിയോയാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുന്നത്. ഒരാൾക്ക് ഷേവ് ചെയ്യുന്നതിനിടയിൽ, ബാർബർ തന്റെ ചലനങ്ങൾ നിരീക്ഷിക്കുന്ന പ്രത്യേക ഉപകരണങ്ങൾ ധരിച്ചിരിക്കുന്നതാണ് ഈ വീഡിയോയിലുള്ളത്. വീഡിയോയിൽ ബാർബർ ഹെഡ്-മൗണ്ടഡ് ക്യാമറയും വയറുകളും സെൻസറുകളും ഘടിപ്പിച്ച ബോഡി ഹാർനസും ധരിച്ചിരിക്കുന്നത് കാണാം. ഇയാളുടെ കൈത്തണ്ടകളിലും ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്.

ഷേവിംഗ് നടത്തുമ്പോൾ ഗ്രൂമിംഗ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന രീതി, കൈകളുടെ ചലനങ്ങൾ, ടൂളുകൾ പിടിക്കുന്നതും ചലിപ്പിക്കുന്നതുമായ രീതികൾ എന്നിവയെല്ലാം ഈ ഉപകരണങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നു. ഇത്തരം സെഷനുകളിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ, ഇത്തരം ജോലികൾ ചെയ്യാൻ AI -യെയോ റോബോട്ടുകളെയോ പരിശീലിപ്പിക്കാൻ ഉപയോഗിച്ചേക്കാം.

Scroll to load tweet…

എന്തായാലും, ​ഗോയങ്കയുടെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ പലതരത്തിലുള്ള കമന്റുകളാണ് നെറ്റിസൺസ് നൽകുന്നത്. ഒരു സലൂണിൽ പോയാൽ കിട്ടുന്ന രസകരമായ അനുഭവം ഭാവിയിൽ റോബോട്ടുകൾ എടുത്തുകളഞ്ഞേക്കുമെന്നാണ് ചിലർ തമാശയായി കമന്റ് നൽകിയിരിക്കുന്നത്. മുഖത്തിന് അടുത്ത് മൂർച്ചയുള്ള ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ റോബോട്ടുകളെ വിശ്വസിക്കാൻ കഴിയില്ലെന്നതാണ് മറ്റ് പലരുടെയും ആശങ്ക. 'ടെക്നോളജി എത്ര പുരോഗമിച്ചാലും, സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുള്ള റോബോട്ടുകളെക്കാൾ കൈകൾ വിറയ്ക്കുന്ന മനുഷ്യനായ ബാർബറെയാണ് ഞാൻ വിശ്വസിക്കുന്നത്' എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്. എന്നാൽ, മനുഷ്യർക്ക് ജോലിയില്ലാതാകുന്ന സാഹചര്യം ആശങ്കാജനകമാണ് എന്നാണ് പലരും പ്രതികരിച്ചത്.