ഷാവോയുടെ സ്നേഹക്കട; രക്താർബുദം ബാധിച്ച മൂന്ന് വയസുകാരന് സ്റ്റെം സെൽ ദാനം ചെയ്യാൻ ഒരാഴ്ച കടയടച്ചു, തിരിച്ചെത്തിയപ്പോൾ കടയിൽ തിരക്കോട് തിരക്ക്!

Published : May 12, 2026, 03:39 PM IST
barbecue stall

Synopsis

രക്താർബുദം ബാധിച്ച മൂന്ന് വയസ്സുകാരന് സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി ചൈനീസ് ബാർബിക്യൂ കടയുടമയായ ഷാവോ സാൻഹു തന്‍റെ ബിസിനസ്സ് താൽക്കാലികമായി നിർത്തിവെച്ചു. ഈ സൽപ്രവൃത്തിക്ക് ശേഷം കട വീണ്ടും തുറന്നപ്പോൾ, അദ്ദേഹത്തെ തേടിയെത്തിയത് അഭൂതപൂർവമായ ജനപിന്തുണയായിരുന്നു.

 

നുഷ്യത്വത്തിന്‍റെ ഹൃദയസ്പർശിയായ ഒരു വാർത്തയാണ് ചൈനയിലെ അൻഹുയി പ്രവിശ്യയിൽ നിന്ന് പുറത്തുവരുന്നത്. രക്താർബുദം ബാധിച്ച മൂന്ന് വയസ്സുകാരന് സ്റ്റെം സെൽ ദാനം ചെയ്യുന്നതിനായി സ്വന്തം ബിസിനസ്സ് താൽക്കാലികമായി ഉപേക്ഷിച്ച ബാർബിക്യൂ കടയുടമ ഷാവോ സാൻഹു ആണ് ഇപ്പോൾ ചൈനീസ് സമൂഹ മാധ്യമങ്ങളിലെ താരം.

'കുടുംബപരമായ ആവശ്യങ്ങൾക്ക്'

ഏപ്രിൽ 18 -നാണ് 33 -കാരനായ ഷാവോ തന്‍റെ കടയുടെ മുന്നിൽ "കുടുംബപരമായ ആവശ്യങ്ങൾക്കായി ഒരാഴ്ചത്തേക്ക് അടച്ചിടുന്നു" എന്ന ബോർഡ് തൂക്കിയത്. എന്നാൽ, താൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കൊച്ചുകുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹം. മജ്ജ മാറ്റിവെക്കൽ പ്രക്രിയയുടെ ഭാഗമായി സ്റ്റെം സെൽ ദാനം ചെയ്യാൻ ഷാവോ തെരഞ്ഞെടുത്തത് തന്‍റെ ഉപജീവനത്തേക്കാൾ വലുത് ഒരു കുഞ്ഞിന്‍റെ ജീവനാണെന്ന ഉറച്ച തീരുമാനമായിരുന്നു.

വൻ സാമ്പത്തിക നഷ്ടം, പക്ഷേ...

കട അടച്ചിട്ട ദിവസങ്ങളിൽ വലിയ സാമ്പത്തിക നഷ്ടമാണ് ഇദ്ദേഹത്തിന് നേരിടേണ്ടി വന്നത്. ജീവനക്കാർക്കുള്ള ശമ്പളവും വാടകയും ഉൾപ്പെടെ ഏകദേശം 2.3 ലക്ഷത്തോളം രൂപ (20,000 യുവാൻ) നഷ്ടമായെങ്കിലും അതൊന്നും അദ്ദേഹം കണക്കിലെടുത്തില്ല. ഏപ്രിൽ 27 -ന് ഹെഫീ നഗരത്തിലെ ആശുപത്രിയിൽ വെച്ച് അദ്ദേഹം വിജയകരമായി സ്റ്റെം സെൽ ദാനം ചെയ്തു. വിശ്രമത്തിന് ശേഷം മെയ് ഒന്നിന് കട വീണ്ടും തുറന്ന ഷാവോയെ കാത്തിരുന്നത് വലിയൊരു ജനക്കൂട്ടമായിരുന്നു. അദ്ദേഹത്തിന്‍റെ ഈ സൽപ്രവൃത്തിയെക്കുറിച്ച് വാർത്തകൾ അറിഞ്ഞ 60 -ഓളം ആളുകളാണ് ഒരേസമയം ഭക്ഷണം കഴിക്കാൻ വരിനിന്നത്. പലരും അയൽ പ്രവിശ്യകളിൽ നിന്ന് മണിക്കൂറുകളോളം യാത്ര ചെയ്താണ് ഷാവോയുടെ കൈപ്പുണ്യം നുകരാൻ എത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

നന്ദി, ഷാവോ നന്ദി

തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്ന് ഒരാൾ ഏഴ് മണിക്കൂർ വിമാനത്തിലും കാറിലുമായി സഞ്ചരിച്ച് ഇവിടെയെത്തിയത് ഷാവോയെ നേരിട്ട് കണ്ട് നന്ദി അറിയിക്കാനായിരുന്നു. തിരക്ക് വർദ്ധിച്ചതോടെ പ്രദേശത്തെ ഹോട്ടൽ അസോസിയേഷൻ ഷാവോയ്ക്ക് സഹായവുമായി എത്തി. പാചകക്കാരെയും വിളമ്പുകാരെയും അവർ തന്നെ സൗജന്യമായി വിട്ടുനൽകി. അയൽക്കാർക്ക് തിരക്ക് മൂലം ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ തന്‍റെ തട്ടുകട ഉടൻ തന്നെ ഒരു വലിയ ഷോപ്പിലേക്ക് മാറ്റാൻ ഷാവോ തീരുമാനിച്ചിരിക്കുകയാണ്. ഒരു കൊച്ചുകുഞ്ഞിന് ജീവന്‍റെ തണലേകിയ ഷാവോയ്ക്ക് ഇപ്പോൾ സ്നേഹം കൊണ്ട് നന്ദി പറയുകയാണ് അദ്ദേഹത്തിന്‍റെ നാട്ടുകാർ.

PREV
Read more Articles on
click me!

Recommended Stories

'ഒരു കോടി, പിന്നൊരു ബിഎംഡബ്യുവും'; സ്ത്രീധനം നിരോധിച്ച ഇന്ത്യയിൽ കിട്ടിയ സ്ത്രീധനം വിളിച്ച് പറഞ്ഞൊരു വിവാഹം, വീഡിയോ
കുടിക്കാനായി വീട്ടിലേക്ക് വാങ്ങിക്കൊണ്ടു വന്ന തംസ് അപ്പ് കുപ്പിക്കുള്ളിൽ 'ചത്ത പല്ലി'; വീഡിയോ വൈറൽ