
വാഹനങ്ങളുമായി റോഡിലേക്ക് ഇറങ്ങുന്നവർ പാലിക്കേണ്ട ചില മര്യാദകളുണ്ട്. സ്വന്തം സുരക്ഷയോടൊപ്പം മറ്റുള്ളവരുടെ സുരക്ഷ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്. എന്നാൽ, പലപ്പോഴും ഇരുചക്ര വാഹനങ്ങളുമായി നിരത്തിലിറങ്ങുന്ന യുവതീ യുവക്കളിൽ വലിയൊരു പങ്കും യാതൊരു തരത്തിലുള്ള ഗതാഗത മര്യാദകളും പാലിക്കുന്നില്ലെന്നത് ഏറെ ദുഖകരമായ കാര്യമാണ്. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോ പുറത്ത് കൊണ്ട് വന്നത് സമാനമായ ഒരു കാര്യമാണ്. ഓടിക്കൊണ്ടിരിക്കുന്ന ഒരു ബസ്സിന് മുമ്പില്‍ ബസിനെ തടഞ്ഞ് കൊണ്ട് അഭ്യാസ പ്രകടനം നടത്തിയ യുവാവിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ദില്ലി ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ബസിന് മുന്നിലാണ് ഇത്തരത്തിൽ തീർത്തും അപകടകരമായ രീതിയിൽ വാഹനം ഓടിച്ച് ബൈക്ക് യാത്രക്കാരൻ തടസം സൃഷ്ടിച്ചത്. ദില്ലി ട്രാൻസ്പോർട്ട് കോർപ്പറേഷന്‍റെ ബസ്സിന് മുമ്പിലാണ് യുവാവിന്‍റെ അഭ്യാസ പ്രകടനം. തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തിരക്കേറിയ റോഡിൽ അലക്ഷ്യമായി വാഹനമോടിക്കുന്നത് ബൈക്ക് യാത്രികന്‍റെ ജീവന് മാത്രമല്ല, റോഡ് യാത്രക്കാരുടെ ജീവനും അപകടത്തിലാക്കുമെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
ഡിടിസി കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സംഭവം സ്ഥിരീകരിച്ച ശേഷം, സംഭവത്തിൽ ഉൾപ്പെട്ട ബസ് തിരിച്ചറിഞ്ഞു. തുടർന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ക്ലിപ്പു മറ്റും ഉപയോഗിച്ച് ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ ട്രാക്ക് ചെയിരുന്നെന്നും എന്ന് പോലീസ് പറഞ്ഞു. അന്വേഷണത്തിൽ ബൈക്ക് 13 വർഷം മുമ്പ് വിറ്റഴിക്കപ്പെട്ടതായി കണ്ടെത്തി, എന്നാൽ, ഔദ്യോഗിക രേഖകളിൽ ഉടമസ്ഥാവകാശ കൈമാറ്റം ചെയ്തിരുന്നില്ല. തുടർന്ന് പോലീസ് രജിസ്റ്റർ ചെയ്ത ഉടമയുമായി ബന്ധപ്പെടുകയും അദ്ദേഹത്തിന്‍റെ സഹകരണത്തോടെ ബൈക്കിന്‍റെ നിലവിലെ ഉടമയെ കണ്ടെത്തുകയും ചെയ്തു. അതിന് പിന്നാലെ ബൈക്ക് ഓടിച്ച് വ്യക്തിയെ അറസ്റ്റ് ചെയ്തു. 15 വർഷത്തിലധികം പഴക്കമുള്ള ബൈക്ക്, രജിസ്റ്റർ ചെയ്ത ഒരു സ്ക്രാപ്പർക്ക് കൈമാറിയെന്നും പോലീസ് പറയുന്നു.