
കള്ളനാണെന്ന് കരുതി ആനന്ദിക്കാന്‍ പാടില്ലെന്നുണ്ടോ? എന്തായാലും ഓസ്ട്രേലിയയിലെ ഒരു സ്കൂളിൽ മോഷ്ടിക്കാന്‍ കയറിയ കള്ളൻ അല്പം എന്‍റർടൈൻമെന്‍റാകാമെന്ന പക്ഷക്കാരനാണ്. മോഷണത്തിന് മുൻപായി ഇയാൾ നൃത്തം ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്കൂളിന്‍റെ പാർക്കിംഗ് ഏരിയയിൽ നിന്നാണ് കള്ളന്‍ ആവേശത്തോടെ സ്വയം മറന്ന് നൃത്തം ചെയ്തത്, അതും മോഷണത്തിന് തൊട്ട് മുമ്പ്. ആട്ടവും പാട്ടും ഒക്കെ കഴിഞ്ഞ് കക്ഷി സ്കൂളിൽ നിന്ന് 5,.000 ഡോളറിൽ അധികം വിലമതിക്കുന്ന കമ്പ്യൂട്ടർ ഉപകരണങ്ങൾ മോഷ്ടിച്ചാണ് കടന്നുകളഞ്ഞത്.
ഏപ്രിൽ 23 -ന് പുലർച്ചെയാണ് വിക്ടോറിയയിലെ സൺബറിയിലെ സ്കൂളിൽ ഈ മോഷണം നടന്നതെന്ന് സ്കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സിസിടിവി ദൃശ്യങ്ങളിൽ ആദ്യം ഒരാൾ വാഹനമോടിച്ച് സ്കൂളിന്‍റെ പാർക്കിംഗ് ഏരിയയിലേക്ക് വരുന്നത് കാണാം. തുടർന്ന് ഇയാൾ വാഹനത്തിൽ നിന്നും ഇറങ്ങി അവിടെ നിന്ന് തന്നെ നൃത്തം ചെയ്യുന്നു. ശേഷം സ്കൂൾ കെട്ടിടത്തിന്‍റെ ഉള്ളിലേക്ക് കയറുന്നു. പോലീസ് പറയുന്നത് അനുസരിച്ച് സ്കൂൾ കെട്ടിടത്തിന് വാതിലുകൾ തകർത്താണ് ഇയാൾ അകത്ത് കയറിയത്. മൂന്ന് ലാപ്‌ടോപ്പുകളും ഒരു പ്രൊജക്ടറും മോഷ്ടിച്ച ശേഷം ഇയാൾ വന്ന കാറില്‍ തന്നെ കയറിപ്പോയി.
കൈയിലൊരു ടോർച്ചും പിടിച്ച് വളരെ റിലാക്സായി സന്തോഷത്തോടെ വട്ടം ചുറ്റുന്ന കള്ളനെയാണ് ആദ്യം വീഡിയോയില്‍ കാണാന്‍ കഴിയുക. പിന്നാലെ ഇയാൾ സ്കൂളിനകത്ത് കയറി ഓരോ ഇടത്തേക്കും ടോർച്ച് അടിച്ച് പരിശോധിക്കുന്നതും കാണാം. ഇത്ര സന്തോഷത്തോടെ മോഷണം നടത്തി കടന്ന് കളഞ്ഞ കള്ളന്‍റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെത്തി. തങ്ങളുടെ മുന്നില്‍ ഇത്രയേറെ സന്തോഷത്തോടെ മോഷണം നടത്താന്‍ ധൈര്യം കാട്ടിയ കള്ളനെ പിടിച്ചിട്ട് തന്നെയെന്ന് പോലീസും. സ്കൂളില്‍ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്ത് വിട്ടു.
ഒപ്പം കള്ളനെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചു. ദൃശ്യങ്ങളിൽ കാണുന്ന വ്യക്തിയെ പരിചയമുള്ളവരോ കണ്ടുമുട്ടുന്നവരോ എത്രയും വേഗം പോലീസിൽ വിവരം അറിയിക്കണമെന്നാണ് വിക്ടോറിയ പോലീസിന്‍റെ അഭ്യർത്ഥന. പോലീസ് റിപ്പോർട്ടുകൾ പ്രകാരം വെളുത്ത നിറമുള്ള ഇയാൾക്ക് ഏകദേശം 30 വയസ്സ് പ്രായം വരും. ഇടത്തരം ശരീരഘടനയും നീണ്ട കടും തവിട്ട് നിറത്തിലുള്ള മുടിയുമാണ്. മോഷണ സമയത്ത് ഇയാൾ ചുവപ്പും കറുപ്പും നിറമുള്ള ഹുഡ് ജമ്പറും, കറുപ്പ് നിറത്തിലുള്ള റണ്ണേഴ്‌സും, ചുവപ്പ് തലപ്പാവും നീല കയ്യുറകളും ധരിച്ചിരുന്നുവെന്നും പോലീസ് പറയുന്നു.